സ്വാമി വിവേകാനന്ദൻ

മാനവിക തത്ത്വശാസ്ത്രത്തിന്റെ ഏറ്റവും ശക്തനായ വക്താവും സാമൂഹിക പരിഷ്കർത്താവും

സ്വാമി വിവേകാനന്ദൻ (ഇംഗ്ലീഷ്: Swami Vivekananda; ബംഗാളി: স্বামী বিবেকানন্দ Shami Bibekanondo ; സംസ്കൃതം: स्वामी विवेकानन्द) (ജനുവരി 12, 1863 - ജൂലൈ 4, 1902) വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ ഏറ്റവും പ്രധാനിയായ ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമികളുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.

സ്വാമി വിവേകാനന്ദൻ

സ്വാമി വിവേകാനന്ദന്റെ മൊഴികൾ

തിരുത്തുക
  • "നമ്മുടെ പ്രയത്നങ്ങളുടെയെല്ലാം ലക്ഷ്യം കൂടുതൽ സ്വാതന്ത്ര്യമാണു്‌. കാരണം, പൂർണ്ണസ്വാതന്ത്ര്യത്തിൽ മാത്രമേ പരിപൂർണ്ണത ഉണ്ടാവാൻ തരമുള്ളൂ"
  • "ആദർശം താഴ്ത്താനും പാടില്ല, പ്രായോഗികത മറക്കുവാനും പാടില്ല. വമ്പിച്ച ആദർശനിഷ്ഠയും അതോടൊപ്പൊം പ്രായോഗികതയും സ്വജീവിതത്തിൽ സമ്മേളിപ്പിക്കാൻ ശ്രമിക്കണം"
  • "നാം കുട്ടിക്കാലം മുതൽക്കേ സദാസമയവും വെളിയിലുള്ള വല്ലതിനേയും കുറ്റം ചുമത്താനാണു്‌ യത്നിച്ചു കൊണ്ടിരിക്കുന്നതു്‌; നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണു നിലകൊള്ളുന്നതു്‌ , നമ്മെത്തന്നെയല്ല."
  • "പാപം എന്നൊന്നുണ്ടെന്നു്‌ വേദാന്തം സമ്മതിക്കില്ല;ശരിയാണു്‌. തെറ്റുകളിൽ വച്ചേറ്റവും വലിയതു ഞാൻ പാപി, ദു:ഖി എന്നിങ്ങനെ വിചാരിക്കുന്നതാണു്‌."
  • വിദ്യാഭ്യാസം മനുഷ്യരിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്കാരമാണ്-
  • മലബാറിൽ ഞാൻ കണ്ടതിനേക്കാൾ ഏറ്റവും വലിയ വിഡ്‌ഢിത്തം ഇതിനുമുമ്പ്‌ ലോകത്തിൽ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവർണ്ണർ നടക്കാറുള്ള തെരുവുകളിൽ പാവപ്പെട്ട പറയനു നടന്നുകൂടാ. പക്ഷേ മിശ്രമായ ഒരു ഇംഗ്ലീഷ്‌ നാമം, അല്ലെങ്കിൽ മുഹമ്മദീയ നാമം സ്വീകരിച്ചാൽ എല്ലാം ഭദ്രമായി. ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്‌. ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും.
  • അനുസരണ, സന്നദ്ധത, ലക്ഷ്യത്തിനോടുള്ള താത്പര്യം, എന്നിവ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ല
  • ആദ്യം തന്നിൽ തന്നെ വിശ്വാസമുള്ളവരാകുക, പിന്നെ ഈശ്വരനിലും.
