1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മിന്നാരം.

രചന, സംവിധാനം: പ്രിയദർശൻ.

ബോബിതിരുത്തുക

  • ഒരിക്കൽ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത്. സമയമെടുത്തു ഒരുപാട്, അതു മറക്കാൻ. എല്ലാം മറന്നു കഴിഞ്ഞപ്പോൾ ഓർമ്മിപ്പിക്കാൻ വീണ്ടും വന്നു. മനസ്സു വീണ്ടും ആഗ്രഹിച്ചതു കൊണ്ടാ സ്വീകരിക്കാമെന്നു തീരുമാനിച്ചത്. അപ്പോൾ വീണ്ടും പോകുന്നു എന്നു പറയുന്നു.

സംഭാഷണങ്ങൾതിരുത്തുക

മണികണ്ഠൻ: അണ്ണാ...
അയ്യർ: അണ്ണനോ? ആരാ? എവിടെന്നാ? എന്തുവേണം? എന്താ കാര്യം?
മണികണ്ഠൻ: ലാസറ്. പാലേന്ന്. ഒരു കാപ്പി കുടിക്കണം. എന്റെ ഭാര്യയെ ഒന്നു കാണണം. അണ്ണൻ അവളെ ഒന്ന് വിളിക്കാമോ?
അയ്യർ: ഇയാളുടെ ഭാര്യ ഇവിടെ എന്തു പണിയാ ചെയ്യുന്നേ?
മണികണ്ഠൻ: ഇവിടെയും അവള് ഭാര്യയുടെ പണി തന്നെയാ ചെയ്യുന്നത്.
അയ്യർ: പ്ഭ എരപ്പാളി! പോക്രിത്തരം പറയുന്നോടാ...
മണികണ്ഠൻ: കാണിക്കാം അല്ലേ? വല്ലവന്റേം ഭാര്യടെ ഒളിച്ചുതാമസിപ്പിക്കുന്നതാടോ പോക്രിത്തരം. ഇവിടത്തെ കൊച്ചുമുതലാളിയുടെ ഭാര്യയും കൊച്ചുമായിട്ട് താമസിക്കുന്നത് എന്റെ ഭാര്യയും കൊച്ചുവാ.
അയ്യർ: ബോബിക്കുഞ്ഞേ... മാത്യൂസ് സാറേ... ജയമോളേ... ഓടിവരണേ...
മാത്യൂസ്: കണ്ടിട്ട് ഒരുപലക്ഷണം പിടിച്ചവനെ പോലെയുണ്ടല്ലോ.
മണികണ്ഠൻ: തന്നീ... അതെന്റെ അച്ഛന്റെ കുഴപ്പമാ. താൻ വലിയ ക്രോസ് വിസ്താരമൊന്നും നടത്തണ്ട. മര്യാദക്കെന്റെ ഭാര്യേം കൊച്ചിനേം വിളി.
മാത്യൂസ്: താനാരോടാടോ ഈ...
ബോബി: വേണ്ട, വേണ്ട, വേണ്ട... ഒടക്കാൻ നിക്കണ്ട. ഡാഡി പറഞ്ഞ് ശരിയാ. കണ്ടാൽ അറിയാം ചെറ്റയാണെന്ന്. ഇവന്മാരുമായിട്ടൊക്കെ സംസാരിക്കുന്നത് നമ്മുടെ അന്തസ്സിന് പറ്റിയതല്ല. നീനയെ വിളിക്കാം.
മാത്യൂസ്: ജയേ, അവളെ വിളിച്ചേ.
ബോബി: അവള് വരട്ട്... അവള് വരട്ട്...
മണികണ്ഠൻ: ഇറങ്ങിവാടി... ടീ, ഇറങ്ങിവരാൻ... എടീ ദ്രോഹി, വഞ്ചകി, ചതിച്ചി, എവിടേടി എന്റെ കൊച്ച്? എവിടേടീ?
നീന: നിങ്ങളാരാ?
