പഴഞ്ചൊല്ലുകൾ/ഉ
'ഉ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- ഉക്കണ്ടം എനിക്കും തേങ്ങ മുല്ലപ്പിള്ളിക്കും.
- ഉചിതം ചെയ്യാഞ്ഞാൽ ഊക്കനും കുനിയും.
- ഉച്ചക്കുളി പിച്ചക്കുളി, അന്തിക്കുളി ചന്തക്കുളി.
- ഉച്ചതിരിഞ്ഞാൽ അന്തിയാവാൻ പെരുത്തില്ല.
- ഉച്ചതിരിഞ്ഞാൽ പിച്ചയരുത്.
- ഉച്ചതിരിഞ്ഞവനു പിന്നെയെന്തുചർച്ച.
- ഉച്ചന്റെ മുതൽ ഉച്ചികുത്തിപ്പോകും.
- ഉച്ചമുണ്ടെങ്കിൽ ഒച്ചകേൾക്കാം.
- ഉച്ചയിലിടയ്ക്കു കഞ്ഞിയും മുപ്പതിലിടയ്ക്കു മക്കളും.
- ഉച്ചയ്ക്കരികൊണ്ടുചെന്നിട്ട് വെച്ചുതരാത്തവളാണോ പാതിരയ്ക്കു നെല്ലുകൊണ്ടുചെന്നിട്ട് വെച്ചുതരുന്നു.
- ഉച്ചാറലുച്ചയ്ക്കു വെള്ളരികുത്തിയാൽ വിഷുപ്പുലർച്ചയ്ക്കു കാപറിക്കാം.
- ഉച്ചിയിൽ പൂക്കും മുമ്പേ പോരണം.
- ഉച്ചിവെച്ച കൈകൊണ്ടുദകക്രിയ ചെയ്യുക.
- ഉടഞ്ഞ ശംഖിൽ നിന്നൊച്ച വരുമോ?
- ഉടഞ്ഞ ശംഖ് ഊതാൻ കൊള്ളില്ല.
- ഉടഞ്ഞാലും പാത്തിയിൽ കിടക്കട്ടെ.
- ഉടഞ്ഞിട്ടും ഓട്ടിൽ കിടക്കണമെന്ന്.
- ഉടമയുടെ കണ്ണ് ഒന്നാന്തരം വളം.
- ഉടയോനില്ലാത്ത ചേല ഒരുമുഴം ചെറുത്.
- ഉടയോനുടച്ചാൽ ഓട്ടിനുകൊള്ളാം.
- ഉടയോൻ ക്ഷമിച്ചാലും ഉടയോന്റെ നായ ക്ഷമിക്കില്ല.
- ഉടയ്ക്കാനും തുടയ്ക്കാനും മേലാത്തപാകം.
- ഉടലൊരുവനു പിറന്നത് നാക്ക് പലർക്കു പിറന്നത്.
- ഉടലുപഴുത്ത കഴുത ഉപ്പളത്തിൽ പോയി.
- ഉടുക്കാക്കച്ച പൂച്ചിക്ക്.
- ഉടുക്കാനില്ലാത്തവനെങ്ങനെ അയലിന്മേലിടും.
- ഉടുപ്പാനില്ലെങ്കിൽ പട്ടുടുക്കാം.
- ഉടുതുണിക്ക് മറുതുണിയില്ല.
- ഉടുതുണി തന്നെ പാമ്പായാലോ?
- ഉടുത്തപ്രാന്തിന് ഉടുക്കാത്തപ്രാന്ത്.
- ഉടുത്തുനടന്നാൽ വമ്പ്, ഉടുക്കാതെനടന്നാൽ പ്രാന്ത്.
- ഉണക്കപ്പിണ്ടിയിൽ നിന്ന് നീരെടുക്കാമോ?
- ഉണക്കമരത്തിന്മേലും തേനുണ്ടാകും.
- ഉണങ്ങിയതുകൊണ്ട് എണ്ണം കുറയുമോ?
- ഉണങ്ങിയ തെങ്ങിന്മേൽ പറങ്ങോടൻ കയറട്ടെ.
- ഉണർച്ചയില്ലാത്തപ്പോളുറക്കം.
- ഉണർവില്ലാത്ത ഉടലും ഉപ്പില്ലാത്ത കറിയും.
