പഴഞ്ചൊല്ലുകൾ/ഒ
'ഒ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- ഒക്കത്തിരിക്കുന്ന കുഞ്ഞിനെ ഊരിലെല്ലാം തിരയുക.
- ഒക്കത്തു കാശുണ്ടെങ്കിൽ തക്കത്തിൽ കച്ചോടംചെയ്യാം.
- ഒക്കത്തു രണ്ടു പണമുണ്ടായാൽ മുറ്റത്തു രണ്ടു ചാട്ടം.
- ഒക്കാത്ത വേലയ്ക്ക് ഒതുങ്ങാത്ത കൂലി.
- ഒക്കു പുണ്ണുള്ളവൻ ഊതൻ കടക്കുമോ?
- ഒക്കെപ്പോയാലും ഒന്നു മിച്ചം വരും.
- ഒച്ചിന് ഓലത്തുരുമ്പിൽ സുഖം.
- ഒടിക്കാനും തൊലിക്കാനും പറ്റാത്ത പയർ മനയ്ക്കലേക്ക്.
- ഒടിക്കാനും പറ്റില്ല തൊലിക്കാനും പറ്റില്ല.
- ഒടിഞ്ഞ കുന്തം മൂത്തചേകോന്റെ പിടലിക്ക്.
- ഒടിയന്റെ മുൻപിൽ മായംതുള്ളുക.
- ഒടുക്കത്തെയാണ് ഓമനക്കുഞ്ഞ്.
- ഒടുക്കമിരുന്നവൻ കട്ടിലൊടിച്ചു.
- ഒടുവിൽ കുരുത്ത താളം കൊഴിഞ്ഞു.
- ഒടേലിടഞ്ഞ കാളേം പേറ്റിലിടഞ്ഞ പെണ്ണും.
- ഒട്ടകത്തിനിടം കൊടുത്തപോലെ.
- ഒട്ടത്രയും വേണ്ട ഒട്ടിത്രയും വേണ്ട.
- ഒട്ട് അപ്പനെന്നും ഒട്ടു ചിറ്റപ്പനെന്നും വിളിച്ചാലോ?
- ഒട്ടു ചക്കീം ഒട്ടു കണ്ടനും.
- ഒട്ടുമണ്ണ് ചുമരാകുമോ?
- ഒട്ടുമില്ലാത്ത ഉപ്പാട്ടിക്ക് ഒരു കണ്ടം കൊണ്ടാലും പോരെ?
- ഒട്ടും പറയാഞ്ഞാൽ പൊട്ടനാകും.
- ഒട്ടൊക്കും ഒട്ടൊക്കില്ല.
- ഒത്തപണിക്ക് ഒരുകൊട്ട ആപ്പ്.
- ഒത്തവരോടെ ഉത്തരമോതാവൂ.
- ഒത്താലൊത്തു ഇല്ലെങ്കിൽ പോട്ടെ.
- ഒത്തിരുന്നാൽ പത്തുബലം.
- ഒത്തുപിടിച്ചാൽ മലയും മറിയും.
- ഒന്നാമോണം നല്ലോണം രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീംമൂളിം നാലാമോണം നക്കീംതുടച്ചും.
- ഒന്നായാൽ പോരാ, രണ്ടായാൽ പോരും.
- ഒന്നായിരുന്നാലും നന്നായിരിക്കണം.
- ഒന്നാലൊന്നും കുറവല്ല, മുന്നുമറയ്ക്കാൻ തുണിയില്ല.
- ഒന്നിനും കൊള്ളാത്തതൊന്നുമില്ല.
- ഒന്നിൽ പിഴച്ചാൽ മൂന്ന്.
- ഒന്നു കിട്ടിയാൽ പിന്നെ വേറൊന്ന്.
- ഒന്നുകൾ ചേർത്തിട്ടൊരുനൂറ്.
- ഒന്നുകിൽ ആന പെടും, അരചൻ പെടും, ഞാൻ പെടും, നീ പെടും.
- ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക് പുറത്ത്.
- ഒന്നുകിൽ ഏട്ടൽ വേലികെട്ടിക്കോളൂ, ഞാൻ ചാത്തമുണ്ണാൻ പൊക്കോളാം, അല്ലെങ്കിൽ ഞാൻ ചാത്തമുണ്ണാൻ പൊക്കോളാം ഏട്ടൽ വേലികെട്ടിക്കോളൂ.
