മാർക്ക് ട്വൈൻ (സാമുവൽ ലാങ്ങ്ഹോൺ ക്ളെമെൻസ് ) 1835-1910. അമേരിക്കൻ നോവലിസ്റ്റും ഹാസ്യസാഹിതകാരനും. ടോം സായർ, ഹക്കിൾബറി ഫിൻ എന്നിവ പ്രധാനപ്പെട്ട കൃതികൾ.


1


തന്റെ കൂടി സമ്മതമില്ലാതെ സ്വസ്ഥനാവാൻ മനുഷ്യനു പറ്റില്ല.


2


എപ്പോഴും ശരി തന്നെ ചെയ്യുക. ചിലരെ അതു കൃതാർത്ഥരാക്കും; ശേഷിച്ചവരെ അത്ഭുതസ്തബ്ധരും.


3


ഇംഗ്ളീഷുകാരൻ ഒരു സംഗതി ചെയ്യുന്നുണ്ടെങ്കിൽ പലരും അതു മുമ്പു ചെയ്തിട്ടുള്ളതുകൊണ്ടാണ്‌. അമേരിക്കക്കാരൻ ഒരു കാര്യം ചെയ്യുന്നത് മുമ്പാരും അതു ചെയ്തിട്ടില്ലാത്തതുകൊണ്ടും.


4


ആരോഗ്യസംബന്ധിയായ പുസ്തകങ്ങൾ വായിക്കുമ്പോൾ നല്ല ജാഗ്രത വേണം. ഒരക്ഷരത്തെറ്റു കൊണ്ട് നിങ്ങൾ മരിച്ചുവെന്നു വരും.


5


ധൈര്യമെന്നാൽ ഭയത്തെ പ്രതിരോധിക്കുക എന്നാണ്‌, ഭയത്തെ വരുതിയിലാക്കുക എന്നാണ്‌, ഭയമില്ല എന്നല്ല.


6


ലോകം നിങ്ങൾക്കു കടക്കാരനാണെന്നു പറഞ്ഞുനടക്കാതെ. ലോകത്തിനു നിങ്ങളോടൊരു കടവുമില്ല; നിങ്ങൾക്കു മുമ്പേ അതുണ്ട്.


7


വ്യാമോഹങ്ങളുമായി വഴി പിരിയരുത്. അവ പൊയ്ക്കഴിഞ്ഞാലും നിങ്ങളുണ്ടാവും; പക്ഷേ ജീവന്റെ ലക്ഷണമുണ്ടാവില്ല.


8


ആദ്യം വസ്തുതകളെ കൈയിലാക്കുക; പിന്നെ നിങ്ങളുടെ ഇഷ്ടമനുസരിച്ച് അവയെ വളച്ചൊടിക്കുകയാവാം.


9


ജോർജ്ജു വാഷിങ്ങ്ടണെക്കാൾ ഉയർന്നതും മഹത്തരവുമായ ഒരു വിശ്വാസപ്രമാണത്തിനുടമയാണു ഞാൻ: അദ്ദേഹത്തിനു കള്ളം പറയാൻ കഴിയുമായിരുന്നില്ല; എനിക്കു കള്ളം പറയാൻ പറ്റും, പക്ഷേ ചെയ്യില്ല.


10


എന്റെ പള്ളിക്കൂടപ്പഠിപ്പ് എന്റെ വിദ്യാഭ്യാസത്തിനിടംകോലിടാൻ ഞാനിതുവരെ ഇടം കൊടുത്തിട്ടില്ല.


11


ഉറങ്ങുകയും കിടക്കുകയുമല്ലാതൊരു വ്യായാമം എനിക്കില്ല.


12


താനൊരു നുണയനാണെന്നു സമ്മതിക്കുമ്പോഴല്ലാതെ മനുഷ്യൻ സത്യസന്ധനാവാറില്ല.


13


പൂച്ചയെ വാലിനു തൂക്കിപ്പിടിച്ചു നടക്കുന്നവൻ മറ്റൊരു വഴിയിലൂടെയും പഠിക്കാനാവാത്ത ചിലതു പഠിക്കുന്നുണ്ട്.


14


ഒരാളുടെ സ്വഭാവം പഠിക്കാൻ സംസാരത്തിനിടയിൽ അയാൾ പതിവായി ഉപയോഗിക്കുന്ന വിശേഷണപദങ്ങൾ ശ്രദ്ധിച്ചാൽ മതി.


15


ചിരിയുടെ പ്രത്യാക്രമണത്തിനു മുന്നിൽ ഒരു പ്രതിരോധവുമേശില്ല.


16


നിങ്ങൾക്കാകെ വേണ്ടത് അജ്ഞതയും ആത്മവിശ്വാസവുമാണ്‌; എങ്കിൽ വിജയം നിങ്ങൾക്കുറപ്പുമാണ്‌.


17


ക്വാളിഫ്ളവറെന്നു പറഞ്ഞാൽ കാബേജു തന്നെ; കോളേജുവിദ്യാഭ്യാസം കിട്ടിയിട്ടുണ്ടെന്നേയുള്ളു.


18


ക്ളാസ്സിക് - ആളുകൾ പുകഴ്ത്തുകയും വായിക്കാതിരിക്കുകയും ചെയ്യുന്ന പുസ്തകം.


19


നിങ്ങൾ ഏറ്റവും ഭയക്കുന്ന കാര്യം ചെയ്യൂ; ഭയത്തിന്റെ മരണം ഉറപ്പാണ്‌.


20


എന്തിനുമൊരു പരിധിയുണ്ട്: ഇരുമ്പയിരിനു വിദ്യാഭ്യാസം കൊടുത്താൽ അതു സ്വർണ്ണമാകുമോ?


