സന്ദേശം (ചലച്ചിത്രം)
1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സന്ദേശം.
- സംവിധാനം: സത്യൻ അന്തിക്കാട്. രചന: ശ്രീനിവാസൻ.
യശ്വന്ത് സഹായി
തിരുത്തുക- ഹം കോ പീനെ കേ ലിയേ നാരിയൽ കാ പാനി ലാവോ.
- ചുപ്. മേനേ സോച്ചാ കി കേരൾ മേ ബുദ്ധിമാൻ കാ ലോഗ് രഹ്തേ ഹേ. മഗർ അഭി മാലും പടാ, മേനേ ഗലത് സംഝാ ഹൂം. ഹമാരാ രാഷ്ട്രഭാഷ ഹിന്ദി ഹേ. തും ലോഗ് ഹിന്ദി സീഖോ. നഹീ തോ കിസി കോ ചുട്കാരാ നഹീ പാ സക്താ. ജിൻ ലോഗോ കോ ഹിന്ദി നഹീ മാലും ഉൻ ലോഗോ കോ ഹമാരാ സർക്കാർ നൗക്കിരി നഹീ ദേഗി. ഓർ യാദ് രഖോ. കോയി ബച്ചാ ലേക്കർ ബോംബെ മേ ആത്തേ തോ, മാർ കരേംഗേ. സംഝാ. സമ്പൂർണ്ണ ചാച്ചരതാ... ബന്ദർ കാ ബച്ചേ...
സംഭാഷണങ്ങൾ
തിരുത്തുക- കുമാരൻ പിള്ള: താത്വികമായ ഒരു അവലോകനമാണു ഞാൻ ഉദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും, അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ. ഒന്ന്, ബൂർഷ്വാസികളും തക്കം പാർത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തിരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്നം.
- ഉത്തമൻ: മനസ്സിലായില്ല.
- കുമാരൻ പിള്ള: അതായത് വർഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും; റാഡിക്കലായിട്ടുള്ളൊരു ഒരു മാറ്റമല്ല. ഇപ്പോ മനസ്സിലായോ?
- ഉത്തമൻ: എന്തുകൊണ്ട് നമ്മൾ തോറ്റു എന്നുള്ളത് ലളിതമായിട്ടങ്ങു പറഞ്ഞാൽ എന്താ? ഈ പ്രതിക്രിയാവാതകവും കൊളോണിയലിസവും എന്നൊക്കെ പറഞ്ഞ് വെറുതെ കൺഫ്യൂഷനുണ്ടാക്കുന്നതെന്തിനാ?
- പ്രഭാകരൻ: ഉത്തമാ, മിണ്ടാതിരിക്ക്. സ്റ്റഡി ക്ലാസിനൊന്നും കൃത്യമായി വരാത്തതുകൊണ്ടാ നിനക്കൊന്നും മനസ്സിലാവാത്തത്.
- ഉത്തമൻ: കോട്ടപ്പള്ളിക്ക് മനസ്സിലായോ? എങ്കിലൊന്ന് പറഞ്ഞുതന്നാട്ടേ. നമ്മൾ എന്തുകൊണ്ട് തോറ്റു?
- പ്രഭാകരൻ: കുമാരൻ പിള്ള സാർ നമ്മുടെ താത്വികാചാര്യനാണ്. തൽക്കാലം അദ്ദേഹം പറയുന്നത് നമ്മൾ കേട്ടാൽ മതി.
- കുമാരൻ പിള്ള: എടോ ഉത്തമാ. ഉൾപാർട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട്, ശരിയാ. നമ്മളെല്ലാവരും ഒരുമിച്ചിരുന്ന് ദിനേശ് ബീഡി വലിക്കുന്നതും അതുകൊണ്ടാ. എന്നുവച്ച് പാർട്ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യരുത്. മനസ്സിലായോ?
ഒരു കാര്യം ഞാൻ പറയട്ടെ? കുമാരൻ പിള്ള: പറയൂ. നമ്മുടെ പാർട്ടിക്ക് അടിത്തറയില്ല.
- പ്രഭാകരൻ: ങേ!
