കടങ്കഥകൾ
കടംകഥകൾ
(കടങ്കഥ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അകത്തറുത്താൽ പുറത്തറിയും.
ചക്കപ്പഴം • ചക്കപ്പഴം മുറിക്കകത്തുവച്ച് മുറിച്ചാൽപോലും പുറത്തേക്ക് ഗന്ധം വ്യാപിക്കും.
അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു.
കുരുമുളക് • നീണ്ട തിരിപോലുള്ള ഞെട്ടിലാണ് ഉരുണ്ട കുരുമുളക് മണികൾ വളരുന്നത്.
അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്.
വെറ്റില മുറുക്ക്
അകത്ത് രോമം, പുറത്തിറച്ചി.
മൂക്ക് • മൂക്കിന്റെ ദ്വാരത്തിനുള്ളിലായാണ് രോമം വളരുന്നത്. സാധാരണ രോമത്തിനു താഴെയാണ് മാംസം. ഇവിടെ മാംസാവരണത്തിനു ഉൾഭാഗത്തായി രോമം കാണുന്നതിനെ സൂചിപ്പിക്കുന്നു.
അകന്നു നിന്നു നോക്കിക്കാണും, കണ്ടതെല്ലാം ഉള്ളിലാക്കും.
ഛായാഗ്രാഹി (ക്യാമറ)
അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില.
പപ്പടം
അകം എല്ലും തോലും പുറം പൊന്ത പൊന്തം.
വൈക്കോൽത്തുറു
അകത്തിരുന്നു പുറത്തേക്കു നാവു നീട്ടി
ഓവ്
അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ്.
മത്തത്തണ്ട്.
അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി.
കൺപീലി
അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു.
ഇടിവെട്ടി കൂൺ മുളയ്ക്കുക
അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ്.
മത്തൻ • മത്തങ്ങയും മത്തവള്ളിയും പടർന്നു കിടക്കുന്നത്.
അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു.
കുരുമുളക്
അങ്ങേ വീട്ടിലെ മുത്തശ്ശിയമ്മക്കിങ്ങേ വീട്ടിലെ മുറ്റമടി.
മുളംപട്ടിൽ
അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും.
ചൂല് • മുറ്റം വൃത്തിയാക്കിയശേഷം ചൂല് ഒരിടത്ത് ഒതുക്കി വയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു.
അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും.
തുലാസ്
അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല.
ചേമ്പില, താമരയില • ഈ ഇലകളിൽ വെള്ളം പറ്റിയാൽ നനയുകയില്ല.
അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല.
അമ്മിക്കുഴ
അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്.
കിണ്ടി
അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി.
ചക്ക
അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു.
കൈയിൽ ചോറുരുള • അഞ്ചുവിരലുകൾ ചേർത്ത് ചോറ് ഉരുട്ടി ഉരുളയാക്കുന്നു.
അടയുടെ മുമ്പിൽ പെരുമ്പട.
തേനീച്ചക്കൂട്
അടയ്ക്കും തുറക്കും കിങ്ങിണി പത്തായം.
കണ്ണ്
അടി പാറ, നടു വടി, മീതെ കുട.
ചേന • ചേന എന്ന സസ്യത്തിന്റെ ആകൃതിയെ വിശദീകരിക്കുന്നു.
അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര.
പുളിമരം
അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട്.
മെതിക്കൽ
അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ.
നക്ഷത്രങ്ങൾ
അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ.
അടുപ്പ്
അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു.
എലി • തടികൊണ്ടുള്ള തട്ടിൻപുറത്ത് എലി ഓടുമ്പോഴുണ്ടാകുന്ന ശബ്ദമുണ്ടാകുന്നു. ശബ്ദമുണ്ടാക്കുന്ന ആളെ കാണുവാൻ സാധിക്കാത്തതുകൊണ്ട് എലിയെ കുട്ടിച്ചാത്തനായി സങ്കല്പിക്കുന്നു.
അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ തച്ച് പൊളിക്കാൻ കത്തിയാളില്ല.
അമ്പിളിമാമൻ
അതെടുത്തിതിലേക്കിട്ടു ഇതെടുത്തതിലേക്കിട്ടു.
പായ നെയ്ത്ത്
അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്.
ഇല • ഇലയുടെ വികാസത്തിന്റെ ഒരോ ദശയും (കാലഘട്ടവും) സൂചിപ്പിക്കുന്നു.
അപ്പം പോലെ ഒരു ഉണ്ട, അല്പം മാത്രം തല.
