• അഴകുള്ള ചക്കയ്ക്ക് ചുളയില്ല
    • പുറമേ കാണുന്നതില്ല കാര്യം.
    അ, അം വരെ
    • ആദ്യാവസാനം
  • അ, ഇ അറിയുക
    • ആദ്യ പാഠം അറിയുക
  • അകം കൊള്ളുക
    • വധു ആദ്യമായി വരന്റെ വീട്ടിൽ ചെല്ലുക
  • അകം കൈയിലിട്ടു പുറം കൈ നക്കുക
    • ഒരിടത്തു വച്ചിട്ട് മറ്റൊരിടത്ത് തപ്പുക
  • അകം കൈയും പുറം കയ്യും നക്കുക
    • ദാരിദ്ര്യം അനുഭവിക്കുക
  • അകം തുറക്കുക
    • മനസ്സിലുള്ളത് വെളിപ്പെടുത്തുക
  • അകട വികട സാമർത്ഥ്യം
    • കൗശലം
  • അകത്തടുപ്പിക്കുക
    • ആലോചനക്ക് വിധേയമാക്കുക
  • അകത്താക്കുക
    • ഭക്ഷണം കഴിക്കുക.
    • വിശന്നു പൊരിയുന്നു, എന്തെങ്കിലും അകത്താക്കാതെ യാത്ര തുടരുന്ന പ്രശ്നമേയില്ല.
  • അകത്തു കത്തിയും പുറത്തു പത്തിയും
    • മനസ്സിൽ വെറുപ്പും പുറമേ സ്നേഹവും
  • അകത്തുള്ളതു മുഖത്തുവിളങ്ങും
    • ഉള്ളിലുള്ളത് മുഖത്ത് പ്രതിഫലിക്കും
  • അകത്തുള്ളയാൾ / അകത്തുള്ളോർ / ആത്തോൾ
    • അന്തർജ്ജനം
  • അകത്തേ അഴക്
    • മനോഗുണം
  • അകത്തേപ്പല്ലുകൊണ്ട് ഇറുമ്മുക
    • മനസ്സുകൊണ്ട് ദേഷ്യപ്പെടുക
  • അകത്തേയ്ക്കു വെള്ളവും പുറത്തേക്കു വാക്കും കുറക്കണം
    • സംസാരം കുറക്കണം
  • അകത്തൊതുക്കുക
    • ഉള്ളിൽ അടക്കുക, ജയിലിലടക്കുക.
  • അകനാഴിക
    • ഗർഭഗൃഹം
  • അകന്ന പെരുമാറ്റം
    • അടുപ്പമില്ലായ്ക
  • അകന്നവരും അടുത്തവരും
    • ശതുക്കളും മിത്രങ്ങളും
  • അകന്നു സംസാരിക്കുക
    • ഇണക്കമില്ലാതെ സംസാരിക്കുക
  • അകപ്പാടു പറ്റുക
    • അപകടം സംഭവിക്കുക
  • അകപ്പെടുക
    • ആപത്തിലോ അബദ്ധത്തിലോ പെടുക
  • അകപ്പെട്ടാൽ പന്നി ചുരക്കയും തിന്നും
    • ഗത്യന്തരമില്ലാതായാൽ ബലവാനും അടിയറവു പറയും
  • അകപ്പെട്ടാൽ പുലി പൂന
    • അപകടത്തിൽപെട്ടാൽ വമ്പനും നിസ്സാരനാവും
  • അകമടങ്ങുക
    • മാനം മര്യാദയോടെ അടങ്ങിയിരിക്കുക , ഉൾവലിയുക , മറഞ്ഞിരിക്കുക
  • അകമഴിയുക
    • ആത്മാർത്ഥമായി പ്രവർത്തിക്കുക
  • അകമെല്ലാം പൊള്ള
    • ഉള്ളിലൊന്നുമില്ലായ്ക
  • അകംപടി കൂടുക
    • ഉപചാരപൂർവ്വം കൂടെ നടക്കുക, ശിങ്കിടി കൂടുക