  • സകലതിനെ പറ്റിയും പരിഹസിക്കുക - ഒന്നിനെ പറ്റിയും ഗൌരവമില്ലാതിരിക്കുക - ഈ മഹാ വ്യാധി നമ്മുടെ ദേശീയ രക്തത്തിൽ കടന്നു കൂടിയിരിക്കുന്നു അതിനു ഉടൻ ചികിത്സ ചെയ്യണം
  • ഞാൻ എന്റെ ജനതയ്ക്കായി ഏറ്റെടുത്ത ദൗത്യങ്ങളുടെ പൂർത്തീകരണത്തിനായി ആവശ്യമെങ്കിൽ ഇരുന്നൂറുതവണ ജനിക്കാൻ തയ്യാറാണ്.
  • ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ എന്റെ ആദർശം, ദൈവികതയെക്കുറിച്ചും അതെങ്ങനെ ജീവിതത്തിന്റെ ഓരോ നീക്കത്തിലും ആവിഷ്‌കരിക്കാമെന്നതിനെക്കുറിച്ചും മാനവരാശിയെ പ്രബോധിപ്പിക്കുക എന്നതാണ്.
  • മനുഷ്യനിൽ അന്തർലീനമായ ദൈവികതയുടെ ആവിഷ്‌കരണമാണ് മതം.
  • തത്ത്വങ്ങളിലല്ല പ്രയോഗത്തിലാണ് മതത്തിന്റെ രഹസ്യം അടങ്ങിയിട്ടുള്ളത്. നല്ലവനാവുക, നന്മചെയ്യുക - ഇതാണ് മതസർവസ്വം. മനുഷ്യൻ എല്ലാ മൃഗങ്ങളെക്കാളും എല്ലാ ദൈവദൂതന്മാരെക്കാളും ഉന്നതനാണ്. മനുഷ്യനെക്കാൾ ഉയർന്നവരായി ആരുമില്ല.
  • മൃഗീയതയിൽ നിന്ന് മനുഷ്യത്വത്തിലേക്കും മനുഷ്യത്വത്തിൽ നിന്ന് ദൈവികതയിലേക്കും ഉള്ള ഉയർച്ചയാണ് മതത്തിന്റെ ആദർശം.
  • രാഷ്ട്രീയവും സാമൂഹ്യവുമായ സ്വാതന്ത്ര്യം ഒരാൾ നേടിയിരിക്കാമെങ്കിലും അയാൾ തന്റെ ആഗ്രഹങ്ങളുടെയും വികാരങ്ങളുടെയും അടിമയാണെങ്കിൽ പരിശുദ്ധമായ സന്തോഷവും യഥാർഥ സ്വാതന്ത്ര്യവും അയാൾ അനുഭവിക്കുന്നില്ല.
  • ചുമരിനെ നോക്കൂ. ചുമർ എന്നെങ്കിലും കളവു പറഞ്ഞിട്ടുണ്ടോ? അതെന്നും ചുമർ മാത്രം. മനുഷ്യൻ കളവുപറയുകയും ദൈവമായിത്തീരുകയും ചെയ്യുന്നു. ഏറെ പണിപ്പെട്ട് ഞാൻ ഈ യാഥാർഥ്യം മനസ്സിലാക്കിയിരിക്കുന്നു!
  • ദൈവം എല്ലാ ജീവനിലും സാന്നിധ്യം ചെയ്യുന്നു, അതിനപ്പുറം ഒരു ദൈവവുമില്ല. ജീവസേവ നടത്തുന്നവർ ദൈവസേവയാണ് നടത്തുന്നത്.
  • നിങ്ങളുടെ മനസ്സിൽ നിന്ന് സഹായം എന്ന വാക്ക് വെട്ടിക്കളയുക. നിങ്ങൾക്ക് സഹായിക്കുവാനാവില്ല. അത് ദൈവനിന്ദയാണ്! നിങ്ങൾക്ക് ആരാധിക്കാം. നിങ്ങൾ ഒരു നായയ്ക്ക് അല്പം ഭക്ഷണം നല്കുമ്പോൾ നിങ്ങൾ ആ നായയെ ദൈവമായിക്കണ്ട് ആരാധിക്കണം. അവൻ എല്ലാമാണ്. അവൻ എല്ലാറ്റിലുമുണ്ട്.
  • എല്ലാം സത്യത്തിനു വേണ്ടി ത്യജിക്കാം. എന്നാൽ സത്യം ഒന്നിനും വേണ്ടി ത്യജിച്ചുകൂടാ.
  • നിസ്വാർഥതയാണ് ദൈവം. ഒരാൾ കൊട്ടാരത്തിലെ സിംഹാസനത്തിലിരിക്കുന്നവനായാലും നിസ്വാർഥിയാണെങ്കിൽ അദ്ദേഹം ദൈവമാണ്. മറ്റൊരാൾ കുടിലിൽ പരുക്കൻവസ്ത്രം ധരിച്ച് നിസ്വനായി കഴിയുകയാണെങ്കിലും സ്വാർഥിയാണെങ്കിൽ അയാൾ തികഞ്ഞ ലൗകികനാണ്.