മണികണ്ഠൻ: ഞാനാരാണെന്നോ? അറിയില്ലല്ലേടീ? സൂക്ഷിച്ചു നോക്ക്. കോട്ടയം സെന്റ് മേരീസ് പള്ളിയിൽ 1990 ജനുവരി 9-ന് മാതാവിനെ സാക്ഷിനിർത്തി നിന്നെ താലികെട്ടിയ കോർപ്പറേഷൻ ക്ലാർക്ക് ലാസറിന്റെ മുഖത്ത് നോക്കി നിങ്ങളാരാണെന്ന് ചോദിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നെടീ. നിന്റെ ചാന്തിനും പൊട്ടിനും ക്യൂട്ടക്സിനും പോലും എന്റെ ശമ്പളം തികയില്ലെന്ന് പറഞ്ഞ് നീ വീടുവിട്ട് ഇറങ്ങിയപ്പോൾ, പണത്തിനേക്കാൾ വലിയ വില സ്നേഹത്തിനുണ്ടെന്ന് മനസ്സിലാക്കി നീ എന്റെ വീട്ടിൽ തിരിച്ചുവരുന്ന നാളും പ്രതീക്ഷിച്ച് ആ പൂമുഖപ്പടിയിൽ കഴിഞ്ഞ വെള്ളിയാഴ്ച വരെ നിനക്കുവേണ്ടി ഞാൻ കാത്തിരുന്നു. നാട് മുഴുവൻ എന്നേം എന്റെ കുഞ്ഞിനേം തേടി... സോറി... നിന്നേം നിന്റെ കുഞ്ഞിനേം തേടി ഇവിടെ കാണാൻ വന്നപ്പോൾ, ഇത്ര ക്രൂരമായി നിങ്ങളാരാണെന്ന് എന്റെ മുഖത്ത് നോക്കി നീ ചോദിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ലെടീ... ഒരിക്കലും വിചാരിച്ചില്ല...
ബോബി: ഇവളുടെ ചെവിക്കുറ്റി നോക്കിയൊരു ഒറ്റയടി...
മണികണ്ഠൻ: തൊട്ടുപോകരുതവളേ... എന്റെ നീനയെ ശിക്ഷിക്കാനും രക്ഷിക്കാനുമുള്ള അധികാരം എനിക്ക് മാത്രമാണ്. എവിടെ നമ്മുടെ കുഞ്ഞ്. ഒന്ന് കാണാനാണ് ഞാൻ ഓടിവന്നത്. പ്ലീസ്... പ്ലീസ്...
നീന: എനിക്കിയാളെ അറിയാം കോളേജിൽ വച്ച്. അന്നിയാളുടെ പേര് മണികണ്ഠൻ എന്നായിരുന്നു. അല്ലേ?
ബോബി: എനിക്ക്... എനിക്കറിഞ്ഞൂടാ...
മണികണ്ഠൻ: അതെ. അതിനുശേഷം നിന്നെ കല്യാണം കഴിക്കാൻ വേണ്ടിയല്ലേ ഞാൻ ജാതി മാറി ലാസറായത്.
നീന: ലാസർ...
അയ്യർ: വേറെ നല്ല പേരൊന്നും കിട്ടീലേ മോനേ...
നീന: അയ്യോ... എല്ലാം കള്ളമാ. എനിക്കിങ്ങനെ ഒരു ഭർത്താവേയില്ല.
മണികണ്ഠൻ: നീന... ഇത്ര നീജയാവരുത് നീ.
മാത്യൂസ്: നിങ്ങള് കല്യാണം കഴിച്ചതിന് തെളിവ് വല്ലതും ഉണ്ടോ?
മണികണ്ഠൻ: ഒണ്ട്... മാര്യേജ് സർട്ടിഫിക്കറ്റ് ഒണ്ട്. ഞാൻ കാണിച്ചുതരാം.
ബോബി: മതി മതി... മാര്യേജ് സർട്ടിഫിക്കറ്റ് മതി. അതിൽ കൂടുതൽ തെളിവുകളൊന്നും നമുക്ക് വേണ്ടല്ലോ.
മണികണ്ഠൻ: [സർട്ടിഫിക്കറ്റ് നോക്കി] ഇതെങ്ങനെ...
ഉണ്ണുണ്ണി: മനഃസമാധാനത്തോടെ കൊല്ലാനും സമ്മതിക്കില്ല.
മാത്യൂസ്: ഇതെന്തുവാടോ ഇത്?
മണികണ്ഠൻ: ഇത് ഞാൻ അടുക്കളയിലെ ഷെൽഫിലാ വച്ചിരുന്നത്. അങ്ങനെ പറ്റിയതാവും. മാര്യേജ് സർട്ടിഫിക്കറ്റ് തന്നെയാണ്. സീല് കത്തിയിട്ടില്ല. നോക്കിയാ മതി. നോക്കിയാ മനസ്സിലാവും. അയ്യപ്പസ്വാമിയാണേ സത്യം... കർത്താവാണേ സത്യം...