  • അകമ്പടിച്ചോറ്റുകാർ
    • ഭൃത്യന്മാർ
  • അകമ്പടി സേവിക്കുക
    • അംഗരക്ഷ ചെയ്യുക
  • അകംപുറം അറിയുക
    • തിരിച്ചറിയുക
  • അകം പുറമില്ലാതെ
    • ഒരു വ്യവസ്ഥയുമില്ലാതെ
  • അകമ്പുറം ചെയ്യുക
    • ചതിക്കുക
  • അകം പൂകുക
    • ഉള്ളിൽ പ്രവേശിക്കുക
  • അകലേ ഉഴുതു പകലേ പോകുക
    • കള്ളവേല വേഗത്തിൽ തീർക്കുക
  • അകവും പുറവും ഒരുപോലെ
    • ഉള്ളിലും പുറത്തും നന്മയും തിന്മയും ഒരു പോലെ
  • അകവും പുറവും നക്കുക
    • കഷ്ടിച്ചു ജീവിക്കുക
  • അകറ്റി സംസാരിക്കുക
    • ഒന്നും തൊടാതെ സംസാരിക്കുക
  • അകായിലുള്ളവർ
    • അന്തർജ്ജനം
  • അകാലകുസുമം
    • അനവസരത്തിലുണ്ടാവുമ്മ നന്മ
  • അകാല കൂശ്മാണ്ഡം
    • വന്ധ്യമായ ജനനം
  • അകാലമൂർത്തി
    • നിത്യപുരുഷൻ
  • അകാലസഹ
    • വിളംബം സഹിക്കാത്ത
  • അക്കച്ചി ഉടമ അരി , തങ്കച്ചി ഉടമ തവിട്
    • കയ്യൂക്കുള്ളവൻ കാര്യക്കാരൻ
  • അക്കണക്കിന്
    • ആ സ്ഥിതിക്ക്
  • അക്കഥപറയുക
    • കാര്യം പറയുക
  • അക്കപ്പോർ മണിയം വലിച്ചിടുക
    • ഉപദ്രവം ഉണ്ടാക്കുക
  • അക്കപ്പോർ വലിച്ചു കൂട്ടുക
    • ഉപദ്രവം ഉണ്ടാക്കുക
  • അക്കര നിന്നവർ വള്ളം മുക്കി
    • നിരപരാധിയെ കുറ്റക്കാരനാക്കുക
  • അക്കരപ്പറ്റുക
    • കാര്യം സാധിക്കുക
  • അക്കര പിടിക്ക
    • ലക്ഷ്യസ്ഥാനത്തെത്തുക
  • അക്കരപ്പച്ച
    • അകലെയുള്ളതിനെ പറ്റിയുള്ള മിഥ്യാബോധം
  • അക്കരപ്പിഴ
    • നിർഭാഗ്യം
  • അക്കരയും ഇക്കരയും
    • അങ്ങുമിങ്ങും
  • അക്കാനിമാടൻ
    • വിവരമില്ലാത്തവൻ
  • അക്കാര്യം അവിടെയും നിന്നില്ല
    • കാര്യം അവസാനിക്കുക
  • അക്കിടി പറ്റുക
    • അപകടത്തിൽ പെടുക
  • അംഗപ്രദക്ഷിണം വയ്ക
    • ശയനപ്രദക്ഷിണം വെയ്കുക
  • അംഗുലീപരിമിതം
    • വിരലിലെണ്ണാവുന്നത്
  • അച്ചാലും ഇച്ചാലും
    • പലതരത്തിൽ
  • അച്ഛനിച്ഛിച്ചതും വൈദ്യൻ കല്പിച്ചിതും
    • ആഗ്രഹം പോലെതന്നെ നടക്കുക.
    • മാർക്കു കുറവായിരുന്നിട്ടും ആഗ്രഹിച്ച കോളെജിൽ തന്നെ പ്രവേശനം ലഭിച്ചത് അഛനിഛ്ചിച്ചതും വൈദ്യൻ കല്പിച്ചിതും പാൽ എന്ന പറഞ്ഞത് പോലയായി.