- മെമ്പർ: പണ്ടൊക്കെ നമ്മുടെ പാർട്ടീന്ന് പറഞ്ഞാൽ, നാട്ടിലാരെങ്കിലും മരിച്ചാൽ അവിടോടിയെത്തി വിറകു വെട്ടിക്കൊടുക്കും, കുഴി വെട്ടിക്കൊടുക്കും. ഒരു വീട്ടിലൊരു കല്ല്യാണം വന്നാൽ ആദ്യാവസാനം നമ്മളവിടുണ്ടാകും. ഡോക്ടറെ വിളിക്കാനും രോഗിയെ ആസ്പത്രിയിലെത്തിക്കാനും മുൻപന്തിയിൽ കാണും. ഇപ്പഴതൊന്നുമില്ലാ, അതുകൊണ്ടാ ഞാൻ പറഞ്ഞത് RDPക്ക് അടിത്തറയില്ലാ എന്ന്.
- പ്രഭാകരൻ: നിങ്ങളോടവിടിരിക്കാനാ പറഞ്ഞത്.
- കുമാരൻ പിള്ള: അച്ചടക്കമില്ലാതെ പെരുമാറിയാൽ അറിയാല്ലോ? ഞങ്ങളതു പഠിപ്പിക്കും!
- കുമാരൻ പിള്ള: ക്രീയാത്മകമായ ഈ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ് വന്ന ഒരു കാര്യം ഞാൻ പറയാം, ഒന്ന് INSP അതായത് നമ്മുടെ പ്രധാന എതിരാളി. അവരിൽചില കൊള്ളാവുന്ന ചെറുപ്പക്കാർ ഗംഗത്ത് വന്നിട്ടുണ്ട്. ആളുകൾക്കവരോട് വല്ല്യ മതിപ്പാ! ആ മതിപ്പ് പൊളിക്കുയാണ് നമ്മൾ ചെയ്യേണ്ടത്.
- കുമാരൻ പിള്ള: ഏതെങ്കിലും രീതിയിൽ വല്ല പെണ്ണുകേസിലോ, ഗർഭക്കേസിലോ അവരെപെടുത്തി നാറ്റിക്കുകയാണ് ചെയ്യേണ്ടത്. ജനങ്ങളവരെ കാർക്കിച്ച് തുപ്പുന്നൊരു പരിതസ്ഥിതിയിലെത്തിച്ചാൽ നമ്മൾ ജയിച്ചു! ആറുമാസത്തിനുള്ളിൽ നമുക്ക് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാം.
- കുമാരൻ പിള്ള: പരിപ്പുവടയെവിടെടോ?
- ചായക്കടക്കാരൻ: ഇന്ന് പരിപ്പുവടയുണ്ടാക്കിയില്ല സാർ.
- കുമാരൻ പിള്ള: ങേ പരിപ്പുവടയുണ്ടാക്കിയില്ലേ?
- കുമാരൻ പിള്ള: ടോ, പരിപ്പുവടയും ചായയും ബീഡിയുമാണ് ഞങ്ങടെ പാർട്ടിയുടെ പ്രധാന ഭക്ഷണമെന്ന് തനിക്കറിഞ്ഞുകൂടെ? എടുക്ക് എടുക്ക് എടുക്കാ, പോയി പരിപ്പുവടയുണ്ടാക്കി കൊണ്ടുവരികാ!
- പ്രഭാകരൻ: ആരും അത്ര നിഗളിക്കുകയൊന്നും വേണ്ട. ഐ.എം.എഫുകാർ നമ്മളെയൊക്കെ ഇപ്പം അറസ്റ്റ് ചെയ്യാൻ വരും.
- രാഘവൻ നായർ: എന്തിന്?
- പ്രഭാകരൻ: ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ നിന്ന് നമ്മുടെയൊക്കെ തലയെണ്ണി കടം വാങ്ങിച്ചിരിക്കുകയല്ലേ, അച്ഛാ?
- പ്രകാശൻ: അച്ഛാ, ഇവിടെ ആരും ആരേയും അറസ്റ്റ് ചെയ്യാനൊന്നും പോകുന്നില്ല. ഐ.എം.എഫുകാർക്ക് ഞങ്ങൾ കൃത്യമായിട്ട് പലിശ കൊടുക്കുന്നുണ്ടല്ലോ.
- പ്രഭാകരൻ: അതിന് ടൺ കണക്കിന് സ്വർണ്ണം വിദേശത്ത് കൊണ്ടുപോയി പണയം വച്ചില്ലേ?
- പ്രകാശൻ: അതിൽ ഭരണഘടനാവിരുദ്ധമായിട്ട് ഒന്നുമില്ലല്ലോ. ഇത്രയിത്ര സ്വർണ്ണം വിദേശത്ത് നിക്ഷേപിക്കാമെന്ന് വ്യവസ്ഥയുണ്ട്.