- ഉണ്ട ഉണ്ണി ഓടികളിക്കും ഉണ്ണാത്ത ഉണ്ണി ഇരുന്നുകളിക്കും.
- ഉണ്ടചോറിനു നന്ദിവേണം.
- ഉണ്ടചോറിൽ കല്ലിടരുത്.
- ഉണ്ടചോറിൽ കല്ലിട്ടാൽ കണ്ടവരെല്ലാം ശത്രുക്കൾ.
- ഉണ്ടവീട്ടിൽ കുണ്ട തൂക്കരുത്.
- ഉണ്ടതിലസാരമിരിക്കണം.
- ഉണ്ടതും കണ്ടതും ലാഭം മരത്തിൽ കിടന്നത് ലോപം.
- ഉണ്ടതും ശരി, ഊരാളി വീട്ടിൽ ചെന്ന് നുണ പറഞ്ഞതും ശരി.
- ഉണ്ടമയക്കം തൊണ്ടനുമുണ്ട്.
- ഉണ്ടവനട കിട്ടാഞ്ഞിട്ട്, ഉണ്ണാത്തവനില കിട്ടാഞ്ഞിട്ട്.
- ഉണ്ടവനുണ്ട് ഇല ചോദിക്കുന്നു.
- ഉണ്ടവനേ ഊക്കുള്ളൂ.
- ഉണ്ടവനോടേ ഉരുള വാങ്ങാവൂ.
- ഉണ്ടവൻ ഉണ്ണാത്തവന്റെ വിശപ്പറിയില്ല.
- ഉണ്ടവയറ്റിനു ചോറും മൊട്ടത്തലയ്ക്കെണ്ണയും.
- ഉണ്ടവളൂഴിയും കാട്ടും.
- ഉണ്ടവീട്ടിൽ കണ്ടുകെട്ടരുത്.
- ഉണ്ടാലൊന്നുറങ്ങണം ഉറങ്ങിയാലൊന്നുണ്ണണം.
- ഉണ്ടാൽ കാലുകഴുകാത്തോനെ കണ്ടാൽ കുളിക്കണം.
- ഉണ്ടാൽ തീരുന്ന വിശപ്പ് കണ്ടാൽ തീരുമോ?
- ഉണ്ടാൽ മയക്കം ഉറങ്ങിയാൽ കറക്കം.
- ഉണ്ടിടത്തിട്ട് ഉണ്ടപാത്രമുടയ്ക്കുക.
- ഉണ്ടിരിക്കാത്തോൻ ചെന്നിരിക്കും.
- ഉണ്ടിരിക്കുന്ന നായർക്കൊരു വിളിതോന്നി.
- ഉണ്ടുകണ്ണെഴുതിയാൽ കണ്ടിരിക്കാൻ മക്കളുണ്ടാവില്ല.
- ഉണ്ടുകൊഴുത്ത ഞണ്ട് അളയിലിരിക്കുമോ?
- ഉണ്ടുനിരങ്ങുന്ന അച്ചിക്ക് നിരങ്ങിയുണ്ണുന്ന നായര്.
- ഉണ്ടുമടുത്തവനോടുരുള വാങ്ങുക, കണ്ടുമടുത്തവനോടു കടം വാങ്ങുക.
- ഉണ്ടുഴുക്കുവെള്ളം കുടിച്ചാൽ അന്നുഴക്കു ചോരയുണ്ടാകും.
- ഉണ്ടെങ്കിലോണം ഇല്ലെങ്കിലേകാശി.
- ഉണ്ടെങ്കിൽ നാലിലൊന്ന് ഇല്ലെങ്കിലൊന്ന്.
- ഉണ്ടെങ്കിൽ പെങ്ങള്.
- ഉണ്ടെന്നുപറയാനൊട്ടില്ലതാനും ഇല്ലെന്നുപറയാനൊട്ടല്ലതാനും.
- ഉണ്ടേടത്തും കൊണ്ടേടത്തുമിരിക്കരുത്.
- ഉണ്ടോനെന്തിനുറിയിൽ കണ്ണ്.
- ഉണ്ടോരുടെ ഊക്ക് ഉഴുതേടം കാണണം.
- ഉണ്ണാതെ പോകാം ഉടുക്കാതെ പോകാമോ.
- ഉണ്ണാത്ത ഉണ്ണിക്ക് വയ്ക്കാത്ത വീട്.