  • 'ഞാൻ' എന്നതിനു പകരം 'അങ്ങ്' മാത്രമുള്ള ശാശ്വതവും പൂർണവുമായ ആത്മനിവേദനമാണ് ഏറ്റവും ഉന്നതമായ ആദർശം.
  • പാപം എന്നൊന്നുണ്ടെന്ന് വേദാന്തം സമ്മതിക്കില്ല;ശരിയാണ്. തെറ്റുകളിൽ വച്ചേറ്റവും വലിയത് ഞാൻ പാപി, ദു:ഖി എന്നിങ്ങനെ വിചാരിക്കുന്നതാണ്
  • സ്ത്രീകൾക്ക് യഥായോഗ്യം ആദരവ് നല്കിക്കൊണ്ടാണ് എല്ലാ രാഷ്ട്രങ്ങളും മഹത്ത്വം നേടിയത്. സ്ത്രീകളെ ആദരിക്കാത്ത രാജ്യമോ രാഷ്ട്രമോ ഒരിക്കലും മഹത്തായിത്തീരുകയില്ല.
  • ഇന്ത്യയെ സ്ഥിതിസമത്വപരമോ രാഷ്ട്രീയമോ ആയ ആശയങ്ങളാൽ നിറയ്ക്കുന്നതിനു മുൻപ് ഈ പ്രദേശത്തെ ആത്മീയ ആശയങ്ങളാൽ സംഭൃതമാക്കൂ.
  • ആരാണ് ലോകത്തിന് വെളിച്ചമെത്തിക്കുക? മുൻപ് ത്യാഗം കുറവായിരുന്നു. അത്ഭുതമെന്നു പറയട്ടെ, വരാനിരിക്കുന്ന കാലത്തും അതുതന്നെയാണ് സ്ഥിതി. എല്ലാവരുടെയും ക്ഷേമത്തിനും ധാരാളം പേരുടെ നന്മയ്ക്കുമായി ഭൂമിയിലെ മികവും ധൈര്യവുമുള്ളവർ സ്വയം ത്യാഗം വരിക്കേണ്ടതുണ്ട്.
  • എല്ലാ വികാസവും ജീവിതവും എല്ലാ സങ്കോചവും മരണവുമത്രെ.
  • സത്യം, പരിശുദ്ധി, നിസ്വാർഥത - ഈ മൂന്നുമുള്ളയാളെ തകർക്കാൻ സൂര്യനു കീഴെയോ ഉപരിയോ യാതൊരു ശക്തിയുമുണ്ടായിരിക്കുകയില്ല. ഇവയുള്ള വ്യക്തിക്ക് മുഴുവൻലോകത്തിന്റെയും എതിർപ്പിനെ നേരിടാനാവും.
  • ഇന്ത്യയുടെ ദേശീയ ആദർശം പരിത്യാഗവും സേവനവുമാണ്. ആ വഴിക്ക് അവളെ തീവ്രമാക്കൂ, ബാക്കിയെല്ലാം അതതിന്റെ വഴിക്ക് നടന്നുകൊള്ളും.
  • സദുദ്ദേശ്യവും ആത്മാർഥതയും അപരിമേയമായ സ്‌േനഹവുംകൊണ്ട് ലോകത്തെ കീഴടക്കാം. ഈ ഗുണങ്ങൾ ഉൾക്കൊള്ളുന്ന ഒരൊറ്റ വ്യക്തിക്ക് ദശലക്ഷക്കണക്കായ കാപട്യക്കാരുടെയും നിർദയരുടെയും ഇരുണ്ട പദ്ധതികളെ നശിപ്പിക്കുവാനാവും.
  • ഒരു ആശയം സ്വീകരിക്കുക. അതിനെക്കുറിച്ച് ചിന്തിച്ചും സ്വപ്‌നം കണ്ടും അത് നിങ്ങളുടെ ജീവിതമാക്കുക. മറ്റെല്ലാ ആശയങ്ങളും വിട്ട് അതിനെ സർവകോശങ്ങളിലും നിറയ്ക്കുക. ഇതാണ് വിജയത്തിലേക്കുള്ള മാർഗം.
  • എല്ലാ പ്രേമവും വികാസവും എല്ലാ സ്വാർഥവും സങ്കോചവുമാണ്. അതിനാൽ സ്‌നേഹമാണ് ജീവിതത്തിന്റെ ഏക നിയമം. സ്‌നേഹിക്കുന്നവൻ ജീവിക്കുന്നു, സ്വാർഥി മരിക്കുന്നു. അതിനാൽ സ്‌നേഹിക്കുവാനായി സ്‌നേഹിക്കുക; കാരണം, അത് ജീവിക്കുവാൻ ശ്വസിക്കുക എന്നതുപോലെ ജീവിതത്തിന്റെ നിയമമാണ്.
  • " നമ്മൾ നമ്മുടെ ചിന്തകളുടെ നിർമിതിയാണ്. അതുകൊണ്ട് ചിന്തിക്കുന്നതിനെ ക്കുറിച്ച്‌ സൂക്ഷ്മത പുലർത്തുക."