- പ്രഭാകരൻ: വ്യവസ്ഥ! ഇങ്ങനെ പോയാൽ നാളെ നമ്മുടെ പാവപ്പെട്ട സഹോദരിമാർക്ക് കല്യാണം കഴിക്കാനും കഴുത്തിലണിയാനും ആഭരണങ്ങൾക്ക് വിദേശത്ത് പോകേണ്ടി വരുമല്ലോ.
- പ്രകാശൻ: അച്ഛാ, അങ്ങനെ നിർബന്ധമുള്ളവർ പോയി മേടിക്കട്ടെ.
- പ്രഭാകരൻ: പിന്നെ, രൂപയുടെ മൂല്യം കുറച്ചത് കാരണം ഇവിടെ സാധാരണക്കാരായ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്. അതറിയോ അച്ഛന്?
- രാഘവൻ നായർ: ആ... ഞാൻ കേട്ടു.
- പ്രകാശൻ: അച്ഛാ, മൂല്യം കുറച്ചത് നല്ലതിനാ. അതിനനുസരിച്ച് ഇവിടെ ഡോളർ കുന്നുകൂടും. വ്യവസായശാലകൾ ഉയരും. അഞ്ചു വർഷം കൊണ്ട് നമ്മുടെ രാജ്യം ഒരു ഹരിത സ്വർഗ്ഗഭൂമിയാവും.
- പ്രഭാകരൻ: ആറു മാസം കൊണ്ട് ഈ ഗവൺമെന്റ് മൂക്കും കുത്തി താഴെ വീഴും.
- പ്രകാശൻ: വായും പൊളിച്ചിരുന്നാൽ മതി. അങ്ങാടിയിൽ തോറ്റതിന് അമ്മയുടെയടുത്ത് കുതിരകയറുന്നതെന്തിനാ.
- ഭാനുമതി: പ്രകാശാ...
- പ്രകാശൻ: അമ്മയൊന്നു മിണ്ടാതിരുന്നേ. ഞങ്ങൾ ജയിച്ചതേ, ജനങ്ങൾക്ക് ഞങ്ങളെ വേണമെന്നുള്ളതുകൊണ്ടാ.
- പ്രഭാകരൻ: ഓ... പിന്നെ! വലിയ ആനകാര്യങ്ങളാണല്ലോ നിങ്ങൾ ചെയ്തുകൂട്ടിയത്. നിക്കാരഗ്വയിലെ ഒട്ടാഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക ഒരു പാവ ഗവൺമെന്റിനെ സൃഷ്ടിച്ചു. റൊമാനിയയിലും മറ്റൊന്നല്ല സംഭവിച്ചത്. ജർമ്മനിയെ നിങ്ങൾ തകർത്തു. പക്ഷേ, വിയറ്റ്നാമിലെയും കമ്പോഡിയയിലെയും വടക്കൻ കൊറിയയിലെയും ജനങ്ങൾ ഞങ്ങളുടെ ആവേശമാണെന്ന് നീ മനസ്സിലാക്കിയില്ല.
- പ്രകാശൻ: ഇവിടത്തെ കാര്യം പറയുമ്പോൾ എന്തിനാ അന്താരാഷ്ട്രത്തിലേക്ക് ഓടുന്നത്.
- പ്രഭാകരൻ: മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ. ഇന്റർനാഷണൽ പൊളിറ്റിക്സിനെ പറ്റി ഒന്നുമറിയില്ലെങ്കിൽ ചിലക്കാതെ ഒരിടത്തിരുന്നോ.
- പ്രകാശൻ: അറിയില്ലെന്നോ? ചോദിക്ക്, ഞാൻ പറയാം. ഹംഗറിയിലെന്ത് സംഭവിച്ചു? മൂരാച്ചിയെന്ന് മുദ്ര കുത്തപ്പെട്ട് നാൽപത് കൊല്ലം കുറ്റവാളിയായി ശവപ്പെട്ടിയിൽ കിടന്ന നേതാവിനെ, സത്യം മനസ്സിലാക്കി ജനങ്ങൾ പുറത്തെടുത്തു കൊണ്ടുവന്ന് ആദരിച്ചില്ലേ, മനുഷ്യാ? ഇനിയും ചോദിക്ക്, പറയാം. പോളണ്ടിലെന്ത് സംഭവിച്ചു?
- പ്രഭാകരൻ: പോളണ്ടിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്. എനിക്കതിഷ്ടമല്ല.
- പ്രകാശൻ: സോളിഡാരിറ്റിയും ലാവലൈസും കൂടി കുതിച്ചുകയറി അടിയറവ് പറയിപ്പിച്ചില്ലേ?