- ഉണ്ണാത്ത ചോറ് മണ്ണ്.
- ഉണ്ണാത്തപിള്ളയ്ക്കും ഉരിയരിവേണം.
- ഉണ്ണാത്ത പെങ്ങളെ വയ്ക്കാത്ത വീട്ടിലേക്ക്.
- ഉണ്ണാത്ത വേശ വയ്ക്കാഞ്ഞാലറിയും.
- ഉണ്ണാനില്ല, ഉടുക്കാനില്ല ഉണ്ണിയുണ്ടാകാൻ മോഹം.
- ഉണ്ണാനില്ലാഞ്ഞാൽ വിത്തുകുത്തിയുണ്ണുക, ഉടുക്കാനില്ലാഞ്ഞാൽ പട്ടുടുക്കുക.
- ഉണ്ണാനും ഉടുക്കാനും തെക്കൻ.
- ഉണ്ണാൻ തന്നാലമ്മാമൻ അല്ലേൽ കുമ്മാമൻ.
- ഉണ്ണാൻ പടയുണ്ട് വെട്ടാൻ പടയില്ല.
- ഉണ്ണാൻ വന്നവൻ ഉണ്ടേ പോകൂ.
- ഉണ്ണാൻ വിളിക്കുമ്പോൾ ആശാരി മേട്ടത്തോടുമേട്ടം.
- ഉണ്ണിക്കാമ്പും ആനക്കൊമ്പും ശരിയോ.
- ഉണ്ണി പിറന്നാലും ഓണം വന്നാലും കേളന് കഞ്ഞി കുമ്പിളിൽ തന്നെ.
- ഉണ്ണിമൂത്രം പുണ്യാഹം.
- ഉണ്ണിയുണ്ടായിട്ടുവേണ്ടേ ഉപനയിക്കാൻ.
- ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം.
- ഉണ്ണിയേതോ കൊശവനേതാ.
- ഉണ്ണുന്നചോറിൽ മണ്ണുവാരിയിടരുത്.
- ഉണ്ണുന്നിടത്തിരിക്കരുത്.
- ഉണ്ണുന്നോനറിയില്ലെങ്കിൽ വിളമ്പുന്നോനറിയണം.
- ഉണ്ണുമ്പോളാചാരവും ഉറങ്ങുമ്പോളുപചാരവുമില്ല.
- ഉണ്ണുമ്പോൾ ചെന്നാലേ ഉരുളകിട്ടൂ.
- ഉൺമോരുടെ ഭാഗ്യം ഉഴുതേടം കാണാം.
- ഉത്തമനും പോക്കിരിക്കും ഉടമ്പടി വേണ്ട.
- ഉത്തമനൂശാന്താടി, വമ്പനു പട്ടത്താടി, മൂഢനു കാടുംപടലും.
- ഉത്തരത്തിലിരിക്കുന്നതെടുക്കുകയും വേണം, കക്ഷത്തിലിരിക്കുന്നതു വീഴാനും പാടില്ല.
- ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ.
- ഉത്തരംമുട്ടിയാൽ കൊഞ്ഞനംകാട്ടും.
- ഉത്തരായണമെന്നുവച്ച് ഉറിയിൽ തൂങ്ങിമരിക്കാറുണ്ടോ?
- ഉത്സാഹമുണ്ടെങ്കിലത്താഴമുണ്ണാം.
- ഉത്സാഹം പുരുഷലക്ഷണം.
- ഉത്രത്തിൽ കാലിന് മുപ്പത്തിരണ്ട് വയസ്സ്.
- ഉത്രാടമുച്ചതിരിഞ്ഞാൽ അച്ചികൾക്കൊക്കെ വെപ്രാളം.
- ഉത്രാടത്തിന് ഉറിയിൽ പൊന്ന്.
- ഉത്രാടത്തിൽപുത്രനും, പുഴക്കരയിൽ നഞ്ചയും.
- ഉദകക്രിയ ചെയ്ത കൈകൊണ്ട് ശേഷക്രിയയും ചെയ്യണോ?
- ഉദരനിമിത്തം ബഹുകൃതവേഷം.
- ഉദരം കഞ്ഞിക്കു കരയുന്നു, സാളഗ്രാമം ശർക്കരപ്പായസത്തിനു കരയുന്നു.