മാത്യൂസ്: അയ്യപ്പസ്വാമിയോ?
മണികണ്ഠൻ: ജാതി മാറിയെന്ന് വച്ച് നമുക്ക് പഴയ ദൈവങ്ങളെ മറക്കാൻ പറ്റോ? ശരി ശരി ശരി... ഞാൻ നിന്റെ ഭർത്താവല്ല, സമ്മതിച്ചു. പക്ഷേ, നീ പറഞ്ഞതെനിക്ക് ഓർമ്മയുണ്ട്. നീ ഒരു പണക്കാരന്റെ ഭാര്യയായിട്ട് ജീവിക്കുന്നത് കാണിച്ചുതരാമെന്ന് പറഞ്ഞാണ് നീ വീടുവിട്ടിറങ്ങിയത്. നീ സുഖമായി ജീവിച്ചോളൂ... പക്ഷേ, എന്റെ കുഞ്ഞ്... എന്റെ സ്വന്തം ചേര... അല്ല, സ്വന്തം ചോരയിൽ പിറന്ന കുഞ്ഞ്... എനിക്കതു വേണം.
അയ്യർ: നിന്റെ ചോര ഏ പോസിറ്റീവാണോ?
ബോബി: ഇമോഷണലായി സംസാരിക്കുന്നതിനിടയിൽ താൻ തമാശ പറയരുത്. താൻ അടുക്കളക്കാര്യം നോക്കിയാൽ മതി. കുടുംബകാര്യത്തിലൊന്നും ഇടപെടണ്ട.
നീന: ശരി. കുഞ്ഞിനെ ഞാൻ തരാം. നിങ്ങള് കുറെ നേരമായി കുഞ്ഞ്, കൊച്ച് എന്നൊക്കെ പറയുന്നുണ്ടല്ലോ. എന്താ കുഞ്ഞിന്റെ പേര്?
മണികണ്ഠൻ: പേരിലെന്തിരിക്കുന്നു? ബന്ധത്തിലാണല്ലോ കാര്യം.
മാത്യൂസ്: സ്വന്തം അച്ഛന് കുഞ്ഞിന്റെ പേരറിയാതിരിക്കുമോ...
മണികണ്ഠൻ: അതല്ല. പക്ഷേ, സാറൊന്നാലോചിക്കണം. സ്വന്തം കുഞ്ഞിന്റെ പേര് പറഞ്ഞ് അത് സ്വന്തം കുഞ്ഞാണെന്ന് തെളിയിക്കേണ്ടി വരുന്ന ഒരു തന്തയുടെ മനോവേദന. ഹൊ, ലോകത്തിലൊരച്ഛനും ഇങ്ങനെയൊരു ഗതികേട് വരുത്തരുതേ, ഗുരുവായൂർ... കർത്താവേ...
അയ്യർ: അതേതു കർത്താവാടാ?
മണികണ്ഠൻ: ദേ... അണ്ണാന്ന് വിളിച്ച് വാ കൊണ്ട് വേറൊന്നും വിളിപ്പിക്കരുത്... അപ്പോ, പേര് പറഞ്ഞാൽ കുഞ്ഞിനെ തരും...
നീന: തരാം.
മണികണ്ഠൻ: എന്നാ കേട്ടോ... മേരി.
മാത്യൂസ്: മേരിന്നുള്ള പേരിലൊരു കുട്ടിയിവിടില്ല.
മണികണ്ഠൻ: മേ... മേരീന്നാണ് ഞാൻ വിളിക്കുന്നത്. എന്റെ കൊച്ചിനെ എനിക്ക് സൗകര്യമുള്ള പേര് വിളിച്ചൂടേ? എന്താ, കൊള്ളൂലേ ആ പേര്?
മാത്യൂസ്: നിങ്ങളോട് ചോദിച്ചത് ആ കുട്ടിയുടെ ശരിയായ പേരാണ്.
മണികണ്ഠൻ: ശരിയായ... ശരിയായ പേര് മുത്തു.
മാത്യൂസ്: പെൺകുട്ടികൾക്കാർക്കെങ്കിലും മുത്തുവെന്ന് പേരിടുവോടാ?
മണികണ്ഠൻ: ഇട്ടൂടെന്ന് നിയമമൊന്നുമില്ലല്ലോ. എന്റെ അമ്മേടെ പേര് പീതാംബരനെന്നായിരുന്നു.
