ഫ്രാൻസിസ് ബേക്കൺ
'ഫ്രാൻസിസ് ബേക്കൺ (1561-1626) - ഇംഗ്ളീഷ് ചിന്തകനും, രാഷ്ട്രതന്ത്രജ്ഞനും, ശാസ്ത്രജ്ഞനും, എഴുത്തുകാരനും, നിയമപണ്ഡിതനും, ശാസ്ത്രീയരീതിയുടെ ഉപജ്ഞാതാവും
1. തനിയ്ക്കു കിട്ടുന്നതിലുമധികം അവസരങ്ങൾ താനായിട്ടുണ്ടാക്കും, ബുദ്ധിമാനായ ഒരാൾ.
2. പഴയതായാൽ നന്നാവുന്ന നാലുണ്ട്: പഴയ മരം എരിക്കാൻ കൊള്ളാം, പഴയ വീഞ്ഞു കുടിയ്ക്കാൻ കൊള്ളാം, പഴയ സുഹൃത്തുക്കളെ വിശ്വസിക്കാൻ കൊള്ളാം, പഴയ എഴുത്തുകാരെ വായിക്കാൻ കൊള്ളാം.
3. വികൃതമായ ചരിത്രമാണ്, പുരാതനവസ്തുക്കൾ; അഥവാ, കാലത്തിന്റെ കപ്പൽച്ചേതത്തിൽ നിന്ന് യാദൃച്ഛികമായി രക്ഷപ്പെട്ട ചരിത്രത്തിന്റെ ശേഷിപ്പുകൾ.
4. അനന്തം ഇന്ദ്രിയങ്ങൾക്കനുഭൂതമാവുമ്പോൾ നാമതിനെ സൗന്ദര്യം എന്നു പറയുന്നു.
5. പക്ഷേ മനുഷ്യനറിയണം, മനുഷ്യജീവിതമെന്ന രംഗവേദിയിൽ കാഴ്ചക്കാരാവാനുള്ള അവകാശം ദൈവത്തിനും മാലാഖമാർക്കും മാത്രമേയുള്ളുവെന്ന്.
6. ഒരു കാര്യം തീർച്ചയാണ്: ഏറ്റവും ഉത്കൃഷ്ടമായ സൃഷ്ടികൾ, മനുഷ്യർക്കേറ്റവും ഉപകാരപ്രദമായ സൃഷ്ടികൾ നടത്തിയിരിക്കുന്നത് അവിവാഹിതരായ, അല്ലെങ്കിൽ കുട്ടികളില്ലാത്തവർ തന്നെ.
7. കുട്ടികളുണ്ടായാൽ ജീവിതായാസത്തിനു മധുരം കൂടുമെന്നതു ശരി; ദൗർഭാഗ്യങ്ങളുടെ കയ്പ്പു കൂട്ടാനും അവർ മതി എന്നതു മറക്കരുത്.
8. നിങ്ങൾക്കേറ്റവും ഉപകരിക്കുന്ന ജിവിതരീതി തിരഞ്ഞെടുക്കുക; ശീലം അതിനെ പിന്നെ നിങ്ങൾക്കു ഹിതകരവുമാക്കിക്കോളും.
9. പ്രശസ്തി പുഴയെപ്പോലെയാണ്: ഭാരം കുറഞ്ഞവയും ചീർത്തവയും അതിൽ പൊന്തിയൊഴുകും; ഭാരവും ഈടുമുള്ളവ അതിൽ മുങ്ങിക്കിടക്കും.
10. ഒരാളെ ഞെട്ടിക്കാനും, തുറന്നു കാട്ടാനും അപ്രതീക്ഷിതവും ധീരവുമായൊരു ചോദ്യം മതി.
11. ഞാനെന്റെ ആത്മാവിനെ ദൈവത്തിനു വിട്ടുകൊടുക്കുന്നു; എന്റെ ശരീരം അജ്ഞാതമായൊരു സംസ്കാരത്തിനും. എന്റെ പേരും എന്റെ ഓർമ്മയും അന്യരുടെ അനുഭാവപൂർണ്ണമായ സംസാരത്തിനു ഞാൻ വിട്ടുകൊടുക്കുന്നു; അന്യദേശങ്ങൾക്കും വരാനുള്ള കാലത്തിനും.
12. ഭാഗ്യം ഒരു ചന്ത പോലെയാണ്; അല്പം ക്ഷമിക്കാൻ തയാറാണെങ്കിൽ പലപ്പോഴും വില കുറഞ്ഞുകിട്ടും.
13. സമയം മോഷ്ടിക്കുന്നവരാണു സുഹൃത്തുക്കൾ.