- ഉന്തിക്കേറ്റിയാലൂരിപ്പോരും.
- ഉന്തിന്റെകൂടെ ഒരു തള്ളുകൂടി.
- ഉന്തിയകറ്റുന്ന അച്ചിക്ക് നിരങ്ങിയടുക്കുന്ന നായര്.
- ഉന്തിയാലന്ത്, തള്ളിയാൽ തള്ള്, ഉണ്ണാൻ വന്നോനുണ്ടേ പോകൂ.
- ഉന്തും തള്ളും എനിക്ക് പപ്പടോം പഴോം തനിക്ക്.
- ഉന്നതിക്കധ്വാനം.
- ഉന്നമല്ലാത്തതൊക്കെ അന്നം.
- ഉപകാരമില്ലാത്ത ഉലക്കയ്ക്ക് രണ്ടുതലയ്ക്കും ചുറ്റിട്ടിട്ടെന്താ.
- ഉപകാരമില്ലെങ്കിൽ ഒഴിഞ്ഞതിൽകൂട്ടാം.
- ഉപായംകൊണ്ടോട്ടയടയ്ക്കരുത്.
- ഉപായംകൊണ്ടോട്ടയടച്ച് പപ്പടം ചുട്ടുതിന്നുക.
- ഉപായംകൊണ്ട് കഷായം വയ്ക്കുക.
- ഉപായം നോക്കുമ്പോളപായവും നോക്കണം.
- ഉപ്പനെ കണ്ട പാമ്പ് പുനത്തിൽ പോകുമോ?
- ഉപ്പിടാക്കൈ ഉടലോടെ തുലയും.
- ഉപ്പിടാതെ മത്തങ്ങ വച്ചപോലെ.
- ഉപ്പിട്ട കഞ്ഞീം ചെരിപ്പിട്ട കാലും.
- ഉപ്പിട്ട കലവും പൊടയിട്ട തലയും.
- ഉപ്പിനോടൊക്കുമോ ഉപ്പിലിട്ടത്.
- ഉപ്പിൻചിരട്ടകൂടി വിറ്റു.
- ഉപ്പിരുന്ന കലവും ഉരുട്ടിരുന്ന മനസ്സും.
- ഉപ്പിലിട്ട മാങ്ങപോലെ.
- ഉപ്പിൽ കുത്തിയ കൂഞ്ഞുപോലെ.
- ഉപ്പിൽ വീണ പല്ലിയെപ്പോലെ.
- ഉപ്പില്ലാക്കറി കുപ്പയിൽ.
- ഉപ്പുകൊണ്ട് വേണ്ടത് കർപ്പൂരം കൊണ്ടരുത്.
- ഉപ്പു ചുമന്നു നടക്കുന്നവനൊരു കപ്പലു കടലിലിറക്കാൻ മോഹം.
- ഉപ്പുതിന്നവൻ വെള്ളം കുടിക്കും.
- ഉപ്പുപുളിക്കും മൊട്ട ചതിക്കും.
- ഉപ്പുംകൊള്ളാം വാവുംകുളിക്കാം.
- ഉപ്പും പുളിയും തട്ടുന്ന നാവല്ലെ, തപ്പും പിഴയും വരും.
- ഉപ്പും വിൽക്കാം ഊരും കാണാം.
- ഉപ്പുവിറ്റാലും വട്ടിവിൽക്കരുത്.
- ഉപ്പുവിറ്റുനടന്നവന് കർപ്പൂരത്തിന്റെ വിലയറിയുമോ?
- ഉപ്പുവിറ്റുനടന്നാലും ഉശിരുവിറ്റുനടക്കരുത്.
- ഉച്ചുവച്ച കലംപോലെ.
- ഉമി തിന്ന് തവിടുനേടി.
- ഉമിയൂതി പുക കൊണ്ടു.
- ഉമ്മറത്തെ പല്ലുകൊണ്ട് ചിരിക്കുക, അണയ്ക്കലെ പല്ലുകൊണ്ടമർത്തുക.
- ഉമ്മറപ്പടിയിൽവച്ച വിളക്കുപോലെ.
- ഉയരത്തിൽ നിൽക്കുന്നവനൂക്കിൽ വീഴും.
- ഉയർന്ന മരത്തിലെ കാറ്റടിക്കൂ.