ആമ
അമ്പലത്തിലുള്ള ചെമ്പകത്തിനു കൊമ്പില്ല.
കൊടിമരം
അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്.
ചിരവ
അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ.
തെങ്ങും തെങ്ങിൻപൂക്കുലയും
അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി.
വെള്ളില
അമ്മ കിടക്കയിൽ, മകൾ നൃത്തശാലയിൽ.
അമ്മിക്കല്ലും കുഴവിയും
അമ്മ കിടക്കും, മകളോടും.
അമ്മിക്കല്ലും കുഴവിയും
അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ.
കവുങ്ങ്
അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും.
തീപ്പെട്ടിയും കൊള്ളിയും
അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു.
തീപ്പെട്ടിക്കൊള്ളി
അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് തലകറക്കം.
തിരികല്ല്
അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.
തവള
അരയുണ്ട്, കാലുണ്ട്, കാലിനു പാദമില്ല.
പാന്റ്, കാൽശരായി
അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു.
ചൂല്
അവിടെ കണ്ടു, ഇവിടെ കണ്ടു, പിന്നെ കണ്ടില്ല.
മിന്നൽ അഥവാ കൊള്ളിയാൻ.
അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്നു കൂത്താടുന്നു.
നാവ് • പല്ലുകളാകുന്ന അഴികളിട്ട അമ്പലത്തിൽ, നാവായ കിളി ശബ്ദമുണ്ടാക്കുന്നു.
ആ പോയി, ഈ പോയി, കാണാനില്ല.
മിന്നാമിനുങ്ങ്
ആകാശത്തിലൂടേ തേരോടുന്നു. തേരാളി ഭൂമിയിൽ നിൽക്കുന്നു.
പട്ടം പറത്തൽ
ആകാശത്തിലെത്തുന്ന തോട്ടി.
കണ്ണ്
ആകാശം മുട്ടെ വളരും മരം, കാക്കക്കിരിക്കാൻ പറ്റൂല.
പുക
ആടിയോടിവരുന്ന വെമ്പാലമൂർഖന്റെ പേരു പറയാമോ?
തീവണ്ടി
ആനകേറാമല ആടുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി.
ആകാശത്തിലെ നക്ഷത്രങ്ങൾ
ആനയെ കാണാൻ വെളിച്ചമുണ്ട്, ബീഡി കത്തിക്കാൻ തീയില്ല.
ടോർച്ച്
ആനയ്ക്കും നിലയില്ല, പാപ്പാനും നിലയില്ല, കുഞ്ഞിക്കണ്ണന് അരയോളം വെള്ളം.
തവള
ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തിൽ കാവശ്ശേരിക്കുട്ടികൾക്ക് കഴുത്തററം വെള്ളം
ആമ്പൽപ്പൂവ്
ആനയ്ക്ക് നിൽക്കാൻ നിഴലുണ്ട്, ജീരകം പൊതിയാൻ ഇലയില്ല.
പുളിമരം
ആയിരം ആളുകൾ ചെത്തിപ്പണിത ചിത്രകൂടക്കല്ല്.
തേനീച്ചക്കൂട്
ആയിരം കിളിക്ക് ഒരു കൊക്ക്.
വാഴക്കൂമ്പ്
ആയിരം കുഞ്ഞുങ്ങൾക്കൊരരഞ്ഞാൺ.
ചൂല്
ആയിരം കുറിയരി അതിലൊരു നെടിയരി.
നക്ഷത്രങ്ങളും ചന്ദ്രനും
ആയിരം തത്തയ്ക്ക് ഒരു കൊക്ക്.
വാഴക്കുല
ആയിരം തിരിതെരച്ച് അതിനുള്ളിലിരിക്കുന്ന ഉണ്ണികൃഷ്ണന്റെ പേര് പറയാമോ?
ഉണ്ണിത്തണ്ട്
ആയിരം വള്ളി, അരുമവള്ളി അമ്മയ്ക്കതിനോടേറെയിഷ്ടം
തലമുടി
ആരാലും അടിക്കാത്ത മുറ്റം.
ആകാശം
ആരും കാണാതെ വരും, ആരും കാണാതെ പോകും.
കാറ്റ്
ആരും തൊടാത്തൊരു ഇറച്ചിക്കഷണം.
തീക്കട്ട
ആരോടും മല്ലടിക്കും, വെള്ളത്തോട് മാത്രമില്ല.
അഗ്നി
ആവശ്യക്കാരൻ വാങ്ങുന്നില്ല, വാങ്ങുന്നവൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല.
ശവപ്പെട്ടി
ആർക്കും നിലയില്ല ആനയ്ക്കും നിലയില്ല ആമ്പാടിക്കൃഷ്ണനു് അരയററം വെള്ളം.