14. സൌഹൃദസന്ദർശനങ്ങൾ സൌഹൃദമുറപ്പിയ്ക്കും; സന്ദർശനങ്ങൾ അപൂർവമായിരിക്കുമെങ്കിൽ.
15. മരണത്തെയല്ല, മരണമുഹൂർത്തത്തെയാണ് മനുഷ്യൻ ഭയക്കുന്നതെന്നാണ് എന്റെ വിശ്വാസം.
16. ഞാനൊരിക്കലും വൃദ്ധനാവില്ല. എന്നെ സംബന്ധിച്ചിടത്തോളം, വൃദ്ധനാവുക എന്നു പറഞ്ഞാൽ എന്നെക്കാൾ 15 വയസ്സു കൂടുതലാവുക എന്നാണർത്ഥം.
17. നാം നീതി പുലർത്തുന്നില്ലെങ്കിൽ നീതി നമ്മെ പുലർത്തുകയുമില്ല.
18. പക വീട്ടുമ്പോൾ ഒരാൾ അയാളുടെ ശത്രുവിനൊപ്പമെത്തുന്നതേയുള്ളു; അതിനെ മറി കടക്കാൻ കഴിഞ്ഞാൽ അയാൾ മറ്റേയാളെക്കാൾ ഉന്നതനായി.
19. ജനനം പോലെ തന്നെ സ്വാഭാവികമാണു മരണവും; ഒരു കൈക്കുഞ്ഞിനൊരുപക്ഷേ ഒന്നുപോലെ വേദനാജനകമാവാം മറ്റേതും.
20. ജീവിതം, വേദന തിന്നാൻ ഒരു യുഗം, ആനന്ദിക്കാൻ ഒരു നിമിഷം.
21. മനുഷ്യർ മരണത്തെ ഭയക്കുന്നത് കുട്ടികൾ ഇരുട്ടിനെ ഭയക്കുന്ന പോലെയാണ്; കെട്ടുകഥകൾ കുട്ടികളുടെ ഭയത്തെ വളർത്തുന്ന പോലെയാണു മറ്റേതും.
22. പണം വളം പോലെയാണ്; വിതറിയാലേ ഫലമുള്ളു.
23. പ്രകൃതിയെ വശത്താക്കണമെങ്കിൽ നാമതിനു വശപ്പെടുകയും വേണം.
24. ആളുകളുടെ ചിന്ത പൊതുവേ അവരുടെ മനോഭാവത്തിനനുസരിച്ചായിരിക്കും; സംസാരം ആർജ്ജിതജ്ഞാനത്തിനനുസരിച്ചായിരിക്കും; പ്രവൃത്തി പക്ഷേ നാട്ടുനടപ്പനുസരിച്ചും.
25. വായിക്കുക, നിഷേധിക്കാനും ഖണ്ഡിക്കാനുമല്ല, വിശ്വസിക്കാനും പാടേ വിഴുങ്ങാനുമല്ല...വിവേചിക്കാനും ആലോചിക്കാനും.
26. ചില പുസ്തകങ്ങൾ രുചി നോക്കിയാൽ മതി, മറ്റു ചിലത് വിഴുങ്ങിയാലേ പറ്റൂ; വേറേ ചിലതുണ്ട്, ചവച്ചരച്ചു ദഹിപ്പിക്കേണ്ടവ.
27. തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നതിനോടു ബന്ധപ്പെട്ടതാണ്, തന്റെ അയൽക്കാരനെപ്പോലെ തന്നെയും വെറുക്കുക എന്നത്.
28. രക്ഷിതാക്കളുടെ സന്തോഷങ്ങൾ ആരും കാണുന്നില്ല; അതുപോലെ തന്നെയാണ് അവരുടെ വേദനകളും ഭീതികളും.
29. പകയെക്കുറിച്ചുതന്നെ ചിന്തിച്ചിരിക്കുന്നവന്റെ മുറിവുകൾ ഉണങ്ങുകയുമില്ല.
30. ഏകാന്തതയിൽ അത്ര രമിക്കുന്നവൻ ഒന്നുകിൽ ഒരു കാട്ടുമൃഗമായിരിക്കും, അല്ലെങ്കിൽ ഒരു ദേവൻ.
31. ഒരാൾ തന്റെ ദുരിതങ്ങൾ ചിരിച്ചുതള്ളിയാൽ അയാൾക്കു നഷ്ടപ്പെടുന്ന സ്നേഹിതന്മാർ അനേകമായിരിക്കും; തങ്ങളുടേതായ ഒരവകാശം നഷ്ടപ്പെടുത്തിയതിന് അവർ അയാൾക്കു മാപ്പു കൊടുക്കില്ല.
32. പേടിയെപ്പോലെ പേടിപ്പെടുത്തുന്നതായി മറ്റൊന്നില്ല.