- ഉയർന്ന മലയിലേ മഞ്ഞുള്ളൂ.
- ഉയർന്നുപറന്നാലും ഊർക്കുരുവി പരുന്താവില്ല.
- ഉയർന്നേടത്തിരുന്ന് ഉയർന്നവാക്കുപറയുക.
- ഉയിരില്ലെങ്കിലൂരെന്തിന്.
- ഉയിരൊന്ന് ഉടല് രണ്ട്.
- ഉയിരോടിരിക്കുമ്പോൾ അരികത്തിരിക്കാത്തവൾ ചത്താൽ ഉടന്തടി ചാടുമോ?
- ഉയിരോടിരുന്നപ്പോൾ ഒരുകരണ്ടി നെയ് കൊടുത്തില്ല, ശേഷക്രിയയ്ക്ക് ഒൻപതുകരണ്ടി ഒഴിക്കുന്നു.
- ഉരച്ചുനോക്കിയേ മാറ്ററിയൂ.
- ഉരപ്പിയിൽ കിടന്നതും പോയി, ഒറ്റലിൽ കിട്ടിയുമില്ല.
- ഉരത്തപാമ്പിനു പെരുത്തവടി.
- ഉരലിൻ കീഴിലിരുന്നാൽ കുത്ത് കൊള്ളും.
- ഉരലിനു പഞ്ഞമുണ്ടോ?
- ഉരലിനു മുറിച്ചാലേ തുടിക്കു തികയൂ.
- ഉരലിലകപ്പെട്ടത് ഉലക്കയ്ക്ക് തെറ്റുമോ?
- ഉരലിലിരുന്ന് ഉലക്ക വരുന്നേ എന്ന് കരയുക.
- ഉരലുചെന്ന് മദ്ദളത്തോട്.
- ഉരലു വിഴുങ്ങുമ്പോഴും വിരലുകൊണ്ടെങ്കിലും മറയ്ക്കണം.
- ഉരലുനക്കിപ്പട്ടിയുടെ ചിറിനക്കിപ്പട്ടി.
- ഉരി കിട്ടാൻ നേരത്ത് വട്ടീമില്ല കൊട്ടേമില്ല.
- ഉരികൊടുത്തൂത്ത് വാങ്ങുന്നന്നതിൽഭേദം നാഴികൊടുത്ത് നല്ലത് വാങ്ങുക.
- ഉരിനെല്ലുള്ളവനും ഒരേറു കന്നുള്ളവനും ഒപ്പം തുള്ളിയാലോ.
- ഉരിനെല്ല് ഊരാൻ പോയിട്ട് ഒരുകണ്ടം നെല്ല് പന്നി തിന്നു.
- ഉരിയരിക്കഞ്ഞിക്ക് കുരിശുചുമക്കേണ്ട.
- ഉരിയരിക്കാരനെന്നും ഉരിയരി.
- ഉരിയരിക്കു വകയില്ലാത്തോന്റുരിയാട്ടിന് വിലയില്ല.
- ഉരിയാടിയാൽ വായാടി, അല്ലെങ്കിലൂമ.
- ഉരിയിരട്ടിച്ചുഴക്കാക്കി.
- ഉരുട്ടിയൂണും പുരട്ടിക്കുളിയും.
- ഉരുട്ടും പിരട്ടും ഒടുക്കം ചിരട്ട.
- ഉരുവിന്മേൽ പണമിടുക.
- ഉരുളയ്ക്കുണ്ടോ കിഴക്കും തെക്കും.
- ഉരുളയ്ക്കുതക്കവണ്ണം വാ പൊളിക്കുക.
- ഉരുളയ്ക്കുപ്പേരിപോലെ.
- ഉരുളയ്ക്കുമറിയരുത്.
- ഉരുളയ്ക്കുരുളയ്ക്കുപസ്തരിക്കുക.
- ഉരുളയ്ക്കുതക്കവണ്ണം ഉത്തരം പറയുക.
- ഉരുളയെണ്ണി ഉണ്ണരുത്.
- ഉരുളയെണ്ണി കണക്കുപറയരുത്.
- ഉരുളയ്ക്കുരുള പണയം വാങ്ങുക.
- ഉരുളുന്ന കല്ലിൽ പുരളുമോ പായൽ.
- ഉർവ്വശീശാപം ഉപകാരം.