- ഒന്നുകിൽ കളരിക്കുപുറത്ത്, അല്ലെങ്കിൽ കുരിക്കളുടെ നെഞ്ചത്ത്.
- ഒന്നുകിൽ നക്കിക്കൊല്ലും, അല്ലെങ്കിൽ ഞെക്കിക്കൊല്ലും.
- ഒന്നുകിൽ പട്ട് അല്ലെങ്കിൽ വെട്ട്.
- ഒന്നുകിൽ പാൽപായസം കുടിച്ചു രമിക്കാം, അല്ലെങ്കിൽ പുഴവെള്ളം കുടിച്ചു മരിക്കാം.
- ഒന്നുകൊണ്ടറിയേണം രണ്ടിന്റെ ബലാബലം.
- ഒന്നു ചീഞ്ഞാൽ ഒന്നിനു വളം.
- ഒന്നു ചുട്ടാലുമുണ്ടൊന്നെനിക്ക്, പത്തു ചുട്ടാലുമുണ്ടൊന്നെനിക്ക്.
- ഒന്നു ഛർദ്ദി, ഒന്നതിസാരം.
- ഒന്നു പരന്നാൽ കുന്നുപറമ്പ്.
- ഒന്നു പറഞ്ഞാൽ പോര, രണ്ടു പറഞ്ഞാലേറി.
- ഒന്നു പാടെന്നും ഒന്നു ചേറെന്നും പറയുക.
- ഒന്നു പെറ്റ പെണ്ണ് ഒന്നു ചത്ത പെണ്ണ്.
- ഒന്നു പെറ്റാൽ പെണ്ണാടീ പട്ടയിടിഞ്ഞാൽ തെങ്ങാടീ.
- ഒന്നു പെറ്റാലൊരുത്തി, രണ്ടു പെറ്റാലിരുത്തി, മൂന്നു പെറ്റാൽ മുത്തി, നാലു പെറ്റാൽ നാസ്തി.
- ഒന്നുമറിയാത്തവനൊരു സംശയവുമില്ല.
- ഒന്നുമില്ലാത്തതിൽഭേദം ഒരുമുറിയപ്പം.
- ഒന്നുമില്ലാത്തവനെന്തും ചെയ്യാം.
- ഒന്നും ഒന്നും ഇമ്മിണി വല്യേ ഒന്ന്.
- ഒന്നും കാണാതെ പട്ടർ പുഴയിൽ ചാടില്ല.
- ഒന്നും പഠിച്ചില്ല ഒന്നുമറിഞ്ഞില്ല.
- ഒന്നു വരാത്തവനും ഇല്ല, ഒൻപതു വന്നവനുമില്ല.
- ഒന്നേ കുതിര ഒന്നേ റാവുത്തർ.
- ഒന്നേയുള്ളൂവെങ്കിൽ ഉലക്കകൊണ്ടടിച്ചു വളർത്തണം.
- ഒന്നോടെയുരുട്ടിക്കൊടുത്താൽ വെളിയിലേക്കെടുക്കും.
- ഒപ്പുകാണം സൂചിക്കാണം അപ്പോഴില്ലെങ്കിൽ നാസ്തി.
- ഒൻപതാമത്തെ പെണ്ണ് പൊമ്പണം വാരും.
- ഒൻപതും പത്തും ഭേദമില്ല.
- ഒരങ്ങാടിയിൽ രണ്ട് വാണിഭം ചേരില്ല.
- ഒരപ്പം തിന്നുകയാണെങ്കിൽ നെയ്യപ്പം തിന്നണം, ഒരടി കൊള്ളുകയാണെങ്കിൽ ചെകിട്ടത്തു കൊള്ളണം.
- ഒരമ്മയ്ക്കൊരു മകൻ ഓമനക്കുട്ടൻ.
- ഒരരിശത്തിന് കിണറ്റിൽ ചാടാം, ഒൻപതരിശത്തിന് കേറാൻമേലാ.
- ഒരാന പ്ലാന്തിയിട്ട് ഏന്തിയിട്ട് ഓന്തിയില്ല, പിന്നെയാണോ ഒരോന്ത് പ്ലാന്തിയിട്ട് ഏന്തിയിട്ട് ഓന്തണത്.