തവള
ഇടവഴിയിലൂടെ ഒരു കരിവടിയോടി.
പാമ്പ്
ഇട്ടാൽ പൊട്ടാത്ത കിങ്ങിണിമുട്ട.
കടുക്
ഇത്തിരി പൊന്നോണ്ടകം നിറച്ചു.
മിന്നാമിനുങ്ങ്
ഇത്തിരി പോന്ന വായ, പറ പോലെ വയറ്.
കുടം
ഇത്തിരി പോന്നോൻ ചന്തയ്ക്ക് പോയി
കൂർക്ക
ഇത്തിരി മുറ്റത്തഞ്ചാളുകൾ.
കൈവിരലുകൾ
ഇത്തിരിക്കുഞ്ഞനൊരൊറ്റക്കണ്ണൻ.
കുന്നിക്കുരു
ഇത്തിരിക്കുഞ്ഞൻ കുഞ്ഞിനെ കരയിപ്പിച്ചു.
ചീനമുളക്
ഇപ്പൊക്കുത്തിയ പുത്തൻ കിണറിൽ പത്തഞ്ഞൂറ് കളപ്പരല്.
അരി തിളയ്ക്കുന്നത്
ഇരിക്കാം, കിടക്കാം, ഓടാം, പറക്കാനൊക്കില്ല.
കസേര
ഇരുട്ടുകാട്ടിൽ കുരുട്ടുപന്നി.
പേൻ
ഇരുമ്പുപെട്ടിയിൽ വെള്ളിക്കട്ടി.
മാങ്ങാക്കൊരട്ട (മാങ്ങാണ്ടി)
ഇലയില്ല പൂവില്ല കായില്ല കരിവള്ളി.
തലമുടി
ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ ആയിരം കാക്ക വയ്യേ വയ്യേ.
തലമുടി
ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ കുഞ്ഞിക്കിണ്ണം തുള്ളി തുള്ളി.
അരി തിളയ്ക്കുന്നത്.
ഇരുട്ട് കണ്ടാൽ മറയും, വെളിച്ചം കണ്ടാൽ തുറക്കും.
കണ്ണ്
ഈച്ച തൊടാത്തൊരിറച്ചിക്കഷണം, പൂച്ച തൊടാത്തൊരിറച്ചിക്കഷണം, തൊട്ടാൽ നക്കുമിറച്ചിക്കഷണം.
തീക്കനൽ
ഉടുതുണിയില്ലാത്തോൻ കുട ചൂടി നിൽക്കുന്നു.
തെങ്ങ് • തെങ്ങ്, കവുങ്ങ്, പന, കൂണ്, ചേന എന്നീ ഉത്തരങ്ങളും ശരിയാണ്. ഈ വൃക്ഷങ്ങളുടെ മുകളറ്റത്തു മാത്രമേ ഇലകളുള്ളു. മറ്റ് ഭാഗങ്ങൾ നഗ്നമാണ്.
ഉദിച്ചുവരുന്ന ഭഗവാനെ പിടിച്ചു രണ്ടടി.
സ്വർണ്ണം ഉരുക്കി അടിക്കൽ
ഉണ്ണാത്ത അമ്മയ്ക്കു് ഒരു മുട്ടൻവയറ്.
വയ്ക്കോൽതുറു
ഊതിയാലണയില്ല, മഴയത്തുമണയില്ല, എണ്ണകൂടാതീ വിളക്കു കത്തും.
ഇലക്ട്രിക് ബൾബ്
എത്തിയാലുമെത്തിയാലുമെത്താത്ത മരത്തിൽ വാടി വീഴാത്ത പൂക്കൾ.
നക്ഷത്രങ്ങൾ
എന്നെ തൊട്ടാൽ തൊടുന്നവനെ തട്ടും.
വൈദ്യുതി
എന്നെ തൊട്ടാൽ തൊടുന്നവൻ നാറും.
ചന്ദനം
എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ തലയില്ല.
ആമ
എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ കൊമ്പ് ഇല്ല
ഒച്ച്
എന്റച്ഛന്റെ കുളത്തിലെ വെള്ളം കോരീട്ടും കോരീട്ടും തീരണില്ല.
സമുദ്രം
എല്ലാം കാണും എല്ലാം കേൾക്കും. മറുപടിക്ക് പറ്റില്ല.
കണ്ണും കാതും
എല്ലാം തിന്നും എല്ലാം ദഹിക്കും, വെള്ളം തൊട്ടാൽ പത്തി താഴും.
