സെൻ - ഹീനയാനബുദ്ധമത്തിന്റെ ഒരു വകഭേദം. ധ്യാനം എന്ന സംസ്കൃതപദമാണ്‌ ചൈനയിലെത്തി ചാൻ എന്നാകുന്നതും ജപ്പാനിൽ വന്ന് സെൻ ആകുന്നതും. ഗ്രന്ഥങ്ങളെ മാനിക്കാതെ, ആത്മധ്യാനത്തിലൂടെ, ധർമ്മാചരണത്തിലൂടെ ആത്മസാക്ഷാല്ക്കാരം സാധിക്കുക എന്നതാണ്‌ ലക്ഷ്യം. പൊടുന്നനേയുള്ള പ്രത്യക്ഷാനുഭവമാണ്‌ അതിന്റെ വഴി. ഏഴാം നൂറ്റാണ്ടിൽ ചൈനയിലെത്തിയ ബോധിധർമ്മൻ എന്ന പല്ലവരാജവംശത്തിൽപ്പെട്ട ബുദ്ധഭിക്ഷുവാണ്‌ സെൻ മാർഗ്ഗത്തിന്റെ ഉപജ്ഞാതാവ്.

ബോധിധർമ്മൻ

1

ശിഷ്യൻ: എന്താണു ബുദ്ധൻ?

ഗുരു: എന്താണു ബുദ്ധനല്ലാതെ?


2


ഒരു സ്ത്രീ ചോദിച്ചു: ‘കർമ്മഭാരം കൂടുതലായതിനാൽ സ്ത്രീകൾക്കു നിർവാണം കിട്ടുക ദുഷ്കരമാണെന്നു പറയുന്നു. അതു ശരിയാണോ?’

‘ഏതു കാലം മുതലാണു നിങ്ങൾ സ്ത്രീയായത്?’ ഗുരു ചോദിച്ചു.


3


ശിഷ്യൻ: ’ഭിക്ഷക്കാരൻ വരുമ്പോൾ അയാൾക്കെന്തു കൊടുക്കണം?‘

ഗുരു: ’അയാൾക്കൊന്നിന്റെയും കുറവില്ലല്ലോ.‘


4


അറിവുള്ളവൻ വഴി കണ്ടില്ല,

ഭ്രമിച്ചവൻ വഴിയും കണ്ടു.

സുഖമായിട്ടുറങ്ങുന്നവനറിയില്ല,

ഏതു ശരി, ഏതു തെറ്റെന്ന്.


5


കാണുന്നതിലില്ല വഴി; കാണാത്തതിലുമതില്ല.

അറിഞ്ഞതിലില്ലത്, അറിയാത്തതിലുമില്ലത്.

അതിനെ അന്വേഷിച്ചുപോകരുത്, അതിനെക്കുറിച്ചു പഠിക്കരുത്,

അതിനു പേരും കൊടുക്കരുത്.

ആകാശം പോലെ വിസ്തൃതമായി നീ സ്വയം തുറക്കൂ,

എങ്കിൽ നീ നിന്നെ ആ വഴിയിൽ കാണും.


6


ഒരു ഭിക്ഷുവിന്റെ ശവമഞ്ചവുമെടുത്ത് ശ്മശാനത്തിലേക്കു പോകുമ്പോൾ ഗുരു ഇങ്ങനെ പറഞ്ഞൂ:

’ജീവനുള്ള ഒരുത്തന്റെ പിന്നാലെ എത്ര ശവങ്ങളാണു നടക്കുന്നതെന്നു നോക്കൂ!‘


7

ശിഷ്യൻ ചോദിച്ചു ’ബോധോദയമെന്നാൽ എന്താണു ഗുരോ?‘

ഗുരു പറഞ്ഞു ’വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക, ക്ഷീണിക്കുമ്പോൾ കിടന്നുറങ്ങുക, അതു തന്നെ.‘


8


മറുകരെ നില്ക്കുന്ന ഗുരുവിനെ നോക്കി ശിഷ്യൻ വിളിച്ചുചോദിച്ചു, ’അക്കരെ ഞാനെങ്ങനെയെത്തും, ഗുരോ?‘

’നീ അക്കരെത്തന്നെയാണല്ലോ, മകനേ!‘ ഗുരു പറഞ്ഞു.


9


തന്റേതെന്നു പറയാനൊരിടവുമില്ലെന്നാണു

നിങ്ങൾ തീർച്ചയാക്കിയിരിക്കുന്നതെങ്കിൽ

നിങ്ങൾ പോകുന്നതെവിടെയ്ക്കായാലും

നിങ്ങൾക്കുള്ള വീടു തന്നെയത്.