“ഒരു നക്ഷത്രത്തിനു താറുമാറാക്കാൻ കഴിയുന്നതാണ് എന്റെ ജീവിതമെങ്കിൽ അതിനു ഞാൻ ഒരു വിലയും കല്പിക്കുന്നില്ല. ജ്യോത്സവും അതുപോലുള്ള അത്ഭുതവിദ്യകളും പൊതുവേ ദുർബല മനസ്സുകളുടെ ലക്ഷണമാണ്.അവ നിങ്ങളുടെ മനസ്സിൽ - പ്രബലമാകുന്നു എന്ന് കണ്ടാൽ ഉടനെ ഒരു ഡോക്ടറെ കാണുകയും നല്ല ഭക്ഷണം കഴിച്ച് വിശ്രമിക്കുകയും വേണം.”

" ഇന്ത്യൻ ദരിദ്രരിൽ മഹാ ഭൂരിപക്ഷം - മുസ്ലീമായി തീർന്നതെന്തുകൊണ്ടാണ്...? - വാൾതലകെടാണ് അവരെല്ലാം - മുസ്ലീമായി തീർന്നതെന്ന് പറയുന്നതിലും വലിയ വിടുവായത്തമുണ്ടോ! ഭൂവുടമകളിൽ നിന്നും പുരോഹിതന്മാരിൽ നിന്നും സ്വാതന്ത്ര്യം നേടുവാനാണവർ ഇസ്ലാം മതം സ്വീകരിച്ചത്."


"മതത്തേപ്പോലെ മനുഷ്യന് അനുഗ്രഹങ്ങൾ നൽകിയ മറ്റൊന്നില്ല അതു പോലെ തന്നെ തീവ്രമായ നികൃഷ്ടത നൽകിയ മറ്റൊന്നില്ല; മതത്തേപ്പോലെ സമാധാനവും സ്നേഹവും മറ്റൊന്നും നൽകിയില്ല അതേ പോലെ ക്രൂരതയും പകയും മതത്തേപ്പോലെ മറ്റൊന്നും നൽകിയില്ല

സൗഹ്യദം ഏറ്റവും സ്പഷ്ടമാക്കിയത് മതമാണ് അതു പോലെ 

മനുഷ്യനും മനുഷ്യനും തമ്മിൽ കടുത്ത വിരോധം സൃഷ്ടിച്ചതും മതം തന്നെ മനുഷ്യനും ജന്തു ജാലങ്ങൾക്കും ആതുരാലയങ്ങളും ആശുപത്രികളും നൽകിയത് മതമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ചോര ഒഴുക്കിയതും മതം തന്നെ


ലോക മതസമ്മേളനത്തിൽ നടത്തിയ സ്വാമി വിവേകാനന്ദൻ രണ്ട് പ്രമുഖ പ്രസംഗങ്ങൾ

തിരുത്തുക
  • 1893 സപ്തംബർ 11

അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ, നിങ്ങൾ ഞങ്ങൾക്ക് നൽകിയ ഊഷ്മളവും ഹൃദ്യവുമായ സ്വീകരണത്തിന് നന്ദി പറയാൻ പറ്റാത്ത വിധം എന്റെ ഹൃദയം ആഹ്ലാദത്തിമിർപ്പിലാണ്. ലോകത്തെ ഏറ്റവും പൗരാണികമായ ഋഷിപരമ്പരയുടെ പേരിൽ, ഞാൻ നന്ദി പറയട്ടെ. എല്ലാ മതങ്ങളുടെയും മാതാവിന്റെ പേരിൽ ഞാൻ നന്ദി പറയട്ടെ. വിവിധ വർഗങ്ങളിലും വിഭാഗങ്ങളിലുമുള്ള ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പേരിൽ ഞാൻ നന്ദി പറയട്ടെ.

