നാലില്ലം നാളൊരു നടുമുറ്റത്ത്

കെട്ടിപ്പണിതൊരു മുല്ലത്തറ

ഇന്നലെ ഞാനൊരു മുല്ലനട്ടു

മുല്ലക്കുമുക്കുടം വെള്ളമൊഴിച്ചു

നാളക്കുമുന്നാഴി പൂവറുക്കാം

എന്തിലറുക്കേണ്ടു മുല്ലപ്പൂവ്

കയ്യിലറുത്താൽ കരിയും പൂവ്

എന്തിലറുക്കേണ്ടുമുല്ലപ്പൂവ്

മുണ്ടിലറുക്കേണ്ടു മുല്ലപ്പൂവ്

മുണ്ടിലറുത്താൽ മുഷിയും പൂവ്

എന്തിലറുക്കേണ്ടു മുല്ലപ്പൂവ്

വെള്ളിത്തളികേലറുക്കാം പൂവ്

വെള്ളിത്തളിക നിറയോളമറുത്തു

പൊന്നിൻ തളികകൊണ്ടാകെ മൂടി

നീട്ടത്തിലായിരം മാലകോർത്തു

വേട്ടത്തുകാവിൽ ഭഗവതിക്ക്

തണ്ടിട്ടെടുത്ത് വലത്തും‌വെച്ചു

ഞാനിതാ ശ്രീപാദം കൈതൊഴുന്നേൻ

അച്ഛാ എനിക്കിന്നൊരാശ തോന്നി

ആറാട്ടിൻ കടവിലൊരാമ്പൽ മൊട്ട്

കാലത്തു ചെല്ലുമ്പോൾ കൂമ്പി നിൽക്കും

ഉച്ചക്കു ചെല്ലുമ്പോൾ വിടരും പൂവ്

സന്ധ്യക്ക് ചെല്ലുമ്പോൾ കൊണ്ടുപോരാം

"https://ml.wikiquote.org/w/index.php?title=നാലില്ലം_നാളൊരു&oldid=6919" എന്ന താളിൽനിന്ന് ശേഖരിച്ചത്