തീ
എല്ലാവർക്കും ആവശ്യമാണ്, ആരും പിടിക്കാൻ ശ്രമിക്കുന്നില്ല.
സൂര്യൻ
എല്ലില്ല, തലയില്ല, കൈക്കൊന്നും പടമില്ല, ആരാന്റെ കാലോണ്ടേ ഞാൻ നടക്കൂ.
ഉടുപ്പ്
എല്ലുണ്ട് വാലുണ്ട് വെള്ളം തടയാൻ കഴിവുണ്ട്.
കുട
ഒട്ടും വിലയില്ലാത്തതൊട്ടേറെ വിലയുള്ളതെല്ലാർക്കും ചത്താലും വേണ്ടതത്രേ.
മണ്ണ്
ഒരമ്മ എന്നും വെന്തും നീറിയും
അടുപ്പു്
ഒരമ്മ പെറ്റ മക്കളെല്ലാം തുള്ളി തുള്ളി.
ആലില
ഒരമ്മ പെറ്റ മക്കളെല്ലാം തൊപ്പിക്കാർ.
അടയ്ക്ക
ഒരമ്മ പൊറ്റതൊക്കെ കറുത്ത പട്ടാളം.
കട്ടുറുമ്പ്
ഒരമ്മയ്ക്ക് രണ്ട് മക്കൾ, ഓരോന്നിനും രണ്ട് നിറം.
കണ്ണ്
ഒരാളെ ഏറ്റാൻ മൂന്നാള്.
അടുപ്പ്
ഒരു കുന്തത്തിന്മേൽ ആയിരം കുന്തം.
തേങ്ങോല
ഒരു കുപ്പിക്ക് രണ്ട് കുഴി.
മൂക്ക്
ഒരു കുപ്പിയിൽ രണ്ണെണ്ണ.
കോഴിമുട്ട
ഒരു തൊഴുത്തിൽ രണ്ടുവരി വെള്ളക്കുതിര.
പല്ലുകൾ
ഒരു മണി നെല്ലോണ്ടറ നിറഞ്ഞു.
വിളക്കിന്റെ പ്രകാശം
ഒരു മുറം മലരിലൊരു തേങ്ങാക്കൊത്ത്.
ചന്ദ്രക്കല
ഒരെരുത്തിൽ നിറച്ചു വെള്ളക്കാള.
പല്ലുകൾ
ഒറ്റക്കണ്ണൻ കുതിച്ചു പാഞ്ഞു.
തീവണ്ടി
ഒറ്റക്കാലൻ ചന്തയ്ക്ക് പോയി.
കുട
ഒറ്റത്തടി മരമാണേ, വേരില്ലാ മരമാണേ, തുഞ്ചത്തു കാണുന്നതെന്തിലയോ, പൂവോ?
കൊടിമരം
ഓടി നടക്കും തീയുണ്ട.
മിന്നാമിനുങ്ങ്
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര.
ചെരുപ്പ്
കട കട കുടു കുടു നടുവിലൊരു പാതാളം.
ആട്ടുകല്ല്
കണ്ടാലറിയില്ല, കൊണ്ടാലറിയും.
കാറ്റ്
കണ്ടാലോ പൂത്തളിക, തളികയിലോ തീ.
സൂര്യൻ
കണ്ടാൽ വേര്, തിന്നാൽ മധുരം.
ഇരട്ടിമധുരം
കണ്ടാൽ സുന്ദരൻ, തൊട്ടാൽ ഭയങ്കരൻ.
തീക്കട്ട
കത്തീട്ടും കത്തീട്ടും കെടാത്ത വിളക്ക്.
സൂര്യൻ
കയറും കൊണ്ട് ചെന്നപ്പോൾ കഴത്തില്ല കെട്ടാൻ.
ആമ
കരയില്ലാക്കടലിലെ കൊച്ചോടം തുഴയില്ലാതോടുന്ന കൊച്ചോടം.
ചന്ദ്രൻ
കറിക്കു മുമ്പൻ ഇലക്കു പിമ്പൻ.
കറിവേപ്പില • എല്ലാ കറികൾക്കും ചേർക്കുമെങ്കിലും ഭക്ഷിക്കാൻ തുടങ്ങുമ്പോൾ കരിവേപ്പിലയെ ഒരരികിലേക്കു മാറ്റുന്നു.
കറുത്ത കണ്ടത്തിൽ വെളുത്ത കൊക്ക്.
ആകാശത്തിൽ നക്ഷത്രം
കറുത്ത പാറയ്ക്ക് വെളുത്തവേര്.
ആനക്കൊമ്പ്
കറുത്ത മതിലിന് നാല് കാല്.
