പൂവേ പൊലി
കേരളത്തിലെ പരമ്പരാഗതമായ ഒരു നാടൻ പാട്ട് ആണ് തുമ്പത്തോണി. ഇത് പൂവേ പൊലി എന്ന പേരിലും അറിയപ്പെടുന്നു. ജന്മി-കുടിയാൻ കാലഘട്ടത്തിൽ, തിരുവോണത്തിനു കുടിയാന്മാർ കാർഷിക വിഭവങ്ങൾ ജന്മിക്കു കാണിക്കവയ്ക്കുന്ന അവസ്ഥയെ പ്രതിപാദിക്കുന്ന ഒരു പാട്ടാണ് ഇത്.[1][2][3]
തുമ്പേലരിമ്പേലൊരീരമ്പൻ തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ..
പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി.......
അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി
മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി.....
''തുമ്പത്തോണി എന്ന പേരിലും അറിയപ്പെടുന്ന ഈ പാട്ടിനു വള്ളുവനാടൻ പ്രദേശങ്ങളിൽ അല്പം വ്യത്യാസമുണ്ട്. അവിടെ പാടുന്നത് താഴെ കൊടുക്കുന്നു.
തെക്കേക്കര വടക്കേക്കര
കണ്ണാന്തളി മുറ്റത്തൊരു തുമ്പ മുളച്ചു.
തുമ്പ കൊണ്ടമ്പൊരു തോണി ചമഞ്ഞു
തോണിത്തലപ്പത്തൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും പാടാനും
പറ പറക്കോല്
തുടി തുടിക്കോല്
കൂടെപ്പെറന്ന
പൂവേ പൊലി പൂവേ പൊലി പൂവേ..
- ↑ കൊഴിയരുത് പാട്ടിലെ പൂക്കൾ (in Malayalam). Manorama (2017-09-02).
- ↑ ഓമനിക്കാൻ ചില ഓണപ്പാട്ടുകൾ (in Malayalam). Metrovaartha (2024-09-17).
- ↑ ചില ഓണച്ചൊല്ലുകൾ (in Malayalam). Balasangham.