  • അജഗജാന്തരം
    • വലിയ വ്യത്യാസം. ആനയും ആടും തമ്മിലെന്നപോലെ.
    • ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചു പിറന്ന രണ്ടുരാജ്യങ്ങളാണെങ്കിലും അവയുടെ ഇന്നത്തെ അവസ്ഥകൾ തമ്മിൽ അജഗജാന്തരമുണ്ട്.
    • ഇംഗ്ലീഷ്: a world of difference
  • അടച്ച കണ്ണ് തുറക്കും മുൻപേ.
    • നിമിഷനേരത്തിനുള്ളിൽ, ഞൊടിയിടകൊണ്ട്.
    • ഇംഗ്ലീഷ്: In a split second.
  • അടിച്ചുകയറി
    • വളരെ വേഗത്തിൽ മുന്നേറുക
    • ലോക റാങ്കിംഗിൽ അഞ്ചാം സഥാനത്തായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഈ ഒരു മാസം കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് അടിച്ചുകയറി.
  • അടിക്കടി
    • ആവർത്തിച്ചു കൊണ്ടിരിക്കുന്ന / കൂടെകൂടെ
    • കേരളത്തിൽ അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന മദ്യ ദുരന്തങ്ങൾ ആരുടേയും കണ്ണുതുറപ്പികേണ്ടുന്നതാണ്.
  • അണ്ടിയോ മൂത്തത്, മാവോ / തേങ്ങയോ തെങ്ങോ / കോഴിയോ അദ്യം വന്നത് മുട്ടയോ
    • എത്ര തർക്കിച്ചാലും തീരാത്തത്.
    • ഏത് പത്രമെടുത്തുനോക്കിയാലും കാണാം അണ്ടിയോ മൂത്തത് മാവോ എന്നിങ്ങനെയുള്ള നൂറ് ചർച്ചകൾ.
    • ഇംഗ്ലീഷ്: Which came first, the chicken or the egg?
  • അണ്ടികളഞ്ഞ അണ്ണാൻ
    • നേടിയത് കളഞ്ഞിട്ട് സങ്കടപ്പെടുക
    • ലോട്ടറി അടിച്ച തുക ഊഹകച്ചവടത്തിൽ മുതലിറക്കിയിട്ട് അവൻ ഇപ്പോൾ അണ്ടികളഞ്ഞ അണ്ണാനെപോലെ ഇരിക്കുകയാണ്.
  • അത്തും പുത്തും പറയുക
    • അടിസ്ഥാനരഹിതമായി സംസാരിക്കുക.
  • അനക്കമില്ലായ്മ
    • ഒന്നും സംഭവിക്കാതിരിക്കുക.
    • ജോലിക്കപേക്ഷിചെങ്കിലും സർക്കാരിന്റെ അനക്കമില്ലായ്മ കാരണം അവൻ ഇപ്പോഴും തൊഴിൽരഹിതനാണ്.
  • അന്യം നിൽക്കുക
    • പിന്തുടർച്ചക്കാരില്ലാതാവുക, അപ്രത്യക്ഷമാവുക.
    • സത്യസന്ധത അന്യം നിന്നുപോയ ഒരു ഗുണമായി തീർന്നിരിക്കുന്നു.
  • അപകടത്തിൽ ചെന്നുചാടുക
    • അവിചാരിതമായി എന്തെങ്കിലും വന്നു ഭവിക്കുക

.

  • അപായപ്പെടുത്തുക
    • വധിക്കുക, നശിപ്പിക്കുക
      • അദ്ദേഹത്തെ അപായപ്പെടുത്താൻ ഒരുപാട് ശ്രമിച്ചു
  • അല്ലറ ചില്ലറ
    • അതുമിതുമായി , കൃത്യമല്ലാത പ്രവൃത്തികൾ
      • അല്ലറചില്ലറ ജോലിയുമായി കഴിയുമ്പോഴാണ് ദുബായ്ക്ക് വിസകിട്ടിയത് .
"https://ml.wikiquote.org/w/index.php?title=ശൈലികൾ/അ&oldid=21381" എന്ന താളിൽനിന്ന് ശേഖരിച്ചത്