വിൻസെന്റ് വാൻ ഗോഗ്
വിൻസെന്റ് വില്ലെം വാൻഗോഗ്, (മാർച്ച് 30, 1853 - ജൂലൈ 29, 1890) ഒരു ഡച്ച് ചിത്രകാരനായിരുന്നു.
1. ഒരു നല്ല പ്രവൃത്തിക്കു തുല്യമാണ് ഒരു നല്ല ചിത്രവും.
2. മനുഷ്യന്റെ ദിശാസൂചിയാണ് അവന്റെ മനഃസാക്ഷി.
3. അപ്രമാദിയല്ല ഞാനെന്നറിഞ്ഞിട്ടും ഞാൻ പിഴവുകൾ വരുത്തിക്കൊണ്ടിരുന്നു. വീണാലേ എഴുന്നേൽക്കാനെനിക്കാവൂ.
4. എന്റെ കാര്യം പറയുകയാണെങ്കിൽ, തീർച്ചയുള്ള അറിവെനിക്കില്ല. പക്ഷേ നക്ഷത്രങ്ങളെ കാണുമ്പോൾ ഞാൻ
സ്വപ്നത്തിലാണ്ടുപോവുന്നു.
5. ഞാൻ ആദ്യം ഒരു ചിത്രത്തെ സ്വപ്നം കാണുന്നു; പിന്നെ ഞാൻ ആ സ്വപ്നത്തെ ചിത്രത്തിലാക്കുന്നു.
6. മനുഷ്യരെ സ്നേഹിക്കുക എന്നതിനെക്കാൾ കലാപരമായ മറ്റൊന്നില്ല എന്നെനിയ്ക്കു തോന്നുന്നു.
7. പലപ്പോഴും എനിക്കു തോന്നാറുണ്ട്, പകലിനെക്കാൾ സജീവവും വർണ്ണബഹുലവുമാണ് രാത്രിയെന്ന്.
8. സൃഷ്ടിയിൽ ഞാനെന്റെ ആത്മാവിനെയും ഹൃദയത്തെ യും പൂർണ്ണമായി സന്നിവേശിപ്പിച്ചു; ആ പ്രക്രിയയിൽ എനിക്കെന്റെ മനസ്സു
നഷ്ടമാവുകയും ചെയ്തു.
9. ഏതു ദരിദ്രം പിടിച്ച കൂരയിലും, എത്ര വൃത്തി കെട്ട മൂലയിലും വരകളും ചിത്രങ്ങളും ഞാൻ കാണുന്നു.
10. ചിത്രകാരന്മാരുടെ ഭാഷയ്ക്കല്ല, പ്രകൃതിയുടെ ഭാഷയ്ക്കാണു നാം കാതു കൊടുക്കേണ്ടത്.
11. സ്നേഹം അതിന്റെ വൈഷമ്യങ്ങളും കൂടെക്കൊണ്ടുവരുന്നു എന്നതു നേരു തന്നെ; നാം ഊർജ്ജസ്വലരാവുന്നു എന്നതാണ് അതിന്റെ
ഗുണവശം.
12. ആളിക്കത്തുന്നൊരു തീക്കുണ്ഡം നിങ്ങളുടെ ആത്മാവിലുണ്ടാവാം; പക്ഷേ അതിന്റെ ചൂടു കായാൻ ഒരാളും വരുന്നില്ല. യാത്രക്കാർ
ഒരു പുകച്ചുരുൾ പൊങ്ങുന്നതേ കാണുന്നുള്ളു; അതവഗണിച്ച് അവർ കടന്നുപോവുകയാണ്.
13. കവിത നമ്മെ ചൂഴ്ന്നു നിൽക്കുന്നു. പക്ഷേ അതിനെ കാൻവാസിലാക്കുകയെന്നത് നോക്കിനിൽക്കുന്നപോലെ എളുപ്പമല്ല.
14. മുക്കുവർക്കറിയാം, കടൽ അപകടകരമാണെന്നും, കൊടുങ്കാറ്റു ഭീകരമാണെന്നും; ആ ഭീഷണികളൊന്നും പക്ഷേ, കരയ്ക്കിരിക്കാൻ
മതിയായ കാരണമായിട്ടില്ല അവർക്ക്.
15. ഒരുമ്പെടാനുള്ള ധൈര്യം നമുക്കില്ലായിരുന്നുവെങ്കിൽ നമ്മുടെ ജീവിതം ഏതു വിധമായേനേ?
16. പ്രകൃതിയും കലയും കവിതയും കൊണ്ടെനിക്കു മതിയാവില്ലെങ്കിൽ, വേറെന്തു കൊണ്ടെനിക്കു മതിയാവാൻ?
17. എന്റെ ചിത്രങ്ങൾ വിറ്റുപോകുന്നില്ല എന്ന വസ്തുത ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ ഒരു കാലം വരും, എന്റെ ചിത്രങ്ങൾക്ക്
അവയിലുപയോഗിച്ചിരിക്കുന്ന ചായങ്ങളെക്കാൾ വിലയുണ്ടെന്ന് മനുഷ്യർ തിരിച്ചറിയുന്ന കാലം.
18. വരയ്ക്കുമ്പോഴേ ജീവനുണ്ടെന്നെന്നെനിയ്ക്കു തോന്നാറുള്ളു.
19. ഒരു വിധത്തിൽ, സൂര്യകാന്തി എനിക്കുള്ളതാണ്.
20. ഒരു ദിവസം മരണം നമ്മെ മറ്റൊരു നക്ഷത്രത്തിലേക്കു കൊണ്ടുപോവും.
21. കൃഷിക്കാർ പാടത്തു പണിയെടുക്കുന്നത്ര ശുഷ്കാന്തിയോടെയാണ് ഞാൻ എന്റെ കാൻവാസുകളിൽ പണിയെടുക്കുന്നത്.
22. വിളക്കുകളെരിഞ്ഞുനിൽക്കെ, അവയ്ക്കു മേലാകാശം, നക്ഷത്രങ്ങളുമായി.
23. പരിഭവപ്പെടാതെ യാതന സഹിക്കുക എന്നൊരു പാഠമേ, ഈ ജീവിതത്തിൽ നിന്നു നമുക്കു പഠിക്കാനുള്ളു.