ക്ഷമാശീലവും പ്രാപഞ്ചിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച മതമാണെന്റേത് എന്നതിൽ എനിക്കഭിമാനമുണ്ട്. പ്രപഞ്ച സഹിഷ്ണുതയിൽ മാത്രമല്ല നാം വിശ്വസിക്കുന്നത്. എല്ലാ മതങ്ങളെയും സത്യമായി സ്വീകരിക്കുന്നു. എല്ലാ മതങ്ങളിലും പെട്ട, എല്ലാ രാജ്യങ്ങളിലുമുള്ള പീഡിതർക്കും അഭയാർഥികൾക്കും അത്താണിയായ രാജ്യമാണെന്റേത് എന്നതിൽ ഞാനഭിമാനിക്കുന്നു.

കുട്ടിക്കാലം തൊട്ട് ഞാൻ പാടിവരുന്ന, ഇന്നും ലക്ഷങ്ങൾ പാടുന്ന ഏതാനും വരികൾ ഞാൻ പാടാം: 'എല്ലാ നദികളും ഒടുവിൽ സമുദ്രത്തിൽ ചേരുന്നതുപോലെ മനുഷ്യൻ, വേഷമേതായാലും, മട്ടെന്തായാലും, ദൈവത്തിൽചേരുന്നു' ഇന്നത്തെ ഈ സമ്മേളനംതന്നെ ലോകത്തിന് നൽകുന്ന സന്ദേശമിതാണ് ഗീത നൽകുന്ന സന്ദേശം. 'എന്റെയടുത്ത് വരുന്നവരാരായാലും ഏതു രൂപത്തിലായാലും ഞാനവരിലെത്തുന്നു; ഏതു വഴികളിൽ ഉഴറിയെത്തുന്ന മനുഷ്യനും ഒടുക്കം എന്നിലെത്തുന്നു.

  • 1893 സപ്തംബർ 15

ഞാനൊരു കൊച്ചു കഥ പറയാം: പണ്ട്, ഒരു കിണറ്റിൽ ഒരു തവളയുണ്ടായിരുന്നു. ഒരുപാട് കാലമായി ആ കിണറ്റിലാണ് തവള താമസിച്ചിരുന്നത്. അവിടെ ജനിച്ചുവളർന്ന തവള. ഒരു കൊച്ചുതവള. ഒരു ദിവസം കടലിൽ ജനിച്ചുവളർന്ന മറ്റൊരു തവള യാദൃച്ഛികമായി ഈ കിണറ്റിൽ വന്നുപെട്ടു. നമ്മുടെ തവള ചോദിച്ചു: 'നീയെവിടുന്നാ?' 'കടലിൽനിന്ന്'. 'കടലോ? അതെത്രത്തോളം കാണും? എന്റെയീ കിണറോളം വലുതാണോ?' കിണറിന്റെ ഒരറ്റത്തുനിന്ന് മറ്റൊരിടത്തേക്ക് ചാടി, നമ്മുടെ തവള ചോദിച്ചു. വന്ന തവള ചിരിച്ചു. 'എന്റെ ചങ്ങാതീ, കടലിനെയും ഈ ചെറു കിണറിനെയും എങ്ങനെയാ താരതമ്യം ചെയ്യുക?' നമ്മുടെ തവള ഒരു ചാട്ടം കൂടി ചാടി ചോദിച്ചു: 'അത്രയും വലുതാണോ കടൽ?' 'നീയെന്ത് വിഡ്ഢിത്തമാ പറയുന്നത്. കടലും കിണറും തമ്മിൽ എന്തു താരതമ്യം?' 'ശരി ശരി. ഈ കിണറിനെക്കാൾ വലുതായി ഒന്നുമുണ്ടാവില്ല. എനിക്കറിയാം. നീ നുണ പറയുകയാ.' എല്ലാ കാലത്തേയും പ്രധാന കുഴപ്പമാണിത്. ഞാനൊരു ഹിന്ദുവാണ്. ഞാനെന്റെ കൊച്ചുകിണറ്റിലിരുന്ന് ഇതാണ് ലോകമെന്ന് കരുതുന്നു. ഒരു ക്രിസ്ത്യാനി സ്വന്തം കിണറ്റിലിരുന്ന് അതാണ് ലോകമെന്ന് ചിന്തിക്കുന്നു. ഒരു മുഹമ്മദീയൻ സ്വന്തം കിണറാണ് ലോകമെന്ന് കരുതുന്നു. ഈ കൊച്ചുലോകങ്ങളുടെ അതിരുകൾ തകർക്കാൻ കാട്ടിയ മഹത്തായ ശ്രമത്തിന് ഞാൻ അമേരിക്കക്കാരായ നിങ്ങൾക്ക് നന്ദി പറയുന്നു. ഈ ലക്ഷ്യം നേടാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