10


വക്കു പൊട്ടിയ കിണ്ണവും പിഞ്ഞിക്കീറിയ തുണിയുമായി

ജീവിതം സുഖമായൊഴുകുന്നു.

ആരവം കൊണ്ട ലോകത്തിനാരു കാതോർക്കുന്നു?

വിശപ്പും ദാഹവുമകറ്റുക: അതേ എനിക്കുന്നം.


11


എന്തിനു നിയമത്തിനടിമയാവണം?

പൊൻതുടൽ പൊട്ടിച്ചെറിഞ്ഞു

മനക്കരുത്തോടിറങ്ങെന്നേ,

അസ്തമയപ്രഭയിലേക്ക്.


12


വാസനിക്കുന്ന വസന്തത്തിന്റെ മുപ്പതു നാൾ

നാടോടിത്തേനീച്ച പൂക്കൾ കുഴിച്ചുകുഴിച്ചു നടക്കും;

ആ പരിമളമൊക്കെയും തേനറകളിൽ സുരക്ഷിതമായിരിക്കെ

പൂവിതളുകൾ കൊഴിഞ്ഞു വീഴുന്നതെവിടെ?


13


കാതുകൾ കേൾക്കുന്നു

കണ്ണുകൾ കാണുന്നു

മനസ്സിനെന്തു

പണി പിന്നെ?


14


നിങ്ങളൊന്നിനെ

ഉന്നം വയ്ക്കുമ്പോൾ

അതിൽ നിന്നു മാറി-

പ്പോകുന്നു നിങ്ങൾ.


15


കേൾക്കുമ്പോൾ

കാണുന്നു ഞാൻ

കാണുമ്പോൾ

കേൾക്കുന്നു ഞാൻ.

EnsoZen

16


സ്വന്തം ലോകം കണ്ടെത്തുക

അതു നിന്റെ കർമ്മം;

അതിൽ സ്വയം സമർപ്പിക്കുക

അതു നിന്റെ ധർമ്മം.


17


വലിയ സംശയമുള്ളിടത്ത്‌

വലിയ ഉണർച്ച,

ചെറിയ സംശയം

ചെറിയ ഉണർച്ച,

സംശയമേയില്ല

ഉണർച്ചയുമില്ല.


18


നിത്യജീവിതം വരിഞ്ഞുകെട്ടാൻ

നിന്നുകൊടുക്കരുത്‌;

അതിൽ നിന്നു വിട്ടുപോകാൻ

നോക്കുകയുമരുത്‌.


19


നിങ്ങളിൽ നിന്നതു

കിട്ടുകയില്ലെങ്കിൽ

അതിനെത്തേടിയെവിടെ-

പ്പോകാൻ നിങ്ങൾ?


20


കരുണയുള്ളവനായിരിക്കുക

സാധ്യമാകുമ്പൊഴൊക്കെയും;

സാധ്യമാണതെപ്പൊഴും.


21


ഇളകാത്ത മനസ്സിൻ മുന്നിൽ

അടിപണിയുന്നു സർവ്വതും.


22


പരിപൂർണ്ണമാണു സർവ്വതും

ഒന്നു മിനുക്കുകയേ വേണ്ടു.


23


പറഞ്ഞ പണി ചെയ്യുക

പിന്നെ മാറി നിൽക്കുക-

മനശ്ശാന്തിക്കതു വഴി.


24


നാമെന്നും നിൽക്കുന്നിടത്തു നിന്നൊരു

പോക്കാണു യാത്രയെങ്കിൽ

ചില നിമിഷങ്ങൾ മതി

നമുക്കൊന്നു പോയിവരാൻ.


25


നൂറുനാഴികയാത്രയിൽ

തൊണ്ണൂറുനാഴിക പാതിവഴി.


26


അഭ്യാസത്തിനു തുടക്കമില്ല

ബോധോദയത്തിനൊടുക്കമില്ല , ബോധോദയത്തിനു തുടക്കമില്ല

അഭ്യാസത്തിനൊടുക്കവുമില്ല.


27


ഈ ലോകമേതുപോലെ?

കൊറ്റി കൊക്കു കുടഞ്ഞപ്പോൾ

തെറിച്ചുവീണ മഞ്ഞുതുള്ളിയിൽ

പ്രതിഫലിച്ച നിലാവു പോലെ.


28


എവിടുന്നു വന്നു ബുദ്ധൻ,

എവിടെയ്ക്കു പോകുന്നു ബുദ്ധൻ?

എവിടെയുമുണ്ടു ബുദ്ധനെങ്കിൽ

എവിടെക്കാണും ബുദ്ധനെ?

"https://ml.wikiquote.org/w/index.php?title=സെൻ_വചനങ്ങൾ&oldid=14778" എന്ന താളിൽനിന്ന് ശേഖരിച്ചത്