ലൂയി ബുനുവേൽ
സ്പാനിഷ് ചലച്ചിത്ര നിർമാതാവും സംവിധായകനുമാണ് ലൂയി ബുനുവേൽ (1900 ഫെബ്രുവരി 22 - 1983 ജൂലൈ 29).
1. പ്രായം പ്രശ്നമല്ല, പാൽക്കട്ടിയല്ല നിങ്ങളെങ്കിൽ.
2. പത്രക്കാരെ അത്രയ്ക്കറപ്പാണെനിക്കെങ്കിലും പത്തു കൊല്ലം കൂടുമ്പോൾ ശവക്കുഴിയിൽ നിന്നെഴുന്നേറ്റു പോയി ചില പത്രങ്ങൾ
വാങ്ങാൻ എനിക്കു വിരോധമില്ല.
3. ദൈവവും രാജ്യവും കൂടി ചേർന്നാൽ ഒന്നാന്തരം കൂട്ടുകെട്ടായി; പീഡനത്തിലും ചോരചൊരിച്ചിലിലും അതിനെ തോല്പിക്കാൻ മറ്റൊന്നുമില്ല.
4. അവസാനത്തെ സ്മൃതിനാശത്തെ കാത്തിരിക്കുകയാണു ഞാൻ, ഒരു ജീവിതത്തെയപ്പാടെ മായ്ച്ചുകളയുന്നതൊന്നിനെ.
5. ഈശ്വരസഹായത്താൽ ഞാൻ ഇന്നുമൊരു നിരീശ്വരവാദി തന്നെ.
6. ഒരാൾ ഈ നിമിഷം തെളിയിക്കുകയാവട്ടെ, ദൈവം സകലപ്രതാപത്തോടും കൂടെ വിളങ്ങിനില്പുണ്ടെന്ന്; അതു കൊണ്ട് ഞാനെന്റെ പെരുമാറ്റം മാറ്റാനൊന്നും പോകുന്നില്ല.
7. ഈ സമയം വരെയും എനിക്കൊരു ധാരണയുമില്ല, എന്താണു സത്യമെന്ന്, അതും കൊണ്ടു ഞാനെന്തു ചെയ്തുവെന്ന്.
8. ഞാനെന്തിനാണു സിനിമയെടുക്കുന്നതെന്നോ? സാദ്ധ്യമായതിൽ വച്ചേറ്റവും നല്ല ലോകമല്ല ഇതെന്നു തെളിയിക്കാൻ.
9. ഒരോസ്ക്കാർ നേടുന്നതിനെക്കാൾ എന്റെ ധാർമ്മികബോധത്തെ വെറുപ്പിക്കുന്നതായി മറ്റൊന്നില്ല.
10. ജീവിതകാലം മുഴുവൻ ചോദ്യങ്ങൾ എന്നെ വേട്ടയാടുകയായിരുന്നു: ഇതങ്ങനെയാവാതെ ഇങ്ങനെയായതെന്തുകൊണ്ട്? എന്തു വിശദീകരണമാണ് അതിനുള്ളത്? മനസ്സിലാക്കാനുള്ള, പൂരിപ്പിക്കാനുള്ള ഈ വ്യഗ്രത നമ്മുടെ ജീവിതത്തെ നിസ്സാരമാക്കുകയാണ്. സ്വന്തം വിധിയെ യാദൃച്ഛികതയ്ക്കു വിട്ടുകൊടുക്കാൻ, നമ്മുടെ ജീവിതം നിഗൂഢമാണെന്ന അടിസ്ഥാനസത്യം അംഗീകരിക്കാൻ, അതിനുള്ള ധൈര്യം നമുക്കുണ്ടായിരുന്നെങ്കിൽ നിഷ്കളങ്കമായ ആനന്ദം നമുക്കു കുറച്ചുകൂടി സമീപസ്ഥമായേനേ.
11. ഓർമ്മ നഷ്ടമായിത്തുടങ്ങുമ്പോഴേ നമുക്കു ബോദ്ധ്യമാവൂ, ഓർമ്മയാണു നമ്മുടെ ജീവിതമെന്ന്. ഓർമ്മയില്ലാതുള്ള ജീവിതം ജീവിതമേയല്ല. നമ്മുടെ യുക്തി, നമ്മുടെ വികാരം, നമ്മുടെ പ്രവൃത്തി പോലും ഓർമ്മയാണ്. അതില്ലാതെ നാമാരുമല്ല.
12. ദിവസത്തിൽ രണ്ടു മണിക്കൂർ എനിക്കു പ്രവൃത്തി ചെയ്യാനായി തരൂ; ബാക്കി ഇരുപത്തിരണ്ടു മണിക്കൂർ ഞാൻ സ്വപ്നം കണ്ടു കഴിച്ചോളാം.
13. പുകയിലയും ചാരായവും- തകരാത്ത സൗഹൃദങ്ങളുടെയും സമ്പുഷ്ടമായ ദിവാസ്വപ്നങ്ങളുടെയും ജനയിതാക്കൾ.
14. ഇന്നത്തെ സംസ്കാരം നിർഭാഗ്യവശാൽ സാമ്പത്തികവും സൈനികവുമായ ബലത്തിനോട് അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. ഭരിക്കുന്ന രാഷ്ട്രത്തിന് അതിന്റെ സംസ്കാരം അടിച്ചേൽപ്പിക്കാൻ കഴിയും; ഏണസ്റ്റ് ഹെമിംഗ്വേയെപ്പോലൊരു രണ്ടാംകിട എഴുത്തുകാരന് അന്താരാഷ്ട്രപ്രശസ്തി വാങ്ങിക്കൊടുക്കാൻ പറ്റും. ജോൺ സ്റ്റീൻബക്കിനു പ്രാധാന്യമുണ്ടെങ്കിൽ അത് അമേരിക്കൻ തോക്കുകൾ കാരണമാണ്. ജോൺ ഡോസ് പാസ്സോസും വില്ലിയം ഫാൾക്ക്നറും ജനിച്ചത് പരാഗ്വേയിലോ തുർക്കിയിലോ ആയിരുന്നെങ്കിൽ ആരവരെ വായിക്കാൻ പോകുന്നു?
15. എനിക്കു സ്വപ്നങ്ങളെ വളരെ ഇഷ്ടമാണ്, അവ ദുഃസ്വപ്നങ്ങളായാൽക്കൂടി.
16. കലയെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിക്കരുത്, അക്കാര്യത്തിൽ എനിക്കഭിപ്രായങ്ങളേയില്ല.
17. ഏകാന്തത എനിക്കിഷ്ടമാണ്, അതിനെക്കുറിച്ചു സംസാരിക്കാൻ ഇടയ്ക്കിടെ ആരെങ്കിലും വരാനുണ്ടെങ്കിൽ.