പഴഞ്ചൊല്ലുകൾ/സ
'സ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- സങ്കടക്കോഴിക്ക് പണംമൂന്ന്.
- സങ്കല്പമില്ലാതെ നിവേദ്യമരുത്.
- സഞ്ചിയെടുത്തവരെല്ലാം വൈദ്യന്മാരോ.
- സത്യക്കോടതിയല്ല, ന്യായക്കോടതിയല്ലേ.
- സത്യത്തിന് കാലുനാല്.
- സത്യത്തിനെന്നും പതിനാറുവയസ്സ് എങ്ങനെ .
- സത്യം കയ്ക്കും അസത്യം മധുരിക്കും.
- സത്യം ജയിക്കും.
- സത്യം പറഞ്ഞാൽ സമ്മാനം.
- സത്യം പറഞ്ഞാൽ സാത്താൻ നാണിക്കും.
- സത്രത്തിലെ ഊണിന് നായ്ക്കന്റെ ഉത്തരവോ.
- സന്താപത്തിന് ശേഷം സന്തോഷം.
- സന്തോഷത്തിന് ശേഷം സന്താപം.
- സന്തോഷമാണ് ചുമടെങ്കിൽ ചുമടൊരു ചുമടല്ല.
- സന്തോഷം തന്നെ സമ്പത്ത്.
- സന്ധ്യക്കടിച്ചോന് സാക്ഷിയാര്.
- സന്ധ്യയ്ക്ക് തളിക്കുകയും വിളക്കുകൊളുത്തുകയുമരുത് (സന്ധ്യയ്ക്ക് മുൻപ് വേണം).
- സമൻസില്ലാതെ ഹാജരാകരുത്.
- സമുദ്രത്തിൽ നിന്ന് മുക്കിയാലും പാത്രത്തിൽ കൊള്ളുന്നതേ കിട്ടൂ.
- സമ്പത്തിലും നല്ലത് സൽപ്പേര്.
- സമ്പത്തില്ലാത്തവന് സർവ്വം ശൂന്യം.
- സമ്പത്ത് കാലത്ത് തൈപത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം.
- സമ്പാദിച്ചാൽ സമ്പത്തായി.
- സംസർഗ്ഗ ജാഃ ദോഷഗുണാഃ ഭവന്തി.
- സംസാരംതന്നെ സംസാരം.
- സരിഗമയെന്ന് കയറുമ്പോൾ സനിധപയെന്നിറങ്ങും.
- സർക്കാരുകാര്യം മുറപോലെ.
- സർവ്വവും കവി കണ്ടിടും.
- സൽക്കരിക്കാനാളില്ലാത്തിടത്ത് ചെന്നാൽ തന്നത്താൻ സൽക്കരിക്കു.
- സൽക്കീർത്തി ഇഴയും, ദുഷ്കീർത്തി പായും.
- സൽപ്പേര് തന്നെ സമ്പത്ത്.
- സാക്ഷതപ്പി നേരംവെളുത്തു.
- സാക്ഷിക്കാരന്റെ കൈപിടിക്കുന്നതിലും നല്ലത് ശത്രുവിന്റെ കാൽപിടിക്കുന്നത്.
- സാധനദൂഷ്യമകൗശല ലക്ഷണം.
- സാധുവിരണ്ടാൽ കാട്ടിലിടമില്ല.
- സാമ്പാറുവച്ച് നന്നാക്കാനും കാളൻവച്ച് ചീത്തയാക്കാനും വിഷമം.
- സായ്വിനെ കാണുമ്പോൾ കവാത്ത് മറക്കും.
- സാരം അറിയുന്നവൻ സർൎജ്ഞൻ
- സാള വരുമ്പൊൾ സ്വര വരാ സാര വരുമ്പൊൾ സാള വരാ രണ്ടും കൂടി വരുമ്പോൾ അവസര വരാ
- സിദ്ധാന്തിക്ക് ന്യായാന്യായമില്ല.
- സാരമറിയുന്നവൻ സർവ്വജ്ഞൻ.
- സാഹസം ചോരയിൽ ചോര സാഹസത്തിൽ.