21


അതിപരിചയം അവജ്ഞ ജനിപ്പിക്കും; കുട്ടികളെയും.


22


തന്നെ ചവിട്ടിയരച്ച കാലടിയ്ക്കു മേൽ പൂവു ചൊരിയുന്ന പരിമളമാണ്‌ ക്ഷമ.


23


വലി നിർത്തുന്നപോലെ എളുപ്പമുള്ള സംഗതി ലോകത്തു വേറെയില്ല. എനിക്കതറിയാം; ഒരായിരം തവണ ഞാനതു ചെയ്തിട്ടുള്ളതല്ലേ.


24


നല്ല സുഹൃത്തുക്കൾ, നല്ല പുസ്തകങ്ങൾ, ഉറക്കം തൂങ്ങുന്നൊരു മനഃസാക്ഷിയും: ഇത്രയൊക്കെയായാൽ ആദർശജീവിതമായി.


25


എന്നെക്കുറിച്ചു നല്ലതൊന്നു പറഞ്ഞുകേട്ടാൽ അതു മതി, രണ്ടു മാസത്തേക്ക് എനിക്കു ജീവിച്ചുപോകാൻ.


26


പുസ്തകത്തിന്‌ സ്വന്തമായിട്ടൊരു ക്രമമുണ്ടാവാൻ പാടില്ല. വായനക്കാരൻ അതു താനായി കണ്ടെത്തണം.


27


സത്യമാണു നിങ്ങൾ പറയുന്നതെങ്കിൽ ഓർമ്മശക്തിയുടെ ആവശ്യവും നിങ്ങൾക്കില്ല.


28


ബൈബിളിലെ മനസ്സിലാവാത്ത ഭാഗങ്ങൾ വായിച്ചിട്ടല്ല എന്റെ മനസ്സമാധാനം പോയത്, മനസ്സിലാവുന്ന ഭാഗങ്ങൾ വായിച്ചിട്ടാണ്‌.


29


നാടിനോടുള്ള കൂറ്‌ എന്നെന്നും. സർക്കാരിനോടുള്ള കൂറ്‌ അതർഹിക്കുമ്പോൾ മാത്രവും.


30


അസംഖ്യം പാപങ്ങൾക്കു മറയാണ്‌ ഒരു രക്തസാക്ഷ്യം.


31


എന്റെ പുസ്തകങ്ങൾ വെള്ളം പോലെയാണ്‌, മഹാപ്രതിഭകളുടേത് വീഞ്ഞു പോലെയും. (ഭാഗ്യത്തിന്‌) വെള്ളം എല്ലാവരും കുടിക്കുന്നതുമാണ്‌.


32


ദൈവത്തിനസാദ്ധ്യമായി ഒരു സംഗതിയേയുള്ളു: ഈ ഗ്രഹത്തിലെ പകർപ്പവകാശനിയമങ്ങളിൽ എന്തെങ്കിലുമൊരു യുക്തിയുണ്ടോയെന്നു കണ്ടുപിടിയ്ക്കുക.


33


ദേശാഭിമാനി - താനെന്തിനെക്കുറിച്ചാണോളിയിടുന്നതെന്നറിയാതെ ഏറ്റവും ഉച്ചത്തിൽ ഓളിയിടാനറിയാവുന്ന വ്യക്തി.


34


സ്വയം ഉന്മേഷവാനാവാനുള്ള ഏറ്റവും നല്ല വഴി മറ്റൊരാളെ ഉന്മേഷവാനാക്കുക എന്നതാണ്‌.


35


കൃത്യമായ വാക്കും ഒരുവിധം കൃത്യമായ വാക്കും തമ്മിലുള്ള വ്യത്യാസം മിന്നലും മിന്നാമിന്നിയും തമ്മിലുള്ള വ്യത്യാസം പോലെ തന്നെ.


36


ജീവിതഭയത്തിന്റെ തുടർച്ചയാണ്‌ മരണഭയം. ജീവിതം നിറഞ്ഞുജീവിച്ചൊരാൾ ഏതുനേരം മരിക്കാനും തയാറായിരിക്കൂം.


37


ഭീരുക്കളുടെ വർഗ്ഗമാണ്‌ മനുഷ്യവർഗ്ഗം. ആ ഘോഷയാത്രയിൽ ഞാനും ചുവടു വയ്ക്കുന്നു എന്നു മാത്രമല്ല, കൊടി പിടിയ്ക്കുന്നതും ഞാൻ തന്നെ.


38


നല്ല പുസ്തകങ്ങൾ വായിക്കാത്തൊരാൾക്ക് പുസ്തകമേ വായിക്കാത്തൊരാളെക്കാൾ മെച്ചം പറയാനൊന്നുമില്ല.


39


പുരസ്കാരങ്ങൾ തിരസ്കരിക്കുക എന്നത് സാമാന്യത്തിലുമധികം ഒച്ചപ്പാടോടെ അവയെ സ്വീകരിക്കുന്നതിനുള്ള മറ്റൊരു വഴി തനെ.


40


സംശയം തോന്നുമ്പോൾ സത്യം തന്നെ പറഞ്ഞേക്കുക.


41


നിങ്ങളെന്തു ചെറുപ്പമാണെന്നു കൂട്ടുകാർ പുകഴ്ത്താൻ തുടങ്ങുമ്പോൾ മനസ്സിലാക്കിക്കോളുക, നിങ്ങൾക്കു പ്രായമായിത്തുടങ്ങിയെന്ന്.

"https://ml.wikiquote.org/w/index.php?title=മാർക്ക്‌_ട്വൈൻ&oldid=11962" എന്ന താളിൽനിന്ന് ശേഖരിച്ചത്