മാത്യൂസ്: നിന്നെ കണ്ടപ്പഴേ എനിക്ക് തോന്നി, നേരേചൊവ്വേയുള്ള തന്തയ്ക്കും തള്ളയ്ക്കും ജനിച്ചതല്ലെന്ന്.
അയ്യർ: എനിക്കറിയാം... ഇവന്റെ അച്ഛന്റെ പേര് ഭവാനിയമ്മാന്നാ, അല്ലേ?
മണികണ്ഠൻ: ദേ... മനുഷ്യനിവിടെ തീതിന്നു നിക്കുമ്പോ കളിയാക്കല്ലേ...
മാത്യൂസ്: കുഞ്ഞിന്റെ പേരപ്പം തനിക്കറിയില്ല... എന്താ അത്?
ബോബി: ങേ... പിള്ളാര് ആവശ്യമില്ലാത്ത ഓരോ സാധനം ഓരോ സ്ഥലത്ത് കൊണ്ടുവയ്ക്കും.
ഉണ്ണുണ്ണി: ഇവന്റെ വായ്ക്കകത്തു കയറിയിരുന്ന് വെടിവച്ചാലേ ശരിയാവൂ...
മാത്യൂസ്: ജയേ, പോലീസ് സ്റ്റേഷനിലേക്കൊന്ന് ഫോൺ ചെയ്തിട്ട് എസ്.ഐ.യോടിങ്ങ് വരാൻ പറ. ഇവനെ ഞാനിന്ന് ശരിയാക്കും.
ബോബി: വേണ്ട ഡാഡി, ഇവനെ ഞാൻ ഹാൻഡിൽ ചെയ്യാം. സത്യം പറയെടാ. കുഞ്ഞി പേര് നിനക്കറിയോ? കുഞ്ഞിന്റെ പേര് പറഞ്ഞാൽ കുഞ്ഞിനെയും തള്ളയെയും നിനക്ക് വിട്ടുതരാം. പറയെടാ... [പതുക്കെ] പറയെടാ, കുഞ്ഞിന്റെ പേര് മാല.
മണികണ്ഠൻ: മല! മല! മല! കുഞ്ഞിന്റെ പേര് മല!
മാത്യൂസ്: മലയോ? പോലീസിനെ വിളി.
ബോബി: മലയല്ലടാ കുന്ന് കുന്ന്... നിന്റെ അമ്മേടെ പതിനാറാം അടിയന്തിരം നടന്നില്ലേ? ആ കുന്ന്. കഴുത... മരക്കഴുത...
മണികണ്ഠൻ: ആഹാ... അത്ര വലിയ വാചകമൊന്നും അടിക്കണ്ട. പറഞ്ഞപ്പോ, മുഴുവനും പറയണമായിരുന്നു.
ബോബി: എന്തു പറയണം? ആര് പറയണം?
മണികണ്ഠൻ: നീ പറയണമായിരുന്നു. കൊച്ചിന്റെ തന്തയായിട്ടഭിനയിക്കാൻ നീയല്ലേ പറഞ്ഞത്? അപ്പോ കൊച്ചിന്റെ പേരും പറയണമായിരുന്നു.
ബോബി: പച്ചക്കള്ളമാ ഡാഡി, ഞാനിവനെ കണ്ടിട്ടുപോലുമില്ല.
മണികണ്ഠൻ: ഓ... അങ്ങനെ എന്നെ മാത്രം കള്ളനാക്കിയിട്ട് നീ രക്ഷപ്പെടാൻ ശ്രമിക്കണ്ട. എടാ, ഈ പെണ്ണിന്റെ ഭർത്താവായിട്ടഭിനയിക്കാനല്ലേ അമ്പതിനായിരം രൂപ തരാമെന്ന് നീ ടെലിഗ്രാം ചെയ്തിട്ടല്ലേ ഞാൻ വന്നത്.
ബോബി: ചുമ്മാ ഡാഡി, അഞ്ചുവർഷമായി ഞാൻ ആർക്കെങ്കിലും ടെലിഗ്രാം അടിച്ചിട്ട്.
മണികണ്ഠൻ: അഞ്ചുവർഷം മുൻപ് നീ ആർക്കടിച്ച്?
ബോബി: നിന്റെ അച്ഛൻ ചത്തപ്പോ കൺഗ്രാജുലേഷൻസ് എന്ന് പറഞ്ഞ് ടെലിഗ്രാം അടിച്ചെടാ. ഇറങ്ങെടാ വെളിയിൽ ബ്ലെഡി ഫ്രോഡേ.