- പ്രഭാകരൻ: പോളണ്ടിനെ പറ്റി ഇനി നീ മിണ്ടിപ്പോയാൽ ഞാൻ സഹിക്കില്ല.
- പ്രകാശൻ: പോളണ്ടെന്താ ഇയാളുടെ തറവാട് സ്വത്തോ?
- പ്രഭാകരൻ: പോളണ്ടെന്ന് ഉച്ചരിച്ചാലുണ്ടല്ലോ...
- പ്രകാശൻ: ഉച്ചരിച്ചാലെന്തു ചെയ്യും?
- പ്രഭാകരൻ: ഉച്ചരിച്ചു നോക്ക്. അപ്പോൾ കാണാം.
- രാഘവൻ നായർ: പ്രകാശാ നീ പോ. നീ പോ. നീയവിടെയിരിക്ക്. ഊണ് കഴിക്ക്.
- പ്രഭാകരൻ: വേണ്ടച്ഛാ, ശരിയാവില്ല.
- അച്യുതൻ നായർ: ശരിക്കു നോക്കിക്കോളൂ. പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ. പാർട്ടിക്കാര്യം മിണ്ടരുത്. വക്കീലാണ്, കോടതിയിൽ പോവും എന്നൊക്കെ പറഞ്ഞിട്ടുള്ളത്.
- പ്രഭാകരൻ: അങ്ങനെ നുണ പറയേണ്ട കാര്യമൊന്നും എനിക്കില്ല.
- പെണ്ണിന്റെ അച്ഛൻ: എന്താ?
- അച്യുതൻ നായർ: ഒന്നുമില്ല. ചില കോടതിക്കാര്യങ്ങൾ പറയുകയായിരുന്നു.
- പ്രഭാകരൻ: അല്ല. റെവല്യൂഷനറി ഡെമോക്രാറ്റിക് പാർട്ടിയിലെ ഒരു ബുദ്ധിജീവിയാണ് ഞാൻ.
- അച്യുതൻ നായർ: ഒരു തമാശയ്ക്ക്... സൈഡായിട്ട്... ഇണ്ട്.
- പ്രഭാകരൻ: തമാശയ്ക്കോ? പാർട്ടി എന്റെ ജീവാത്മാവും പരമാത്മാവുമാണ്. എനിക്ക് പെൺകുട്ടിയോട് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. അദ്ധ്വാനിക്കുന്ന തൊഴിലാളവർഗ്ഗത്തിന്റെ മോചനത്തിന് വേണ്ടി തോളോടുതോളുചേർന്ന് പ്രവർത്തിക്കാൻ തയ്യാറുണ്ടോ? പറയൂ... വേണ്ട, ഞാൻ തയ്യാറെടുപ്പിച്ചോളാം. കുട്ടിയുടെ സാമൂഹ്യബോധം എനിക്കൊന്ന് പരിശോധിക്കണം. ബൂർഷ്വാസി കം സലിം എന്നുപറയുന്ന പുസ്തകം വായിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ഡൗൺട്രോഡൻ, എ ക്വസ്റ്റ്യൻ മാർക്ക്. ആൽഡസ് ഹക്സിലിയുടെ പുസ്തകം. അതുമല്ലെങ്കിൽ ദാസ് ക്യാപ്പിറ്റൽ? എന്താ വായനാശീലം ഇല്ലേ?
- പെണ്ണിന്റെ അച്ഛൻ: അതൊക്കെയുണ്ട്. മംഗളം വാരികയിലും മനോരമയിലും വരുന്ന മിക്ക നോവലുകളും ഇവിടെ ഞങ്ങളെല്ലാവരും വായിക്കാറുണ്ട്.
- പ്രഭാകരൻ: അത്രേയുള്ളൂ? ശരി. വായിച്ച നോവലുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട നോവലേതാണ്?
- പെണ്ണിന്റെ അച്ഛൻ: ഏതാ മോളേ?
- പെണ്ണ്: അത്...
- പ്രഭാകരൻ: അത്?
- പെണ്ണിന്റെ അച്ഛൻ: ഏതായാലും പറഞ്ഞേക്ക്.
- പെണ്ണ്: ഏറ്റവും ഇഷ്ടപ്പെട്ടത് മനോരമയിലെ ഹവ്വാ ബീച്ച്.
- പ്രഭാകരൻ: ഹവ്വാ ബീച്ചോ? അതെന്ത് ബീച്ചാണ്?
- അച്യുതൻ നായർ: അതേതെങ്കിലും ഫോറിൻ ബീച്ചായിരിക്കും.