- ഒരാളെക്കൊണ്ട് തറവാടാകുമോ?
- ഒരിക്കലുണ്ണുന്നവൻ യോഗി, രണ്ടുനേരമുണ്ണുന്നവൻ ഭോഗി, മൂന്നുനേരമുണ്ണുന്നവൻ രോഗി.
- ഒരിക്കൽ കുളിച്ച കുളവും ഒരിക്കലുണ്ട വീടും മറക്കരുത്.
- ഒരിക്കൽ ചത്താലേ ചുടുകാടറിയൂ.
- ഒരിലതിന്ന് ഒതുങ്ങിക്കഴിഞ്ഞാലും ആടിന് മഴ നന്നല്ല.
- ഒരില വെട്ടിയാൽ ഒരു പടലപോയി.
- ഒരിലയുള്ളത് മുറിക്കരുത്.
- ഒരു കണ്ണിൽ വെണ്ണ, ഒരു കണ്ണിൽ ചുണ്ണാമ്പ്.
- ഒരു കണ്ണ് കണ്ണോ ഒരു മകൻ മകനോ?
- ഒരു കണ്ണും ഒരു ചെവിയും ഇല്ലെന്നോർത്ത് ജീവിക്കുക.
- ഒരു കമ്പേൽ രണ്ട് കിളിക്കൂട് വാഴില്ല.
- ഒരു കലത്തിൽ രണ്ട് കറി വേവില്ല.
- ഒരു കലം ചോറിനും ഒരു വറ്റ് പതം.
- ഒരു കവടിക്കേ പിഴച്ചുള്ളൂ, മുഴുവൻ പിഴച്ചു.
- ഒരു കവിത നാല് പാദം എട്ട് ശ്ലോകം.
- ഒരു കളരിക്ക് രണ്ടാശാനോ?
- ഒരു കാതംവഴി ഒച്ചിനൊൻപതുകാതം.
- ഒരു കൈ കൊടുക്കുന്നത് മറുകൈയറിയരുത്.
- ഒരു കൈ കൊട്ടിയാലൊച്ചയുണ്ടാവില്ല.
- ഒരു കൈയില്ലാത്തവൻ ഒരു വിരലില്ലാത്തവനെ കുറ്റം പറയുന്നു.
- ഒരു കൊമ്പ് പിടിക്കുകയാണെങ്കിൽ പുളിങ്കൊമ്പ് പിടിക്കണം.
- ഒരു കോഴി കൂവിയില്ലാന്നുവച്ചിട്ട് നേരംപുലരാതിരിക്കുമോ?
- ഒരുങ്ങുംപോലെയേ ഓങ്ങുകയുള്ളൂവെന്നോ ഓങ്ങുമ്പോലെയേ താങ്ങുകയുള്ളൂവെന്നോ കരുതരുത്.
- ഒരു ചക്കയ്ക്ക് ഒരു ചക്ക കറിയാകാ.
- ഒരു ചക്ക മുള്ളോടെ തിന്നാലും വിശപ്പുമാറാത്തോന് ഒരു ചക്കക്കുരു ചുട്ടുതിന്നിട്ടെന്താ?
- ഒരു ചക്കയിട്ടപ്പോൾ മുയിലിനെ കിട്ടിയെന്നുവച്ച് എപ്പോഴും കിട്ടുമോ?
- ഒരു ചെവികൊണ്ടുകേട്ടത് മറുചെവികൊണ്ട് കളഞ്ഞു.
- ഒരു ജന്മത്തിലായിരം ജന്മം.
- ഒരു ജയത്തിന് മൂന്ന് തോൽവി.
- ഒരു തലയ്ക്കൽ മാറ്റ്, മറുതലയ്ക്കൽ വിഴുപ്പ്.
- ഒരു തലയേക്കാൾ രണ്ടുതല നന്ന്.
- ഒരു തവണ പറ്റാത്തവനും ഒൻപത് തവണ പറ്റിയവനുമില്ല.
- ഒരു തീയും പുരയ്ക്ക് നന്നല്ല.
- ഒരു തൂണുണ്ടെങ്കിലേ ഒരു പുറം ചാരിക്കൂടൂ.
- ഒരു തെറ്റ് പൊറുക്കണം.
