വള്ളിയോട്ടുചാൽ
മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ ഒരു ചെറിയ ഗ്രാമപ്രദേശമാണ് വള്ളിയോട്ടുചാൽ
●●● വള്ളിയോട്ടുചാൽ ഭദ്രകാളീ കലശ സ്ഥാനം, മട്ടന്നൂർ ●●●
ശുദ്ധാ ശുദ്ധങ്ങൾക്കോ, മറ്റു വേർതിരിവുകൾക്കോ സ്ഥാനമില്ലാത്ത, ഏവർക്കും എപ്പോഴും അമ്മയുടെ ദർശനം നടത്താവുന്ന ഒരു ഭദ്രകാളീ ആരാധനാ സ്ഥാനം ആണിത്.
ആദ്യ കാലങ്ങളിൽ വീടിന് അകത്തായിരുന്നത്രേ ദേവിയുടെ സ്ഥാനം. ശാക്തേയ സമ്പ്രദായത്തിൽ ആരാധിച്ചു വന്ന ദേവിയുടെ ശക്തി ചൈതന്യം വർധിച്ചു വന്നപ്പോൾ, ആ മുറി അങ്ങനെ തന്നെ ഒരു കൊട്ടിലകം ആക്കി മാറ്റുകയായിരുന്നു.
ശ്രീ കൂറുമ്പാ ഭഗവതിയുടെ ആരാധനാ പാരമ്പര്യമുള്ള, തീയ്യ സമുദായത്തിൽപ്പെട്ട ഒരു കുടുംബമാണ് ഇവിടുത്തെ അവകാശികൾ. ഇവിടെ ദേവീ സാന്നിദ്ധ്യത്തിനൊപ്പം, ഭൈരവാദി പഞ്ചമൂർത്തികളും, വീരഭദ്ര സ്വാമി, കാലഭൈരവൻ, എടലാപുരത്ത്ചാമുണ്ഡി, കരിങ്കുളികൻ, മാരണ ഗുളികൻ എന്നിങ്ങനെ അനവധി മന്ത്ര മൂർത്തികളും വാണരുളുന്നു.
എല്ലാ മലയാള മാസങ്ങളിലെയും ആദ്യ വെള്ളിയാഴ്ച ഭഗവതിക്കും, മറ്റു മന്ത്ര മൂർത്തികൾക്കും പൂജാദി കർമ്മങ്ങൾ നടന്നുവരുന്നു. പൂജകളൊക്കെ തന്നെ യഥാവിധി കൗളാചാര മാർഗ്ഗത്തിൽ തന്നെയാണ് നടക്കുന്നത്. സംക്രമംവും, വെള്ളിയാഴ്ച്ചയും ഒന്നിച്ചു വന്നാൽ ആ ദിനം ഇവിടെ വിശേഷപെട്ടതാണ്. ഭക്തമാരുടെ കാര്യ സാദ്ധ്യത്തിനു ശേഷം നടത്തുന്ന വഴിപാടുകളായി ഒരു പാട് വർഷങ്ങളിലേക്കുള്ള പൂജകൾ ഇപ്പോഴേ ഏല്പിക്കപ്പെട്ടിരിക്കുന്നു.
ദാരിക നിഗ്രഹത്തിനായി പുറപ്പെടുന്ന ഭാവമാണ് ഇവിടെ ഭഗവതിക്ക്. "മഹാ ഭ്രാന്തി" എന്ന സങ്കല്പത്തിലാണ് ഇന്നിവിടെ ആരാധന നടക്കുന്നത്. രൗദ്രതയുടെ മൂർദ്ധന്ന്യാവസ്ഥയിലും ഇവിടുത്തെ ഭഗവതിയിൽ ഒരു മാതൃ ഭാവവും അടങ്ങിയിട്ടുണ്ട്. ആദ്യ കാലത്ത് വാൽക്കണ്ണാടി പ്രതിഷ്ഠയായിരുന്നു, ഇന്ന് ദേവീ സാനിദ്ധ്യം കുടികൊള്ളുന്നത് പഞ്ചലോഹ വിഗ്രഹത്തിലാണ്. പ്രതിഷ്ഠയിൽ നാലു കൈകളോടു കൂടിയ രൂപമാണ് ദൃശ്യമാവുന്നതെങ്കിലും ഇവിടുത്തെ രഹസ്യ വിധാനത്തിൽ ഭഗവതി മറ്റൊരു രൂപത്തിലും ആരാധിക്കപ്പെടുന്നു.
ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കുന്നതിനു പകരം, ഭഗവതിയുടെ മുന്നിലെ പടിയിൽ സമർപ്പിക്കുക എന്നതാണ് ഇവിടുത്തെ രീതി. കളിയാട്ടത്തിനുള്ള പണവും ജനങ്ങളിൽ നിന്നു പിരിക്കാതെ, നേർച്ചകളിൽ നിന്നു കിട്ടുന്ന പണത്തിൽ നിന്നെടുത്താണ് നടത്താറുള്ളത്.
കുടിവീരൻ, കാലഭൈരവൻ, എള്ളെടുത്തു ഭഗവതി, കരിങ്കുളികൻ, മാരണ ഗുളികൻ എന്നീ തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടുന്നത്. മറ്റുള്ള മന്ത്ര മൂർത്തികളെ നേർച്ചയുണ്ടെങ്കിലെ തെയ്യം കെട്ടിയാടാറുള്ളൂ. മീന മാസത്തിലാണ് ഇവിടെ കളിയാട്ടം നടക്കാറുള്ളത്.
കരിങ്കുളികൻ എന്ന മൂർത്തി ഇവിടുത്തെ ഭഗവതിയുടെ ഒന്നാം കാര്യസ്ഥനാണ് എന്നാണ് സങ്കല്പം. 108 ഗുളികൻ സങ്കല്പങ്ങളിൽ ഏറ്റവും രൗദ്രതയാർന്ന മൂർത്തിയത്രേ കരിങ്കുളികൻ. കലശമാണ് ദേവന്റെ പ്രധാന വഴിപാട്.
കാര്യസാദ്ധ്യത്തിനു ശേഷമേ ഭക്തമാരുടെ വഴിപാടുകൾ ഇവിടെചെയ്യൂ എന്നത് എടുത്തുപറയേണ്ട ഒരു പ്രത്യേകതയാണ്.
ഭഗവതിയുടെ നിവേദ്യം സമർപ്പിക്കിന്നതിനു മുന്നേ തന്നെ ഭക്തർക്ക് എല്ലാവർക്കും ഭക്ഷണം കൊടുത്തിരിക്കണം എന്നൊരു നിർബന്ധം ഉണ്ടിവിടെ.
ഭഗവതിയുടെ തെയ്യക്കോലം കെട്ടാതെ കോമരം തന്നെ ഭഗവതിയുടെ പുറപ്പാടും നടത്തിവരുന്നു എന്നതും ഒരു പ്രത്യേകതയാണ്. ഒട്ടനവധി അത്ഭുതങ്ങളും ഇവിടുത്തെ ഭക്തർക്ക് ചെറിയ കാലയളവിനുള്ളിൽ ഉണ്ടായിട്ടുണ്ട്. ഒരു യക്ഷീ സാന്നിദ്ധ്യവും ഇവിടെയുണ്ട്.
പറഞ്ഞാൽ തീരാത്തത്ര അനുഭവ സാക്ഷ്യങ്ങൾ ഇവിടുത്തെ ഭക്തന്മാർക്ക് പറയാനുണ്ട്. ഭഗവതിയുടെ ചൈതന്യം ഇവിടെ ഇത്രയേറെ വർധിക്കാൻ കാരണമാവുന്നത് ഇവിടുത്തെ കർമ്മിയും, അവകാശിയും ആയ ശ്രീ പ്രജിൽ പീറ്റയിൽ എന്ന ചെറുപ്പക്കാരന്റെ ഭഗവതിയോടുള്ള സമർപ്പണവും, ആത്മാർഥയും കൊണ്ടുമാത്രമാണ്. വള്ളിയോട്ടു ചാൽ ഭദ്രകാളീ കലശ സ്ഥാനത്തിന്റെയും, ശ്രീ പ്രജിലിന്റെയും പ്രശസ്തിയും, യശസ്സും ഇനിയുമേറെ വർധിക്കട്ടേയെന്ന് ആശംസിക്കുന്നു...