- പെണ്ണിന്റെ അച്ഛൻ: കോട്ടയം പുഷ്പനാഥിനെയും മാത്യു മറ്റത്തിനെയും മോൾക്ക് വല്യ ഇഷ്ടാ.
- പ്രഭാകരൻ: ഇഷ്ടം എന്ന് പറഞ്ഞാൽ... അത് സാരമില്ല. എനിക്ക് ചില നിബന്ധനകൾ മുൻപോട്ട് വയ്ക്കാനുണ്ട്. കല്യാണത്തിന്, ആർഭാടങ്ങളൊന്നും പാടില്ല. ഞങ്ങളുടെ പാർട്ടി ആപ്പീസിൽ വച്ച് വളരെ ലളിതമായൊരു ചടങ്ങ്. ഞാനൊരു രക്തഹാരം അങ്ങോട്ടണിയിക്കും. കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കും. അതിനുശേഷം അരമണിക്കൂർ നേരം ഞങ്ങളുടെ പാർട്ടി പ്രവർത്തകർ ഞങ്ങളുടെ പാർട്ടി സൂക്തങ്ങൾ ഉറക്കെ ചൊല്ലും. പിന്നെ ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം. ചടങ്ങ് തീർന്നു. ഞാനധികവും അണ്ടർഗ്രൗണ്ടിലായിരിക്കും. ഒളിവിൽ. ശ്രീമാൻ തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകൾ വായിച്ചിട്ടില്ലേ. അതുപോലൊരു ജീവിതമായിരിക്കും മിക്കപ്പോഴും. ഐ.എൻ.എസ്.പി. ഞങ്ങളെ വേട്ടയാടുകയാണല്ലോ. ചിലപ്പോൾ ലോക്കപ്പിലോ ജയിലിലോ ആയെന്ന് വരാം. ഒരു വിപ്ലവകാരിയുടെ ഭാര്യം എന്തും സഹിക്കാൻ പ്രാപ്തയായിരിക്കണം. ചിലപ്പോൾ കുട്ടി, വെടിയുണ്ടകളെ നേരിടേണ്ടി വന്നേക്കാം. അപ്പോൾ വിരിമാറ് കാണിച്ചുകൊടുക്കേണ്ടി വരും.
- പെണ്ണിന്റെ അച്ഛൻ: മോള് അകത്തേക്ക് പൊയ്ക്കോ. അച്യുതൻ നായരൊന്നിങ്ങ് വന്നേ. [അച്യുതൻ നായരോട്] താനൊരു ഭ്രാന്തനെയാണോ എന്റെ മോൾക്ക് ഭർത്തവായി കൊണ്ടുവന്നിരിക്കുന്നത്?
- അച്യുതൻ നായർ: എന്നോട് ക്ഷമിക്കണം. ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.
- പെണ്ണിന്റെ അച്ഛൻ: എത്രയും പെട്ടെന്ന് അവനെ പിടിച്ചോണ്ടു പോയില്ലെങ്കിൽ നല്ല ചുട്ടയടി കിട്ടും, പറഞ്ഞേക്കാം.
- അച്യുതൻ നായർ: അയ്യോ, വേണ്ട വേണ്ട. ഇപ്പോ പോയേക്കാം, ഇപ്പോ പോയേക്കാം... [പ്രാഭകരനോട്] എണീറ്റേ, പോവാം.
- പ്രഭാകരൻ: എന്റെ നിർദ്ദേശങ്ങളുടെ പ്രതികരണം അറിഞ്ഞില്ല.
- അച്യുതൻ നായർ: പ്രതികരണം അറിയാൻ കാത്തുനിന്നാലത് കുഴപ്പം ചെയ്യും.
- പ്രഭാകരൻ: അല്ല, എന്നാലും...
- അച്യുതൻ നായർ: എണീക്കാനല്ലേ പറഞ്ഞത്. അതു പോണവഴിക്ക് പറഞ്ഞുതരാം.
കഥാപാത്രങ്ങൾ
തിരുത്തുക- ശ്രീനിവാസൻ – പ്രഭാകരൻ
- ജയറാം – പ്രകാശൻ
- തിലകൻ – രാഘവൻ നായർ
- കവിയൂർ പൊന്നമ്മ – ഭാനുമതി
- ശങ്കരാടി – കുമാരൻ പിള്ള
- ബോബി കൊട്ടാരക്കര – ഉത്തമൻ
- ഇന്നസെന്റ് – യശ്വന്ത് സഹായി