ആന
കറുത്തവൻ കുളിച്ചപ്പോൾ വെളുത്തവനായി.
ഉഴുന്ന്
കറുത്തിരുണ്ടവൻ, കണ്ണു രണ്ടുള്ളവൻ, കടിച്ചാൽ രണ്ടു മുറി.
പാക്കുവെട്ടി
കാടുവെട്ടി, ഓടുവെട്ടി, വെള്ളവെട്ടി, വെള്ളം കണ്ടു.
തേങ്ങ
കാട്ടിലെ മരം നാട്ടിലെ കണക്കപ്പിള്ള.
നാഴി
കാട്ടിൽ കിടന്നവൻ കൂട്ടായി വന്നു.
കട്ടിൽ
കാട്ടുപുല്ല് വീട്ടുസഭയിൽ.
പുൽപ്പായ
കാലകത്തിയാൽ തല പിളരും.
കത്രിക
കാലിന്മേൽ കണ്ണുള്ളോൻ വായിൽ പല്ലില്ലാത്തോൻ.
കത്രിക
കാലുകൊണ്ട് വെള്ളംകുടിച്ച് തലകൊണ്ട് മുട്ടയിടും.
തേങ്ങ
കാലേൽ പിടിച്ചാൽ തോളേൽ കേറും.
കുട
കാലൊന്നേയുള്ളു യാത്രയേറെ നടത്തും.
കുട
കാൽ കറുപ്പും മുക്കാൽ ചുവപ്പും.
കുന്നിക്കുരു
കാള കിടക്കും കയറോടും.
മത്തൻ
കിടന്നാൽ മീതെ, നടന്നാൽ തലയ്ക്ക് മുകളിൽ.
ആകാശം
കിടാങ്ങളെ കൊല്ലുമമ്മ.
തീപ്പെട്ടി
കിട്ടാൻ പ്രയാസം, കിട്ടിയാൽ തീരില്ല, കൊടുത്താൽ വർദ്ധിക്കും.
വിദ്യ
കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തിൽ ചത്തിരിക്കും.
താക്കോൽകൂട്ടം.
കിഴക്കൂന്ന് വരവ്, പടിഞ്ഞാട്ട് പോക്ക്.
സൂര്യൻ
കിഴക്കേപ്പുറത്തു വാഴവെച്ചു, പടിഞ്ഞാപ്പുറത്തു കുലവെട്ടി.
സൂര്യൻ
കിറുകിറുപ്പു് കേട്ടു ചക്കിൻ ചോട്ടിൽ ചെന്നാൽ പിള്ളർക്കു തിന്മാൻ പിണ്ണാക്കില്ല.
ഇല്ലി
കുഞ്ഞിക്കിണ്ണം തുള്ളിത്തുള്ളി.
അരി തിളയ്ക്കുക
കുത്തിയാൽ മുളയ്ക്കില്ല, വേലിയിൽ പടരും.
ചിതൽ
കുത്തിയിട്ടാൽ മുളയ്ക്കില്ല, വേലിയിൽ പടരില്ല.
ഉപ്പ്
കുത്തുന്ന കാളയ്ക്ക് കണ്ണ് പിന്നിൽ.
സൂചി
കുപ്പായമൂരി കിണറ്റിലിട്ടു.
പഴം തിന്നു തോൽ കളയുക
കുളിക്കാൻ പോകുമ്പോൾ കുഴഞ്ഞുമറിഞ്ഞ്, കുളിച്ചു വരുമ്പോൾ ബലാബലൻ.
പപ്പടം
കൂക്കിവിളിച്ചോടിവന്നു, ഒരുപാടിറക്കി, ഒരുപാടേറ്റി.
തീവണ്ടി
കൂട് തുറന്നാൽ ലോകം മുഴുവൻ.
പഞ്ഞിക്കായ പൊട്ടുന്നത്
കൂട്ടിത്തിന്നാൻ ഒന്നാന്തരം, ഒറ്റയ്ക്കായാൽ ആർക്കും വേണ്ട.
ഉപ്പ്
കൈകൊണ്ട് വിതച്ചത് വാകൊണ്ട് കൊയ്തു.
എഴുതി വായിക്കുക
കൈയിൽ കയറി മെയ്യിലൊളിച്ചു.
ചോറ്റുരുള
കൊക്കിരിക്കും കുളം വറ്റി വറ്റി.
നിലവിളക്ക്
കൊച്ചിയിൽ വിതച്ചത് കൊല്ലത്ത് കായ്ച്ചു.
വെള്ളരിക്ക
കൊച്ചുകൊച്ചച്ചിങ്ങ, കുലനിറച്ചച്ചിങ്ങ, വയ്പാൻ കൊള്ളാം, തിന്മാൻകൊള്ളുകയില്ല .