- ഉലക്ക കൊണ്ട് കോണമുടുപ്പിക്കുക.
- ഉലക്ക് തേഞ്ഞ് ഉളിപ്പിടിയായി.
- ഉലക്കപ്പൂജയ്ക്കനങ്ങാത്തവൾ തിരുപ്പാട്ട് കേട്ടനങ്ങുമോ?
- ഉലക്കയ്ക്ക് മുറിച്ചത് കുറുവടിയായി.
- ഉലക്ക വളർന്നാൽ ഉത്തരമാവുമോ?
- ഉലുന്തന്റെ മുതൽ ഉറുമ്പ് കൊണ്ടുപോകും.
- ഉളികളഞ്ഞ ആശാരിയെപ്പോലെ.
- ഉള്ളംകൈയിൽനിന്ന് രോമം പറിച്ചുതരിക.
- ഉള്ളംകൈയും മുട്ടിൽകൈയും ഒരുപോലെയോ?
- ഉള്ളകഞ്ഞിയിലും പാറ്റവീണു.
- ഉള്ളതിൽ കൂറും ഓലക്കീറും.
- ഉള്ളതിൽ നല്ലതറിവ്.
- ഉള്ളതും പോയി പൊള്ളക്കണ്ണാ.
- ഉള്ളതുകൊണ്ടോണംപോലെ.
- ഉള്ളതുപറഞ്ഞാലുറിയും ചിരിക്കും.
- ഉള്ളതുപറഞ്ഞാൽ കഞ്ഞിയില്ല.
- ഉള്ളതുപറഞ്ഞ് പിണങ്ങുന്നതിലും നല്ലത് ഇല്ലാത്തത് പറഞ്ഞിണങ്ങുന്നത്.
- ഉള്ളതുപറയുന്നവനൂരിന് വിരോധി.
- ഉള്ളതുവിറ്റും കൊണ്ടത് കൊടുക്കണം.
- ഉള്ളതുവിറ്റ് നല്ലത് കൊള്ളുക.
- ഉള്ളപ്പോളോണം ഇല്ലാത്തപ്പോളേകാശി.
- ഉള്ളമറിയാതില്ലാ കള്ളം.
- ഉള്ളമോരും ചുക്കിട്ടുകാച്ചി.
- ഉള്ളവനെ ഊട്ടും ഇല്ലാത്തവനെ ഓട്ടും.
- ഉള്ളവനൊരു വീട് ഇല്ലാത്തവനായിരം വീട്.
- ഉള്ളവന്റെ പൊന്നുകക്കാൻ ഇല്ലാത്തവന്റെ പാര.
- ഉള്ളാടൻകേളന്റെ പൊറുതിയും സുന്ദരക്കോനാരുടെ പദവിയും.
- ഉള്ളാടൻ ചത്താലും ഊരിലെ പഞ്ഞം തീരില്ല.
- ഉള്ളിക്കിരുപത്തെട്ടുറ.
- ഉള്ളിക്കു പാലൊഴിച്ചാലും ഉൾനാറ്റം പോകുമോ?
- ഉള്ളിതൊലികളഞ്ഞപോലെ.
- ഉള്ളിലുണ്ടെങ്കിൽ പുറത്തുകാണും.
- ഉള്ളിലെ കടവും ഉള്ളംകൈയിലെ ചിരങ്ങും.
- ഉള്ളുകണ്ടോരാരുമില്ല.
- ഉള്ളരുക്കത്തിന് മരുന്നില്ല.
- ഉഴവിലേ കുറവുതീർക്കണം.
- ഉഴിഞ്ഞുകളയാൻ അരിയും നെല്ലുമുണ്ടെങ്കിൽ ഒഴിഞ്ഞുപോകാൻ ബാധയുമുണ്ടാകും.
- ഉഴിഞ്ഞെറിയുന്നതും പെറുക്കിയെടുക്കുക.
- ഉഴുതുകൊണ്ടുനിൽക്കുന്ന കാളയെ കള്ളൻ കൊണ്ടുപോയി.
- ഉഴുതുവരുന്നവനെ തൊഴണം.
- ഉഴുതുവിട്ടാൽ പൂട്ടരുത്.
- ഉഴുന്ന കാള വിലയ്ക്കുപോകും.