- ഒരു തൊഴുത്തിൽ മുളയുന്ന പൈക്കൾ കുത്തുന്നതും നക്കുന്നതും അയലറിയണ്ട.
- ഒരുത്തനായാലൊരുത്തിവേണം.
- ഒരുത്തനായിട്ടൊരുവഴി പോകരുത്.
- ഒരുത്തനും കരുത്തനും വണ്ണത്താനും വളിഞ്ചിയനും കൃഷിയരുത്.
- ഒരുത്തനെ പിടിക്കുകിൽ കരുത്തനെ പിടിക്കണം.
- ഒരുത്തനോട് പിണങ്ങുകിൽ കരുത്തനോട് പിണങ്ങണം.
- ഒരുത്തന്റെ കുറ്റം കൂട്ടത്തിന് കേട്.
- ഒരുത്തിക്ക് താളുകറിക്കുപ്പില്ലാഞ്ഞിട്ട്, ഒരുത്തിക്ക് താലിക്ക് മുത്തില്ലാഞ്ഞിട്ട്.
- ഒരു ദിവസമിരുന്നാൽ ഒന്നേറെക്കേൾക്കാം.
- ഒരു ദിവസമുണ്ട ചോറും ഒരു ദിവസം കുളിച്ച കുളവും മറക്കരുത്.
- ഒരു ദിവസം കാളയെ വഴിയിലും കെട്ടാം.
- ഒരു നന്ദിചെയ്തവനെ ഉൺമയിൽ വയ്ക്കണം.
- ഒരു നാവിന് രണ്ട് കണ്ണ്.
- ഒരുനാളൊരിടത്തും വാഴില്ല.
- ഒരുനാൾകൂത്തിന് മീശ കളയുക.
- ഒരു നാഴിയിൽ മറ്റൊരു നാഴി ഒതുങ്ങില്ല.
- ഒരു നുണയ്ക്കൊൻപത് നുണ തൂണ്.
- ഒരു നേരത്തേക്കുള്ളത് കണ്ടേ ഒരു നേരത്തേക്കുള്ളതെടുക്കാവൂ.
- ഒരു പടിയടച്ചാൽ ഒൻപത് പടി തുറക്കും.
- ഒരു പട്ടിക്കൊരു പട്ടിയെ കണ്ടുകൂടാ.
- ഒരു പറ്റ് ആർക്കും പറ്റും.
- ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും കടക്കാം.
- ഒരു പിശാചിരുന്ന് വിശന്ന് കരയുന്നു, ഒരു പിശാചിരുന്ന് അതിന്റെ കണ്ണീര് കുടിച്ചു രസിക്കുന്നു.
- ഒരു പുലയൻ പിഴച്ചാണ് പല പുലയൻ പിഴയ്ക്കുന്നത്.
- ഒരു ഭാഗത്ത് തീയും മറുഭാഗത്ത് പുലിയും.
- ഒരുമയാണ് പെരുമ.
- ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം.
- ഒരു മരം കാടാകാ.
- ഒരു മഴയ്ക്ക് എന്റെ മുടിയും മതിയാകും.
- ഒരു മാരാരുണ്ട്, ഒൻപത് കോവിലിൽ കൊട്ടുകയും വേണം.
- ഒരു മാളോരു മരിച്ചാൽ അതുകുറച്ച് വഴിമാറിയാൽ മതിയല്ലോ.
- ഒരു മുണ്ടില്ലാത്തോൻ പൂരത്തിന് പോകില്ല.
- ഒരു മുറ്റം രണ്ടു പുര - നരകം തന്നെ നരകം.
- ഒരുരുള ചോറുണ്ണരുത്, ഒരുപൊത്തെണ്ണ തേയ്ക്കരുത്, ഒരടി നടക്കരുത്, ഒരു വാക്ക് പറയരുത്.
- ഒരു ലാഭത്തിനൊരു ചേതം.
- ഒരുവന്റെ കാതിൽ കടിച്ച് അപരനെ കൊല്ലുക.
- ഒരു വാക്കിന് രണ്ട് നോക്ക്.
- ഒരു വിത്തുവിതച്ചാൽ പല വിത്തുവിളയാ.
- ഒരു വിദ്യ പഠിക്കുകിൽ വിഷവിദ്യ പഠിക്കണം, വിഷവിദ്യ പഠിക്കുകിൽ വിഷമിച്ചു പഠിക്കണം.