കഴുത്തില
കോലിൽ തൂങ്ങും പൂമഴ വർഷം.
പൈപ്പുവെള്ളം
ചത്ത പോത്ത് കോലെടുത്താലോടും.
തോണി
ചത്ത കാള മടലെടുക്കുമ്പോൾ ഓടും.
വള്ളം
ചത്തവന്റെ വയറ്റിൽ ചുട്ടവനെ കയറ്റി.
ചക്ക മുറിക്കുക
ചത്താലേ മിണ്ടുള്ളൂ ചങ്കൂച്ചാര്.
ശംഖ്
ചില്ലിക്കൊമ്പിൽ ഗരുഡൻതൂക്കം.
വവ്വാൽ
ചില്ലിക്കൊമ്പത്തെ മഞ്ഞപക്ഷി
കപ്പൽമാങ്ങാ
ചുരുട്ടീട്ടും ചുരുട്ടീട്ടും തീരാത്ത പായ.
റോഡ്
ചുവന്നിരിക്കുന്നവൻ കറുത്തുവരുമ്പോൾ വെള്ളത്തിൽമുക്കിയൊരടി.
സ്വർണ്ണം
ചുള്ളിക്കൊമ്പിൽ മഞ്ഞക്കിളി.
പറങ്കിമാങ്ങ
ചെടിയാൽ കായ, കായയിൽ ചെടി.
കൈതച്ചക്ക
ചെപ്പുനിറച്ചും പച്ചയിറച്ചി.
കപ്പ
ചെറുതിരിയൊന്നിൽ ചെറുമണി കുരുമണി.
കുരുമുളക്
ചോപ്പൻ കുളിച്ചാൽ കരിമ്പനാകും.
തീക്കട്ട
ചെറുചോപ്പൻ ചെക്കന് കരിവീട്ടി തല
തീക്കട്ട
ജനനം ജലത്തിൽ, സഞ്ചാരം വായുവിൽ.
കൊതുക്
ജീവനില്ല, കാവൽക്കാരൻ.
സാക്ഷ
ഞാനോടിയാൽ കൂടെയോടും, ഞാൻ നിന്നാലൊപ്പം നിൽക്കും.
നിഴൽ
ഞാൻ തിന്നും വെള്ളാരങ്കല്ലിനെന്തു രസം.
കൽക്കണ്ടം
ഞാൻ പെറ്റകാലം മീൻ പെറ്റപോലെ വാലറ്റകാലം ഞാൻ പെറ്റകാലം.
തവള
ഞെട്ടില്ല, വട്ടയില.
പപ്പടം
തടയാം, നീക്കാം, ബന്ധിക്കാനൊക്കില്ല.
പുക
തല വെന്താലും തടി വേവില്ല.
കൽചുമരുള്ള വീട്
തല വട്ടിയിൽ, തടി തൊട്ടിയിൽ.
നെല്ല്
തലയില്ലാക്കോഴി മല കയറി കൂകി.
തോക്ക്
തിത്തെയ് എന്നൊരു കൊയ്ത്തരിവാൾ.
ചന്ദ്രക്കല
തിന്നില്ല കുടിയ്ക്കില്ല, തല്ലാതെ മിണ്ടില്ല.
ചെണ്ട
തിരിതിരി തിരിതിരിയമ്മതിരി തിരിതിരി തിരിതിരി മോളുതിരി.
തിരികല്ല്
തുടച്ചാലും തുടച്ചാലും ചേറുപോകാത്ത കണ്ണാടി.
ചന്ദ്രൻ
തുമ്പിക്കൈയില്ലാത്ത ആന.
കുഴിയാന
തെക്ക് നിന്ന് വന്ന കാളയ്ക്ക് പള്ളയ്ക്കൊരു കൊമ്പ്.
കിണ്ടി
തേങ്ങാപ്പൂളൊരു തേങ്ങാമുറിയായ്.
ചന്ദ്രൻ
തേൻകുടത്തിലൊറ്റക്കണ്ണൻ.
ചക്കക്കുരു
തൊട്ടാൽ ചൊറിയൻ തിന്നാൻ രസികൻ.
ചേന
തൊട്ടാൽ പിണങ്ങും ചങ്ങാതി.
തൊട്ടാവാടി
തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട.
കുമിള
തോളിൽ തൂങ്ങുന്ന തല്ലുകൊള്ളി.
ചെണ്ട
തോട്ടുവക്കത്തൊരമ്മൂമ്മ പട്ടിട്ടുമൂടി.
