മാർസൽ പ്രൂസ്ത്
വാലെന്റിൻ ലൂയി ജോർജ്ജെസ് യൂജിൻ മാർസെൽ പ്രൂസ്ത് (ഫ്രെഞ്ച് IPA: [maʀ'sɛl pʀust]) (ജൂലൈ 10, 1871 – നവംബർ 18, 1922) ഫ്രഞ്ച് ബുദ്ധിജീവിയും, നോവലിസ്റ്റും, ഉപന്യാസകാരനും വിമർശകനുമായിരുന്നു. ഇൻ സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം (ഫ്രെഞ്ച് ഭാഷയിൽ À la recherche du temps perdu, എന്ന കൃതിയുടെ രചയിതാവ് എന്ന നിലയിലാണ് ആണ് പ്രൂസ്ത് പ്രശസ്തൻ.
[[1]]
- കാലാവസ്ഥയിലെ ചെറിയൊരു മാറ്റം മതി നമ്മെയും ലോകത്തെയും പുനഃസൃഷ്ടിക്കാൻ.
- ശക്തമായ ഒരാശയം അതിനെ വെല്ലുവിളിയ്ക്കുന്നവനിലേക്കും അതിന്റെ ശക്തിയുടെ ഒരംശം പകരുന്നുണ്ട്.
- ചോദിക്കേണ്ടതു ചോദിക്കാൻ മനുഷ്യനു സ്വാതന്ത്ര്യമുള്ള കാലത്തോളം, തൻ ചിന്തിക്കുന്നതു തുറന്നു പറയാൻ അവനു സ്വാതന്ത്ര്യമുള്ള കാലത്തോളം, തന്റെ ഇച്ഛയ്ക്കനുസരിച്ചു ചിന്തിക്കാൻ അവനു സ്വാതന്ത്ര്യമുള്ള കാലത്തോളം സ്വാതന്ത്ര്യം നഷ്ടപ്പെടാൻ പോകുന്നില്ല, ശാസ്ത്രം പിന്നോട്ടടിക്കാനും.
- ഞരമ്പുരോഗികൾ വഴി വന്നതായിട്ടേ, ലോകത്തു മഹത്തായിട്ടെന്തെങ്കിലുമുള്ളു: നമ്മുടെ മതങ്ങൾ സ്ഥാപിച്ചതവരാണ്, അവരാണു നമ്മുടെ പ്രകൃഷ്ടകൃതികൾ രചിച്ചവരും.
- അല്പനേരം സ്വപ്നം കാണുന്നത് അപകടകരമാണെങ്കിൽ അതിനുള്ള പ്രതിവിധി അതിലും കുറച്ചു നേരം സ്വപ്നം കാണുക എന്നതല്ല, അതിലും കൂടുതൽ നേരം സ്വപ്നം കാണുക എന്നതാണ്, ഏതു നേരവും സ്വപ്നം കാണുക എന്നതാണ്.
- രോഗം എന്ന വൈദ്യനെ അനുസരിക്കാൻ നമുക്കെന്തു താല്പര്യമാണെന്നോ! അനുകമ്പയോടും അറിവിനോടും നാം വാക്കു കൊടുക്കുന്നതേയുള്ളു; വേദനയെ നാം അനുസരിക്കും.
- രോഗബാധിതരാവുന്ന നിമിഷങ്ങളിലാണ് ഇങ്ങനെയൊരു തിരിച്ചറിവിനു നാം നിർബന്ധിതരാവുക: നാം ജീവിക്കുന്നതൊറ്റയ്ക്കല്ല, ഒരന്യഗ്രഹജീവിയുമായി, നമ്മെക്കുറിച്ചൊരറിവുമില്ലാത്ത, നമുക്കു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാനാവാത്ത ഒരു ജന്തുവുമായി തളഞ്ഞു കിടക്കുകയാണു നാമെന്ന്; ഉടൽ എന്നാണ് ആ ജീവിയ്ക്കു പേര്.
- അന്യർ മരിച്ചുപോയതു കൊണ്ടല്ല, നമുക്കവരോടുള്ള മമത കുറഞ്ഞുവരുന്നത്, മറിച്ച് നാം തന്നെ മരിക്കുകയാണെന്നതു കൊണ്ടു തന്നെ.
- നമ്മെ സന്തോഷിപ്പിക്കുന്നവരോട് നാം നന്ദിയുള്ളവരായിരിക്കുക; എന്തെന്നാൽ നമ്മുടെ ഹൃദയപുഷ്പങ്ങളെ വിടർത്തുന്ന ഉദ്യാനപാലകരാണവർ.
- കലയിലൂടെയേ നമുക്കു നമ്മിൽ നിന്നു പുറത്തു കടക്കാൻ കഴിയൂ, മറ്റൊരാൾ കാണുന്നതെന്താണെന്നു കാണാൻ കഴിയൂ.
- ആളുകൾ പലതരം ആനന്ദങ്ങൾ അനുഭവിക്കുന്നുണ്ടാവാം; ഏതിനു വേണ്ടി അവർ അന്യരെ കൈയൊഴിയുന്നുവോ, അതു തന്നെ അവരുടെ യഥാർത്ഥമായ ആനന്ദം.
- നീന്തൽ പഠിക്കണമെന്ന് ആളുകൾക്കു വലിയ ആഗ്രഹമാണ്, ഒപ്പം ഒരു കാൽ കരയിൽത്തന്നെ വേണമെന്നും.
- എത്ര വേഗമാണ് ആ നിമിഷം വന്നെത്തുന്നത്, കാത്തിരിക്കാൻ യാതൊന്നും ശേഷിക്കാത്ത ആ നിമിഷം!
- യാഥാർത്ഥ്യത്തിന് എത്ര കുറച്ചു പ്രാധാന്യമേ നാം കൊടുക്കുന്നുവെന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ് പ്രണയം.
- വാസ്തവത്തിൽ ഏതു വായനക്കാരനും വായിക്കുന്ന നേരത്ത് തന്റെ തന്നെ വായനക്കാരനാണ്.
- ഒരു സ്രഷ്ടാവിന്റെ ആവശ്യമില്ലാതെ തന്നെ പൂർണ്ണമാണു സൃഷ്ടിയെന്നു കാണുന്ന ഒരു നിരീശ്വരവാദിയുടെ ദൈവനിഷേധം തന്നെ ഏറ്റവും വലിയ ദൈവസ്തുതി.