- സിംഹത്തിന്റെ ഗുഹയിൽ കുറുനരി പെറുക.
- സിംഹത്തിന്റെ വാലാകുന്നതിലും നല്ലത് നായിന്റെ തലയാകുന്നത്.
- സിംഹം വിശന്നാലും തവളയെ തിന്നുമോ?
- സുകൃതത്തിന് സ്വർഗ്ഗം.
- സുഖത്തിന് പിൻപേ ദുഃഖം, ദുഃഖത്തിന് പിൻപേ സുഖം.
- സുഖത്തിൽ സഖിമാരേറും.
- സുഖദുഃഖങ്ങൾ വെള്ളത്തിലൊതളങ്ങപോലെ.
- സുഖമുണ്ടെങ്കിൽ ദുഃഖമുണ്ട്.
- സുഖിക്ക് വിദ്യയില്ല.
- സുൽത്താൻ ഫക്കീറായാലും ഫക്കീർ സുൽത്താനായാലും തരമറിയിക്കും.
- സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
- സൂക്ഷിച്ചുനോക്കിയാൽ കാണാത്തതും കാണും.
- സൂക്ഷ്മമില്ലാത്തവന്റെ മുതൽ നാണമില്ലാത്തവൻ തിന്നും.
- സൂചി കടത്താനിടം കൊടുത്താൽ കോടാലി കടത്തും.
- സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടോ?
- സൂചി നോക്കി നാഴി എണ്ണ കത്തിച്ചുകളഞ്ഞു.
- സൂചി പോയ വഴിയേ നൂല് പോകൂ.
- സൂര്യന് മെഴുകുതിരി കത്തിച്ച് കാണിച്ചപോലെ.
- സേതുവിൽ ചെന്നാലും ശനിപ്പിഴ വിടില്ല.
- സേവിച്ച മൂർത്തി മാരണത്തിനായി.
- സൗജന്യം കൊടുക്കുന്നവർക്ക് സ്വൈരമില്ല.
- സ്ത്രീകളുടെ മുടിക്ക് നീളം കൂടും, പക്ഷേ ബുദ്ധിക്ക് കുറയും.
- സ്ഥാനത്തെത്തിയോൻ കോണത്തിരിക്കണം.
- സ്ഥിതിയറിയാത്തോനെ ഉണ്ണാൻ ക്ഷണിക്കരുത്.
- സ്നേഹത്തിന് ഭാരമില്ല.
- സ്നേഹമുള്ളിടത്തേ പരുഷമുള്ളൂ.
- സ്നേഹമൊക്കെ സ്നേഹം തന്നെ, അമരപ്പന്തലിൽ കൈ വയ്ക്കരുത്.
- സ്നേഹം പലപ്പോഴും ദ്രോഹം ചെയ്യും.
- സ്വകാര്യം തിന്നാൽ സുകരം.
- സ്വകാര്യം ഭാര്യയോടും പറയരുത്.
- സ്വത്തിന് വേലി ഇരന്നിട്ടും കെട്ടണം.
- സ്വത്തിന് സ്വാദ് കുറയും.
- സ്വന്തം കാര്യം സിന്ദാബാദ്.
- സ്വന്തം തടി കാക്കാനാകാത്തോൻ അങ്ങടി കാക്കുമോ.
- സ്വപ്നത്തിൽ കണ്ട കാര്യത്തിന് കണ്ണാടിയിൽ കണ്ട പണം.
- സ്വയം പുകഴ്ത്തിയാൽ ഇന്ദ്രനും താഴും.
- സ്വരമുള്ളവന് താളമില്ല, താളമുള്ളവന് സ്വരമില്ല.
- സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്തുക.
- സ്വരം പകർന്നാൽ നിറം പകരും.
- സ്വർഗ്ഗത്തിൽ കട്ടുറുമ്പുപോലെ.
- സ്വർണ്ണത്തിനുണ്ടോ വർണ്ണക്കുറവ്.
- സ്വാമിദ്രോഹിവീടിന് പഞ്ചമഹാപാപങ്ങൾ വാതിൽ.
- സ്വാർത്ഥമില്ലെങ്കിലാർത്തിയില്ല.