കൈതച്ചക്ക
നട്ടാൽ മുളക്കൂല, വേലീമ്മൽ പടരൂല, നാട്ടിലെല്ലാടത്തും കറി.
ഉപ്പ്
നാവൂരി പാലുകൊണ്ട് നാടാകെ കല്യാണം.
ട്യൂബ്‌ലൈറ്റ്, നിലാവ്
നാലുകാലുണ്ട്, നടുവുണ്ട്, നായക്കു തിന്നാൻ ഇറച്ചിയില്ല.
കസേര
നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണൻ കട്ടുകൊണ്ടുപോയി.
പാമ്പ് തവളയെ പിടിക്കുന്നത്
നാലുപേരും കൂടി ഒരുവഴിക്ക് പോയി, മടങ്ങിവന്നപ്പോൾ ഒരാൾ.
മുറുക്കാൻ
നാലുപേരുകൂടി ഒന്നായി.
മുറുക്കുക
നിലം കീറി പൊന്നെടുത്തു.
മഞ്ഞൾ
നോക്കിയാൽ കാണാം, കാണുന്നതൊക്കെ പിടിക്കാം.
ഛായാഗ്രാഹി (ക്യാമറ)
ചെറുപ്പമായിരിക്കുമ്പോൾ എനിക്ക് ഉയരമുണ്ട്, എനിക്ക് പ്രായമാകുമ്പോൾ ഞാൻ ചെറുതാണ്. ഞാൻ എന്താണ്?
പകലെല്ലാം പച്ചക്കായ, രാവായാൽ പഴുത്തകായ.
ഇലക്ട്രിക് ബൾബ് • സാധാരണ ബൾബ് പകൽ കത്തിക്കാറില്ല. അത് പച്ചക്കായ. രാത്രിയിൽ മഞ്ഞ പ്രകാശത്തോടെ കത്തുന്നത് കാണാം. അത് പഴുത്തകായ.
പകൽ വെളുപ്പും, രാത്രി കറുപ്പും.
സൂര്യൻ
പച്ചക്കാട്ടിൽ തവിട്ടുകൊട്ടാരം, അതിനുള്ളിൽ വെള്ളക്കൊട്ടാരം, അതിനുള്ളിൽ കൊച്ചുതടാകം.
തേങ്ങ • നാളികേരത്തിന്റ തൊണ്ട് പൊളിച്ചു ചെല്ലുമ്പോഴുള്ള കാഴ്ചകൾ: തേങ്ങ പച്ചക്കാട്, ചകിരി തവിട്ടുകൊട്ടാരം, അതിനുള്ളിലുള്ള തേങ്ങ വെള്ളക്കൊട്ടാരം, അതിനുള്ളിലുള്ള വെള്ളം കൊച്ചുതടാകം.
പച്ചക്കൊരു കെട്ട്, ചുട്ടാൽ ഒരു കുട്ട.
പപ്പടം
പലകക്കീഴെ പച്ചയിറച്ചി.
നഖം
പാടാനറിയാം പറയാനറിയാം, ചെയ്യാനൊന്നുമറിയില്ല.
റേഡിയോ
പാടുന്നുണ്ട് പറക്കുന്നുണ്ട്, കണ്ണിൽക്കാണാനൊക്കില്ല.
കാറ്റ്
പാതാളം പോലെ വായ്, കോലുപോലെ നാവ്.
മണി
പാൽമൊന്തയിൽ കരിമീൻ.
കണ്ണ്
പിടിച്ചാൽ ഒരു പിടി, അരിഞ്ഞാൽ ഒരു മുറം.
ചീര
പിടിച്ചാൽ പിടികിട്ടില്ല, വെട്ടിയാൽ വെട്ടേൽക്കില്ല.
വെള്ളം
പുക തുപ്പുന്ന പാമ്പ്.
തീവണ്ടി
പുറം പരപരാ, അകം മിനുമിനാ.
ചക്ക
പൂട്ടാനെളുപ്പം തുറക്കാനാവില്ല.
തൊട്ടാവാടി
പൂട്ടില്ലാപ്പെട്ടി, പൂട്ടാതെടുക്കും പെട്ടി.
ശവപ്പെട്ടി
പൊക്കിളിൽ തൊട്ടാൽ ഇളിച്ചു കാട്ടും.
ടോർച്ച്
പൊന്ന് തിന്ന് വെള്ളി തുപ്പി.
അയനിച്ചക്കയുടെ കുരു
പ്രതിഷ്ഠയുണ്ട്, പ്രദക്ഷിണമുണ്ട്, നേദ്യവും ധാരയുമുണ്ട്, പക്ഷേ പൂജയില്ല.