  • ഷിക്കാഗോ സമ്മേളനത്തെപ്പറ്റി എഴുതിയത്:

രാവിലെതന്നെ ഞങ്ങൾ പാർലമെന്റിലെത്തി. ചെറുതും വലുതുമായ രണ്ട് ഹാളുകൾ അവിടെ ഒരുക്കിയിരുന്നു. ഏതാണ്ട് എല്ലാ രാജ്യങ്ങളിൽനിന്നും പ്രതിനിധികൾ എത്തിയിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ബ്രഹ്മസമാജത്തിൽനിന്നും മജുംദാർ, നഗാർക്കർ, ജൈനമതത്തിൽനിന്നും മി. ഗാന്ധി, തിയോസഫിയിൽനിന്നും ആനിബസന്റിനൊപ്പം മി. ചക്രവർത്തി എന്നിവരുണ്ട്. മജുംദാർ എന്റെ പഴയ സുഹൃത്താണ്. ചക്രവർത്തിക്ക് എന്നെപ്പറ്റി കേട്ടറിയാം. ഞങ്ങളെല്ലാവരും പ്രസംഗവേദിയിലെത്തി. ചുറ്റും സംസ്‌കാരസമ്പന്നരായ പുരുഷാരം. ഏതാണ്ട് ഏഴായിരത്തോളം നസ്ര്തിപുരുഷന്മാരുണ്ടാവും സദസ്സിൽ. ജീവിതത്തിലൊരിക്കലും പൊതുവേദിയിൽ പ്രസംഗിച്ചിട്ടില്ലാത്ത ഞാൻ ഈ വലിയ സദസ്സിൽ പ്രസംഗിക്കാൻ പോകുന്നു! സംഗീതത്തിന്റെ അകമ്പടിയോടെ ആഘോഷപൂർണമായി സമ്മേളനം തുടങ്ങി. ഓരോരുത്തരായി പ്രസംഗവേദിയിലേക്ക് ക്ഷണിക്കപ്പെട്ടു. എന്റെ ഊഴം അടുക്കുംതോറും എനിക്ക് ഹൃദയമിടിപ്പ് കൂടിവന്നു. നാവ് വരണ്ടു. രാവിലത്തെ സെക്ഷനിൽ പ്രസംഗിക്കാൻ കഴിയില്ലെന്നുതന്നെ ഞാൻ കരുതി. മജുംദാറും ചക്രവർത്തിയും ചെയ്ത പ്രസംഗങ്ങൾ മനോഹരങ്ങളായിരുന്നു. നിറയെ കൈയടിയും നേടി. അവരൊക്കെ നന്നായി പഠിച്ചിട്ടാണ് വന്നത്. റെഡിമെയ്ഡ് പ്രസംഗങ്ങൾ. ഞാനെന്തൊരു വിഡ്ഢിയായിപ്പോയി! ഡോ. ബാരോ എന്റെ പേര് വിളിച്ചു. എനിക്ക് വേറൊന്നും ചെയ്യാനില്ല. സരസ്വതീദേവിയെ മനസ്സിൽ സ്തുതിച്ച് ഞാൻ പ്രസംഗപീഠത്തിനടുത്തേക്ക് നീങ്ങി. ഒരു കൊച്ചു പ്രസംഗം...... പ്രസംഗം കഴിഞ്ഞപ്പോൾ ഞാൻ ആകെ പരവശനായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=സ്വാമി_വിവേകാനന്ദൻ&oldid=21551" എന്ന താളിൽനിന്ന് ശേഖരിച്ചത്