മൈക്കലാഞ്ജലോ
മൈക്കലാഞ്ചലോ എന്ന ഒറ്റപ്പേരിൽ സാധാരണ അറിയപ്പെടുന്ന മൈക്കലാഞ്ചലോ ഡി ലോഡോവികോ ബുഓണറോട്ടി സിമോണി (മാർച്ച് 6, 1475 - മാർച്ച് 18, 1564) ഇറ്റാലിയൻ ശിൽപിയും ചിത്രകാരനും കവിയും നിർമ്മാണവിദഗ്ദ്ധനും ആയിരുന്നു.
1. കൈ കൊണ്ടല്ല,തല കൊണ്ടു വേണം ചിത്രമെഴുതാൻ.
2. മനുഷ്യനെ സ്വർഗ്ഗത്തിലെത്തിക്കുന്ന രണ്ടു ചിറകുകളാണ്, പ്രണയവും മരണവും.
3. ഓരോ ശിലാഖണ്ഡത്തിലും മറഞ്ഞിരിക്കുന്ന പ്രതിമകളെ പുറത്തെടുക്കുക എന്നതാണ് ശില്പിയുടെ ദൗത്യം.
4. പ്രതിഭ എന്നാൽ ഒടുങ്ങാത്ത ക്ഷമ തന്നെ.
5. ഞാനൊരു സാധുമനുഷ്യനാണ്; എന്റെ ആയുസ്സ് കഴിയുന്നത്ര ദീർഘിപ്പിക്കാൻ ദൈവം എനിക്കനുവദിച്ചുതന്ന ഒരു കലയിൽ പണിയെടുക്കുന്നവൻ.
6. എന്റെ നേട്ടങ്ങൾ കവിഞ്ഞുപോകട്ടെ, എന്റെ മോഹങ്ങൾ.
7. വെണ്ണക്കല്ലിൽ ഞാനൊരു മാലാഖയെ കണ്ടു; അതിനെ സ്വതന്ത്രനാക്കുന്നതു വരെ ഞാനതിൽ പണിയെടുത്തു.
8. എന്റെ വൈദഗ്ധ്യത്തിലേക്കെത്താൻ എത്ര ഞാനദ്ധ്വാനിച്ചിരിക്കുന്നുവെന്നറിഞ്ഞെങ്കിൽ അവർക്കിത്ര അത്ഭുതം തോന്നുകയുമില്ല.
9. ജീവിതം നമുക്കിഷ്ടമാണെങ്കിൽ മരണവും നമുക്കഹിതമാവരുത്: രണ്ടും തരുന്നത് ഒരേ തമ്പുരാന്റെ കൈകൾ തന്നെയാണല്ലോ.
10. കൈയിലൊരുളിയുണ്ടെങ്കിലേ, എനിക്കൊരു സുഖം തോന്നൂ.
11. പ്രകൃതിയുടെ ചാരുതയിലൂടല്ലാതെ സ്വർഗ്ഗത്തിലേക്കൊരു കോണി കണ്ടെത്താൻ എന്റെ ആത്മാവിനു കഴിയുന്നില്ല.
12. ദൈവമേ, എവിടെയും നിന്റെ മഹിമ കാണുന്നവനാക്കേണമേ എന്നെ.