പോരുന്നോ കൂടെ, പൂക്കളം കണ്ടു നടക്കാൻ
പോരുന്നോ കൂടെ പൂവിളി കേട്ട് നടക്കാൻ
ഓണപ്പൂവിളി കേട്ട് നടക്കാൻ
പോരുന്നോ കൂടെ പൂക്കളം കണ്ട് നടക്കാൻ
ഓണപ്പൂക്കളം കണ്ട് നടക്കാൻ
ഒന്നാം ദിനം അത്തം നാൾ
ആദിത്യന്റെ പൊൻതിരുന്നാൾ
മഞ്ഞമുത്തുകൾ പൊഴിഞ്ഞു കിടക്കും
ഒരു നിരയിട്ട പൂക്കളം കാണാം
സമ്പൽ സമൃദ്ധിയുടെ പൂക്കളം കാണാം
പോരുന്നോ കൂടെ പോരുന്നോ കൂടെ
അത്തപ്പൂക്കളം കാണാൻ
ചിത്തിരപ്പൂക്കും രണ്ടാം നാൾ
ചിത്തിരത്തുമ്പികൾ പാറി നടക്കും
വെൺതളിർ പ്രവാളങ്ങൾ ഈണമിട്ട
രണ്ട് നിരയിട്ട പൂക്കളം കാണാം
പോരുന്നോ കൂടെ പോരുന്നോ കൂടെ
ചിത്തിരപ്പൂക്കളം കാണാൻ
ചോതിപ്പെണ്ണിന്റെ ചോന്ന ചേലൊത്ത
ഗോമേദകപ്പൂക്കൾ മിന്നും പൂക്കളം കാണാം
മൂന്ന് നിരയൊത്ത പൂക്കളം കാണാം
പോരുന്നോ കൂടെ പോരുന്നോ കൂടെ
ചോതിപ്പൂക്കളം കാണാൻ
നാലാം നാളിൽ
പുഷ്പരാഗങ്ങൾ നാലായ് വിരിപ്പിട്ട
വിശാഖപ്പൂക്കളം കാണാം
അഞ്ചാം നാളിൽ
ഇന്ദ്രനീലപ്പൂക്കൾ അഞ്ചായ് വിരിപ്പിട്ട
അനിഴപ്പൂക്കളം കാണാം
പോരുന്നോ കൂടെ പൂക്കളം കാണാം
മതിയും കൊതിയും തീരുന്ന
ഓണപ്പൂക്കളം കാണാം
മരതകപ്പൂക്കൾ മയങ്ങിക്കിടക്കും
തൃക്കേട്ടപ്പൂക്കളം കാണാം
വൈഡൂര്യപ്പൂക്കൾ ഇന്ദ്രജാലം കാട്ടും
മൂലപ്പൂക്കളം കാണാം
കാക്കപ്പൂപ്പാടം നിറഞ്ഞ
പൂരാടപ്പൂക്കളം കാണാം
മാണിക്യപ്പൂക്കൾ പൂത്തുലഞ്ഞ
ഉത്രാടപ്പൂക്കളം കാണാം
ഒടുവിലൊടുവിൽ പത്താം നാൾ
പത്തര മാറ്റിന്റെ പത്തുനിരയിട്ട പൂക്കളം കാണാം
മാരിവിൽ മുത്തുകൾ കോർത്ത
തിരുവോണപ്പൂക്കളം കാണാം
പോരുന്നോ കൂടെ പൂക്കളം കാണാൻ
ഓണപ്പൂക്കളം കാണാൻ മാവേലി തമ്പ്രാന്റെ
മണിത്തൂവൽ ചിറകുള്ള ചിരി കാണാൻ
തുമ്പപ്പൂക്കളുടെ തൂവെള്ള ചിരി കേൾക്കാൻ