- ഒരു വിരൽ നൊടികൂടില്ല.
- ഒരു വീട്ടിൽ രണ്ട് പെണ്ണും ഒരു കൂട്ടിൽ രണ്ട് നരിയും.
- ഒരു വെടിക്ക് രണ്ട് പക്ഷി.
- ഒരു വെടിക്കുള്ള മരുന്നെപ്പോഴും കരുതണം.
- ഒരു വേനൽക്കൊരു വർഷം.
- ഒരു വൈദ്യനൊരു വൈദ്യനെ കണ്ടുകൂടാ.
- ഒരുറക്കംകൊണ്ട് നേരം വെളുത്തെന്നുവരില്ല.
- ഒരൂരിലെ ഭാഷ ഒരൂരിലെ തെറി.
- ഒരേറു ചൊല്ലി പത്തേറു മുടക്കുക.
- ഒരേറ്റത്തിനൊരിറക്കം.
- ഒരൊരുമയ്ക്കൊൻപത് വർക്കത്ത്.
- ഒരോലയെടുത്താൽ ഇരുപുറവും വായിക്കണം.
- ഒലിച്ച എണ്ണ തുടച്ചപ്പോ ഒഴിച്ച എണ്ണ നിലത്തുപോയി.
- ഒലിപ്പിലെ കല്ലിന് പൂപ്പില്ല.
- ഒലിപ്പു നക്കീട്ടുരുള കളഞ്ഞു.
- ഒളിച്ചു വയറ്റിലുണ്ടാക്കും വെളിച്ചത്തു പെറും.
- ഒളിപ്പിച്ചുവച്ചവനെളുപ്പത്തിലെടുക്കാം.
- ഒളോർമാങ്ങയ്ക്ക് കല്ലേറുകൊണ്ടപോലെ.
- ഒഴക്കുനെയ്യൊഴിച്ചു കഴിക്കുന്നതിനെക്കാൾ ആഴക്ക് മൂത്രമൊഴിച്ചു കഴിക്കുന്നത്.
- ഒഴിയാൻ ബന്ധു വേണ്ടാ.
- ഒഴുകുന്ന തോണിക്കൊരുന്ത്.
- ഒഴുകുന്ന നീറ്റിൽനിന്നൊരുകുടം മുക്കിയാലത്രയായി?
- ഒഴുകിപ്പോകുന്ന വെള്ളത്തിൽ കേറിയത് ലാഭം.
- ഒഴുക്കിൽപെട്ട ഓടംപോലെ.
- ഒഴുക്കുനീറ്റിലഴുക്കില്ല.
- ഒഴുക്കുപോകുന്നിടത്തോളമേ അഴുക്കും പോകൂ.
- ഒറ്റ ഉരുളകൊണ്ട് വയർ നിറയില്ല.
- ഒറ്റക്കലംപുഴുങ്ങിക്ക് പെണ്ണുകൊടുക്കരുത്.
- ഒറ്റയ്ക്കുലക്ക കക്കാൻ പോയോൻ കൂക്കട്ടെ.
- ഒറ്റച്ചുഴിയൻ ഓടിയുണ്ണും, ഇരട്ടച്ചുഴിയനിരുന്നുണ്ണും, മുച്ചുഴിയൻ മുടിഞ്ഞുപോകും.
- ഒറ്റച്ചെവിക്ക് തെറ്റിപ്പോകാം.
- ഒറ്റപ്പൊരിയും പുര ചുടും.
- ഒറ്റബ്രാഹ്മണൻ ഒന്ന് ചതിക്കും.
- ഒറ്റമകളെ വേൾക്കരുത്.
- ഒറ്റമരത്തിൽ കുരങ്ങുപോലെ.
- ഒറ്റമൂലി അറ്റകൈയ്ക്ക്.
- ഒറ്റലിൽ കിടന്നതുമില്ല കിഴക്കുനിന്ന് വന്നതുമില്ല.
- ഒറ്റസ്സന്താനം കുരുടന്റെ വടിപോലെ.
- ഒറ്റാൻ നടക്കുന്ന മെരുകിനെപ്പോലെ.
- ഒട്ടക്കാരന്നു വാട്ടം ചെരുകയില്ല