- ഉഴുന്ന മാടിന് പരദേശത്ത് ചെന്നാലും ഉഴവുതന്നെ.
- ഉഴുന്നരച്ച അമ്മിപോലെ.
- ഉറക്കത്തിന് പായവേണ്ട.
- ഉറക്കത്തിൽ കണ്ട പെണ്ണിന് കണ്ണാടിയിൽ കണ്ട പണം.
- ഉറക്കത്തിൽ കാലുഴിഞ്ഞപോലെ.
- ഉറക്കത്തിലാരും പണിക്കരാവില്ല.
- ഉറക്കംതൂങ്ങി വീണത് മെത്തയിലേക്ക്.
- ഉറക്കം മൂത്താൽ കറക്കം.
- ഉറക്കം വരാത്തത് കിടക്കയുടെ കുറ്റം.
- ഉറക്കെ ചിരിക്കുന്നോളെ ഉലക്കക്കൊണ്ടടിക്കണം.
- ഉറക്കെക്കേൾക്കുക, പതുക്കെപ്പറയുക.
- ഉറക്കെപ്പറയുന്നവനും ഒടുക്കം പറയുന്നവനും ശ്രദ്ധിക്കപ്പെടും.
- ഉറങ്ങാനൊരാള്, കൂർക്കംവലിക്കാനൊരാള്.
- ഉറങ്ങാതെങ്ങനെയുണരും.
- ഉറങ്ങാതെങ്ങനെ സ്വപ്നംകാണും.
- ഉറങ്ങാൻ കള്ള് വേറെ കുടിക്കണം.
- ഉറങ്ങിക്കിടക്കുന്ന സിംഹത്തിനെ ഉണർത്തരുത്.
- ഉറങ്ങിയതിനുമാത്രം കൂർക്കംവലിച്ചാൽപോരേ.
- ഉറങ്ങിയോനു തലയണ വേണ്ട.
- ഉറങ്ങുന്ന കുറുക്കൻ കോഴിയെ പിടിക്കില്ല.
- ഉറങ്ങുന്നതും ഉപകാരത്തിനാകണം.
- ഉറങ്ങുന്ന പാമ്പിനെ ഉണർത്തി കടിയേൽക്കുക.
- ഉറങ്ങുന്നവനെയുണർത്താം ഉറക്കം നടിച്ചുകിടക്കുന്നവനെയോ?
- ഉറങ്ങുന്നവനെ വിളിച്ച് അത്താഴമില്ലെന്ന് പറയുക.
- ഉറയേക്കാൾ വലിയ വാളായാലോ.
- ഉറമോരില്ലാത്തിടത്തോ വിലമോരിന് പോകുന്നു.
- ഉറവിനു പയറഞ്ഞാഴി പണത്തിനു പയർ പന്തിരുനാഴി.
- ഉറവുകോരാതെ നശിച്ചു, കടം ചോദിക്കാതെ നശിച്ചു.
- ഉറിയിലഞ്ചാറ് ചോറിരുന്നാൽ നടുങ്ങിത്തെറിച്ചിട്ട് കിടന്നുകൂട.
- ഉറിയിൽ തൂക്കിവച്ചാലും ചീത്തമത്തൻ ചീത്തമത്തൻതന്നെ.
- ഉറിയിൽവച്ചുകൊണ്ട് ഇല്ലെന്ന് പറയരുത്.
- ഉറിയിൽ വെണ്ണ വച്ചുകൊണ്ട് ഊരൊക്കെ നെയ്യിനലയുക.
- ഉറുപ്പയിൽ കള്ളൻകേറി.
- ഉറുപ്പികയിലരയ്ക്കാൽപെട്ടപോലെ.
- ഉറുമ്പരിച്ചാൽ അമ്മിയും തേയും.
- ഉറുമ്പിന്നിറവെള്ളം സമുദ്രം.
- ഉറുമ്പിന്റെ കാതുകുത്തുന്നിടത്ത് ഇറച്ചിക്ക് പോകുക.
- ഉറുമ്പ് ഓണം കരുതുംപോലെ.
- ഉറുമ്പ് മുട്ടയുംകൊണ്ട് തിട്ടുകയറിയാൽ മഴപെയ്യും.
- ഉറുമ്പൂരെ കല്ലും തേയും.
- ഉണ്ടവീട്ടിൽ കണ്ടുകെട്ടരുത്.