ചക്ക്
മകൻ അറയ്ക്കകത്ത്, അമ്മ പുരയ്ക്ക് പുറത്ത്.
നെല്ലും വൈക്കോലും
മണ്ണിനടിയിൽ പൊന്നമ്മ.
മഞ്ഞൾ
മണ്ണിൽ മുളയ്ക്കാതെ മരത്തിൽ പടർന്നു.
ചിതൽ
മണ്ണ് വെട്ടി വെട്ടി പൊന്ത കണ്ടു. പൊന്ത വെട്ടി വെട്ടി പാറ കണ്ടു. പാറ വെട്ടി വെട്ടി വെള്ളി കണ്ടു. വെള്ളി വെട്ടി വെട്ടി വെള്ളം കണ്ടു.
തേങ്ങ
മുക്കണ്ണൻ ചന്തയ്ക്ക് പോയി.
തേങ്ങ
മുള്ളിനുള്ളിലെ സുന്ദരിക്കുട്ടി.
റോസാപുഷ്പം
മുള്ളില്ലാത്ത പുറംകാട്ടിൽ എല്ലില്ലാത്ത ഒരെലിക്കുഞ്ഞ്.
പേൻ
മുള്ളുണ്ട് മുരിക്കല്ല, കയ്പുണ്ട് കാഞ്ഞിരമല്ല.
പാവയ്ക്ക
മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് പശുവല്ല.
ചക്ക
മുറ്റത്തുനിൽക്കും മണികണ്ഠനാനയ്ക്ക് മുപ്പത്തിമൂന്നു് മുറിത്തുടൽ.
വാഴക്കുല
മുറ്റത്തെ ചെപ്പിനടപ്പില്ല.
കിണർ
മൂന്നു ചിറകുള്ള വവ്വാൽ.
സീലിംഗ് ഫാൻ
മേലേവീട്ടിലെ മുത്തശ്ശ്യമ്മേടെ പൊട്ടിച്ചിരിയും പേടിപ്പിക്കും.
മിന്നലും ഇടിയും
മാജിക് കാണിച്ചാൽ ശരിയാകുമോ?
ഇല്ല
ഇത് എഡിറ്റ് ചെയ്ത ആളുടെ പേര്?
ഇഷാൻ രാജ്
വട്ടത്തിൽ ചവിട്ടിയിൽ നീളത്തിലോടും.
സൈക്കിൾ
വട്ടി എടുത്താൽ കാള ഓടും.
വഞ്ചി
വരുമ്പോൾ കറുത്തിട്ട്, പോകുമ്പോൾ വെളുത്തിട്ട്.
തലമുടി
വരുമ്പോൾ ചുവന്നിട്ട്, പോകുമ്പോൾ കറുത്തിട്ട്.
മൺകലം
വലവീശും ഞാൻ മുക്കുവനല്ല, നൂല് നൂൽക്കും ഞാൻ വിൽക്കാറില്ല.
ചിലന്തി
വായില്ല നാക്കുണ്ട്, നാക്കിന്മേൽ പല്ലുണ്ട്.
ചിരവ
വാലില്ലാക്കോഴി നെല്ലിനു പോയി.
വെള്ളിച്ചക്രം
വാലില്ലാത്തമ്മയ്ക്ക് വാലുള്ള മക്കൾ.
തവള
വില്ലാണ് പക്ഷേ ഞാണില്ല കെട്ടാൻ.
മഴവില്ല്
വീട്ടിലും നിർത്തില്ല നാട്ടിലും നിർത്തില്ല.
പേപ്പട്ടി
വീട്ടിലെ കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ.
അടുപ്പ്
വെട്ടും തോറും വളരും ഞാൻ.
തലമുടി
വെള്ളച്ചാരെ മാറ്റിയിരുത്തി, ചോപ്പന്മാരെ കേറ്റിയിരുത്തി.
ചാരം വാരി തീകൂട്ടി
വെള്ളമതിലിനുള്ളിൽ ഒരു വെള്ളിവടി.
വാഴപ്പിണ്ടി
വെള്ളിക്കിണ്ണത്തിൽ ഞാവൽപ്പഴം.
കണ്ണ്
വേലിപ്പൊത്തിലിരിക്കും രത്നം.
മിന്നാമിനുങ്ങ്
സൂചി പോലെ ഇല വന്നു, മദ്ദളം പോലെ ഇല വിരിഞ്ഞു, ഞാനതിന്റെ കായ് തിന്നു, നീയതിന്റെ പേരു പറ.
വാഴ
സുന്ദരൻ കുളിച്ചപ്പോൾ ചൊറിക്കുട്ടനായി.
പപ്പടം