ഖലീഫാ ഉമർ
ഖലീഫ ഉമർ. ഇസ്ലാമിക ഭരണസംവിധാനമായ ഖിലാഫത്തിലെ രണ്ടാമത്തെ ഖലീഫ. നീതിനിഷ്ടനും ധർമിഷ്ടനും ധീരനുമായ ഭരണാധികാരി. പ്രവാചകനായ മുഹമ്മദിന്റെ സന്തതസഹചാരി. ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖ് ന് ശേഷം നിരവധി വർഷങ്ങൾ ഭരണം നടത്തി.
ഖലീഫ ഉമറിന്റെ മൊഴികൾ
തിരുത്തുക- യൂഫ്രട്ടീസ് നദീതീരത്ത് ഒരു നായ പട്ടിണികിടന്നു ചത്താലും ഭരണാധികാരിയെന്ന നിലയിൽ ഉമർ അതിന് അള്ളാഹുവിനോട് സമാധാനം പറയേണ്ടി വരും.
- എന്റെ ന്യൂനതകൾ ചൂണ്ടിക്കാണിച്ച് തരുന്നവരാണ് എനിക്കേറ്റവും പ്രിയപ്പെട്ടവർ. എന്റെ പോരായ്‌മകൾ ശ്രദ്ധയിൽ പെടുത്തുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടെ.
- നേതാവല്ലാത്തപ്പോൾ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാൽ അനുയായിയെപ്പോലെയും പ്രവർത്തിക്കുന്നവരെയാണ് നമുക്കാവശ്യം.
- അഹങ്കാരം മനുഷ്യനെ അധമനാക്കും. ഞാൻ വഞ്ചകനല്ല. വഞ്ചിക്കപ്പെടുകയുമില്ല.
- നാഥാ നിന്നിൽ ഞാൻ അഭയം തേടുന്നു. നീ നല്‌കിയതിൽ നീയെന്നെ വഞ്ചിതനാക്കരുതേ.
- ഐഹിക ജീവിതത്തെ മഹത്തരമായി തോന്നാത്തിടത്തോളം കാലമേ മനുഷ്യർ അല്ലാഹുവിലേക്ക് അടുക്കൂ.
- ഇസ്‌ലാമിന്റെ നിയമം എല്ലാവർക്കും തുല്യമാണ്. ആർക്കെങ്കിലും വേണ്ടി ഉമർ അത് മാറ്റുകയില്ല.
- നിങ്ങളുടെ ഏതെങ്കിലുമൊരു സഹോദരൻ തെറ്റുചെയ്യുന്നതായി അറിഞ്ഞാൽ അയാളെ നേർവഴിലാക്കുകയും അയാൾക്കുവേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്യുക.
- ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഞാനും അനുഭവിക്കാതെ എനിക്കെങ്ങനെ അവരുടെ സ്ഥിതി മനസ്സിലാകും?
- സാധാരണക്കാർക്ക് ലഭിക്കാത്ത ഭക്ഷണം ഖലീഫയായ എനിക്കു വേണ്ട.
- ഒരാളുടെ നമസ്‌കാരത്തിലേക്കും നോമ്പിലേക്കുമല്ല നിങ്ങൾ നോക്കേണ്ടത്. മറിച്ച് സംസാരത്തിൽ സത്യസന്ധത പാലിക്കുന്നുണ്ടോ എന്നും വിശ്വസിച്ചേല്‌പിച്ചവ പൂർത്തിയാക്കുന്നുണ്ടോ എന്നും പാപം പ്രവർത്തിക്കാൻ തോന്നിയാൽ സൂക്ഷ്‌മത പുലർത്തുന്നുണ്ടോ എന്നുമാണ്.
- ഐഹിക ജീവിതവും അതിന്റെ വർണപ്പൊലിമയും നമ്മെ വഞ്ചിതരാക്കരുത്.
- നാഥാ! ശത്രുക്കളുടെ പാദങ്ങളെ നീ തളർത്തേണമേ. അവരുടെ മനസ്സുകളെ വിറപ്പിക്കേണമേ. ഞങ്ങൾക്ക് സമാധാനം നല്‌കേണമേ. ഞങ്ങളിൽ ഭക്തി വർധിപ്പിക്കേണമേ. സമരം ഞങ്ങൾക്ക് പ്രിയങ്കരമാക്കേണമേ. രക്തസാക്ഷിത്വം ഞങ്ങളുടെ അന്ത്യാഭിലാഷമാക്കേണമേ.
- താങ്കളൊരു നേതാവാണെങ്കിൽ പക്ഷഭേദം കാണിക്കുമെന്ന് താങ്കളെക്കുറിച്ച് പ്രമാണികൾ വിചാരിക്കാതിരിക്കട്ടെ. താങ്കളുടെ നീതിനിഷ്‌ഠയെക്കുറിച്ച് ഒരു ദുർബലനും നിരാശനാവാതിരിക്കുകയും ചെയ്യട്ടെ.
- ഒരാളുടെ അഭിപ്രായം ഒറ്റയിഴ മാത്രമുള്ള നൂലാണ്. രണ്ടാളുകളുടേത് പിരിച്ച നൂലാണ്. രണ്ടിൽ കൂടുതൽ പേരുടേത് പൊട്ടാത്ത കയറാണ്.
- യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ആട്ടിൻകുട്ടി വിശന്നു ചത്താൽ ഞാനതിന്റെ പേരിൽ പരലോകത്ത് ഉത്തരം പറയേണ്ടി വരും.
- അടുത്ത വർഷം ഞാൻ ജീവിച്ചിരുന്നാൽ, കൊല്ലം മുഴുവൻ ജനങ്ങൾക്കിടയിൽ സഞ്ചരിച്ച് അവരുടെ പ്രശ്‌നങ്ങൾ പഠിക്കും. എത്ര നല്ല നാളുകളായിരിക്കും അത്!
- മുസ്‌ലിംകളുടെ നേതാക്കൾ അവരുടെ അടിമകളെപ്പോലെയാവണം. അടിമ യജമാനന്റെ സ്വത്ത് സംരക്ഷിക്കും പോലെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കണം.
- എന്റെ പകൽ ജനങ്ങൾക്കുവേണ്ടിയാണ്. എന്റെ രാത്രി അല്ലാഹുവിനുള്ളതാണ്.
- പണം അധികം സമ്പാദിക്കരുത്. ഇന്നത്തെ ജോലി നാളേക്ക് നീട്ടരുത്.
- ഉമറിനെയും ഒരു സാധാരണ മുസ്‌ലിമിനെയും സമമായി കാണാനാകാത്തിടത്തോളം കാലം ഞാൻ ഭരണാധികാരിയാവുകയില്ല.
- സദുദ്ദേശ്യത്തോടെയും ആത്മാർഥതയോടെയും പ്രവർത്തിക്കുന്നവരിലുള്ള വീഴ്‌ചകൾ അല്ലാഹു പൊറുത്തുതരും.
- കുട്ടികളെ നീന്തലും കായികാഭ്യാസങ്ങളും നല്ല കവിതകളും പഠിപ്പിക്കണം.
- ദൈവ ഭക്തിയാണ് ശത്രുവിനെ തോല്‌പിക്കാനുള്ള ഏറ്റവും നല്ല ആയുധം. കൂടെയുള്ളവരുടെ പാപങ്ങളെയാണ് ശത്രുവിന്റെ ആയുധത്തേക്കാൾ പേടിക്കേണ്ടത്.
- പാപം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിൽ നിന്നൊഴിഞ്ഞു നില്‌ക്കുന്നവരുടെ ഹൃദയത്തിലാണ് അല്ലാഹു ഭക്തി നിക്ഷേപിക്കുക.
- സ്വന്തം ദൗർബല്യങ്ങളെക്കുറിച്ച് പരാതി പറയുന്നവനാണ് ഏറ്റവും വലിയ പ്രതിഭാശാലി.
- ചിന്തയിലും സംസാരത്തിലും പ്രവൃത്തിയിലും അല്ലാഹുവിനെ സൂക്ഷിക്കുക.
- നമ്മുടെ ആരുടെയെങ്കിലും അടുക്കൽ പണമുള്ള കാലത്തോളം പണമില്ലാത്തവരുടെ ആവശ്യം പൂർത്തീകരിക്കാതെ കിടക്കരുത്.
- ഒരിക്കൽ, ഒരു ഗർഭിണി വെള്ളപ്പാത്രവുമായി കിണറ്റിൻ കരയിലേക്ക് പോകുന്നതു കണ്ട ഉമർ, അവളിൽ നിന്ന് കുടം വാങ്ങി വെള്ളം കോരിനിറച്ച് വീട്ടിലെത്തിച്ചു. അന്നദ്ദേഹം അന്നാട്ടിലെ ഭരണാധികാരിയായിരുന്നു.
- നാഥാ, ഞാൻ ദുസ്സ്വഭാവിയായാൽ എന്നെ നീ സൗമ്യനാക്കേണമേ. ഞാൻ ദുർബലനായാൽ ശക്തനാക്കേണമേ.
- കുട്ടികളെ പാലൂട്ടുന്ന ഉമ്മമാർ മക്കളെ വലിച്ചെറിയുകയും ഗർഭിണികളെല്ലാം ഭയം കാരണം പ്രസവിച്ചുപോവുകയും ചെയ്യുന്ന ഭയങ്കര ദിവസത്തെ ഞാൻ ഭയക്കുന്നു.
- കൊച്ചു കുട്ടികളെ കണ്ടാൽ ഉമർ പറയും: ``മോനെ എനിക്കു വേണ്ടി നീ പ്രാർഥിക്കണം. ഒരു കുറ്റവും ചെയ്യാത്ത കുട്ടിയാണല്ലോ നീ.
- നിങ്ങൾ ആഗ്രഹിച്ചത് നിങ്ങൾക്ക് വിധിച്ചതാണെങ്കിൽ എത്ര വലിയ പർവതങ്ങൾക്കിടയിലാണെങ്കിലും അത് നിങ്ങൾക്ക് എത്തിച്ചേരും അല്ലാത്ത പക്ഷം നിങ്ങൾ ആഗ്രഹിച്ചത് നിങ്ങൾ അർഹിക്കുന്നില്ലെങ്കിൽ നിങ്ങളുടെ രണ്ട് ചുണ്ടുകൾക്കിടയിലാണെങ്കിലും നിങ്ങൾക്കത് ലഭിക്കുകയില്ല.