മണികണ്ഠൻ: സാർ, ഇവനാണ് ഫ്രോഡ്. സത്യം ഞാൻ പറയാം
ബോബി: വേണ്ടാ...
മണികണ്ഠൻ: ഇവനും ഞാനും നീനയും ഒരു കോളേജിലാണ് പഠിച്ചിരുന്നത്.
ബോബി: ഇല്ല...
മണികണ്ഠൻ: ഇവര് തമ്മിൽ പ്രേമമായിരുന്നു.
ബോബി: ചുമ്മാ...
മണികണ്ഠൻ: ഇവള് ഗർഭിണിയായപ്പോൾ അത് കലക്കാൻ വേണ്ടി ആയിരം രൂപ തന്ന് എന്നെയാണവൻ അയച്ചത്.
ബോബി: നിർത്തെടാ...
മണികണ്ഠൻ: പോടാ പുല്ലേ...
ബോബി: പോടാ...
മണികണ്ഠൻ: സാർ, നീന അനുസരിച്ചില്ല. തട്ടികളയുമെന്ന് വരെ അവൻ ഭീഷണിപ്പെടുത്തി. എന്നിട്ടുമേറ്റില്ല. അവൾ കുഞ്ഞിനെ പ്രസവിച്ച് വളർത്തുമെന്ന് പറഞ്ഞു. ഇവൻ അന്ന് മുങ്ങി. അതിനുശേഷം ഞങ്ങള് തമ്മിൽ കാണുന്നത് ഇന്നാണ്. സാർ, ഈ കുഞ്ഞ് അവന്റേത് തന്നെയാണ്. അയ്യോ...
ബോബി: ഡാഡി... ജയിലിൽ വിളിച്ച് എന്നെ തൂക്കിക്കൊല്ലാൻ ഒരു കയറെടുത്തുവയ്ക്കാൻ പറ ഡാഡി... ഞാനിന്നിവനെ കൊല്ലും...

ബോബി: [ഫോണിൽ] ഏയ്... ഗർഭം ഉണ്ടാവാൻ വഴിയില്ല.
ഉണ്ണുണ്ണി: [ആത്മഗതം] ങേ... എന്റെ ദൈവമേ! ഡെയ്സിക്ക് ഗർഭമോ?
ബോബി: വെറുതെ കളിക്ക് തുടങ്ങിയ ബന്ധമാണ് ചേട്ടാ.
ഉണ്ണുണ്ണി: നിനക്ക് കളിച്ച് ഗർഭമുണ്ടാക്കാനാണോടാ എന്റെ ഭാര്യ.
ബോബി: അവളുടെ കാര്യം നോക്കണ്ട. നമുക്ക് നമ്മുടെ മാനം രക്ഷിച്ചാ മതി.
ഉണ്ണുണ്ണി: അപ്പോ എനിക്ക്, മാനമില്ലേടാ ദുഷ്ടാ.
ബോബി: എന്തായാലും കുഴപ്പമായി. ഇനി എനിക്ക് എങ്ങനെയെങ്കിലും ഇതിൽ നിന്ന് ഊരിയാൽ മതി.
ഉണ്ണുണ്ണി: ഇതീന്ന് നീയങ്ങനെ വേഗം ഊരാമെന്ന് വിചാരിക്കണ്ട. നിന്റെ ഞാൻ ഊരിക്കത്തില്ലെടാ തെണ്ടി. നീ ഊരുന്നതൊന്നു കാണട്ടെടാ...
ബോബി: ഇങ്ങനെയൊരു ടെസ്റ്റ് നടത്തിയാൽ അറിയാമല്ലേ? ഏയ്... ഒരാൾക്കുമറിയില്ല. ഡെയ്സിക്ക് മാത്രമേ അറിയൂ. അവൾ എന്റെ അടുത്തുണ്ട്. ഇല്ലില്ല. അവൾ ആരോടും പറയില്ല. നമുക്ക് വിശ്വസിക്കാം. ഇങ്ങനെയൊരു അബദ്ധത്തത്തിൽ ചെന്ന് ചാടുമെന്ന് വിചാരിച്ചില്ല. ശരി ഞാൻ വയ്ക്കട്ടെ?
ഉണ്ണുണ്ണി: ഇത്രയും വച്ചത് പോരേടാ. ഇനിയും വയ്ക്കണോ.

അഭിനേതാക്കൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=മിന്നാരം&oldid=17990" എന്ന താളിൽനിന്ന് ശേഖരിച്ചത്