പഴഞ്ചൊല്ലുകൾ/ശ
'ശ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- ശകുനമറിയാത്തോൻ ചെന്നറിയും.
- ശകുനം നന്നെന്ന് കരുതി പുലരുവോളം കക്കരുത്.
- ശക്തനു ശാന്തി.
- ശക്തർക്കാഭരണം ക്ഷമ.
- ശക്തിതന്നെ പോരാ, യുക്തിയും വേണം.
- ശക്തിയേക്കാൾ വലുത് യുക്തി.
- ശങ്കയില്ലാ മങ്ക, കൊങ്കയില്ലാ മങ്ക.
- ശങ്കരഷാരടിയുണ്ടെങ്കിലേ നാരായണവാരരുണ്ടാകൂ.
- ശങ്കരാ നീ വന്നടുത്ത് എനിക്കും നിനക്കും ചാക്കടുത്തു.
- ശങ്ക്രാന്തിക്കോഴിക്ക് പണംമൂന്ന്.
- ശഠനോട് ശാഠ്യം വേണം.
- ശണ്ഠകൂടുമ്പോൾ ശൃംഗാരമില്ല.
- ശത്രുചുംബനത്തേക്കാൾ മിത്രതാഡനം നല്ലൂ.
- ശത്രുവിനെ കണ്ട് ഊണും മിത്രത്തെ കണ്ട് കുളിയും.
- ശത്രുവിന്റെ ശത്രു മിത്രം.
- ശനിയാഴ്ച ശവത്തിന്മേലും കത്തിവയ്ക്കരുത്.
- ശംഖനാദം കേട്ടാൽ സൂര്യനുദിക്കുമോ?
- ശംഖായിരം കൊണ്ട് കാശിക്കുപോയാലും തൻപാപം തൻകൂടെ.
- ശംഖിൽ പാർന്നാൽ തീർത്ഥം, ചട്ടിയിൽ പാർന്നാൽ തണ്ണീർ.
- ശംഖുചുട്ടാലും വെണ്മവിടില്ല.
- ശരിക്ക് ശരിയും അരശരി മിച്ചവും.
- ശർക്കരക്കുടത്തിൽ കൈയിട്ടാൽ നക്കാത്തവരുണ്ടോ?
- ശർക്കരപ്പന്തലിൽ തേന്മഴ പൊഴിയുക.
- ശർക്കരവച്ചിട്ട് പൊളിയില നക്കുന്നു.
- ശല്യം സമം മുള്ളംപന്നി.
- ശവത്തിൽ കുത്തി പലയേൽക്കുക.
- ശവം കണ്ട കഴുകനെപ്പോലെ.
- ശവം ചുട്ടവൻ ചാവുകഴിക്കില്ല.
- ശാന്തന് ശത്രുവും മിത്രം.
- ശാന്തൻ കാര്യംനേടും.
- ശാന്തിയേക്കാളന്തസ്സ് ഊരായ്മ.
- ശാന്തിയേറുംതോറും ദാരിദ്ര്യം, ദാരിദ്ര്യമേറുംതോറും ശാന്തി.
- ശാസിച്ചു ചാമച്ചോറൂട്ടുക.
- ശാസിച്ചു പായസച്ചോറൂട്ടുന്നതുപോലെ.
- ശാസ്ത്രം നോക്കിയാൽ മൂത്രമൊഴിക്കാനൊക്കില്ല.
- ശാസ്ത്രം പഠിച്ചാൽ യുക്തി ഫലിക്കും.
- ശാസ്ത്രം മുൻപിലും ശാസ്ത്രികൾ പിൻപിലും.
- ശിദ്ധാന്തത്തിനും കഷണ്ടിക്കും മരുന്നില്ല.
- ശിവനറിയാതെ മരണമില്ല.
- ശിവരാത്രി കഴിഞ്ഞാൽ പാളയെടുക്കാം (വിശറി).
- ശീലംകൊണ്ടു കൈക്കോട്ടുകൊണ്ടും താടിവടിക്കാറാകണം.
- ശീലംപോലെ കോലം.
- ശീലായ്മയനുസരിച്ച ചികിത്സയോ ശീലമനുസരിച്ച ചിതിത്സയോ?
- ശീലിച്ചതേ പാലിക്കൂ.
- ശുക്രനിൽ സുഖിക്കാത്തവനും ആദിത്യനിലലയാത്തവനുമില്ല.
- ശുക്രനെന്നുവച്ച് കണ്ണിൽ ചുണ്ണാമ്പെഴുതരുത്.
- ശുണ്ഠിയിൽ നിന്ന് ശണ്ഠ.
- ശുദ്ധന് സിദ്ധാന്തമില്ല.
- ശുദ്ധനെ വിശ്വസിക്കരുത്.
- ശുദ്ധൻ ദുഷ്ടന്റെ ഫലംചെയ്യും.
- ശുഭസ്യ ശീഘ്രം.
- ശൂലമുനയിൽ നിന്ന് ശില്പതലത്തിലേക്ക്.
- ശെയ്ത്താന്റെ ഇടയിൽ കായം ചേരില്ല.
- ശേഷിയില്ലെങ്കിലും ശേമുഷി വേണം.
- ശേഷിയുള്ളത് ശേഷിക്കും.
- ശേഷിയുള്ളവൻ ശ്രേഷ്ഠൻ.
- ശോകകഥ ശോകൗഷധം.
- ശോകത്തിൽ നിന്ന് ശ്ലോകം.
- ശ്രമമില്ലെങ്കിൽ ശ്രേയസ്സില്ല.
- ശ്രീദേവിയോടൊപ്പം മൂധേവിയും പിറന്നു.
- ശ്രീമാൻ സുഖിയൻ, മുടിയൻ അരിപ്പൻ.
- ശ്രേഷ്ഠത്വമുള്ളവൻ ജ്യേഷ്ഠൻ.
- ശ്ലോകത്തിലായാൽ ശോകവും രസം.
- ശ്വശുരഗൃഹേ പരമസുഖം, മൂന്നാൾ പാർത്താൽ മുറ്റത്ത്.
- ശ്വാസമുണ്ടോ ആശയുണ്ട്.