ഓസ്കാർ വൈൽഡ്
ഓസ്കാർ ഫിൻഗൽ ഒ ഫ്ലഹെർട്ടി വിൽസ് വൈൽഡ് (ഒക്ടോബർ 16, 1854 – നവംബർ 30, 1900) ഒരു ഐറിഷ് നാടകകൃത്തും, നോവലിസ്റ്റും, കവിയും, ചെറുകഥാകൃത്തും ആയിരുന്നു.
ഓസ്കാർ വൈൽഡിന്റെ വചനങ്ങൾ
തിരുത്തുക1
ജീവിതത്തിന്റെ പുസ്തകം തുടങ്ങുന്നത് ഉദ്യാനത്തിൽ ഒരു സ്ത്രീയും പുരുഷനുമായി; അതവസാനിക്കുന്നത് വെളിപാടുകളുമായി.
2
അനുചിതമായ ഒരു വികാരവുമുണ്ടാകാതിരിക്കുക എന്നതുതന്നെ ജീവിതത്തിന്റെ വിജയരഹസ്യം.
3
താൻ ജീവിക്കാത്ത ജീവിതമായിരിക്കും പലപ്പോഴും ഒരാളുടെ യഥാർത്ഥജീവിതം.
4
ലോകത്തേറ്റവും ദുർലഭമായ സംഗതിയാണ് ജീവിക്കുക എന്നത്. മിക്കയാളുകളും കഴിഞ്ഞുകൂടുന്നു, അത്രതന്നെ.
5
മോശമായി ജീവിക്കുകയും നന്നായി മരിക്കുകയും ചെയ്യുക എന്നതിനേക്കാൾ എളുപ്പമായി അധികമൊന്നുമില്ല.
6
ഒട്ടും ജീവിക്കാതെ വർഷങ്ങൾ നിങ്ങൾക്കു ജീവിക്കാം; പിന്നെക്കാണാം, ജീവിതമെല്ലാം കൂടി ഒരു മണിക്കൂറിന്റെ ദൈർഘ്യത്തിലേക്കു തള്ളിക്കയറിവരുന്നത്.
7
പരാജിതന്റെ അന്തിമാശ്രയമാണ് ഉത്കർഷേച്ഛ.
8
അഭിനയം എനിക്കിഷ്ടമാണ്. ജീവിതത്തെക്കാളെത്രയോ യഥാർത്ഥമാണത്.
9
നമ്മെ ശിക്ഷിക്കണമെന്നു തോന്നുമ്പോഴാണ് ദൈവങ്ങൾ നമ്മുടെ പ്രാർത്ഥനകൾക്കു കാതു കൊടുക്കുക.
10
ദൗർഭാഗ്യങ്ങൾ നമുക്കു സഹിക്കാം: അവ പുറത്തു നിന്നു വരുന്നവയാണ്, യാദൃച്ഛികവുമാണവ. പക്ഷേ സ്വന്തം കൈപ്പിഴകൾ കൊണ്ടു യാതന തിന്നുക, ഹാ! അതാണു ജീവിതത്തിന്റെ വിഷദംശനം!
11
ലോകം ഒരു നാടകവേദിയാണെന്നതു ശരിതന്നെ, പക്ഷേ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പു പാളിപ്പോയി.
12
നാമെത്ര ശ്രമിച്ചാലും വസ്തുക്കളുടെ പിന്നിലെ യാഥാർത്ഥ്യത്തിലേക്കെത്താൻ നമുക്കു കഴിയില്ല. പുറമേ കാണുന്നതല്ലാതെ മറ്റൊരു യാഥാർത്ഥ്യം അവയ്ക്കില്ലെന്നതുമാവാം, നമ്മെ പേടിപ്പെടുത്തുന്ന കാരണം.
13
ആകെ വികലമാണ് ജീവിതത്തിന്റെ രൂപഭദ്രത. വഴി തെറ്റിയും ആളു തെറ്റിയുമാണ് അതിന്റെ കെടുതികൾ സംഭവിക്കുക. അതിന്റെ പ്രഹസനങ്ങളിൽ വിരൂപമായൊരു ഭീഷണത നിഴലു വീഴ്ത്തുന്നു; അതിന്റെ ദുരന്തനാടകങ്ങളാവട്ടെ, തമാശക്കളികളിൽ കലാശിക്കും പോലെയും.
14
ഞാനെന്നും എന്നെത്തന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തെ ജീവിക്കാൻ കൊള്ളാവുന്നതാക്കുന്നത് അതു മാത്രമാണ്.
15
എനിക്കു ജീവിതം എന്തെന്നറിയാതിരുന്നപ്പോൾ ഞാനെഴുതി; ഇന്ന്, ജീവിതമെന്താണെന്നറിഞ്ഞതിലിപ്പിന്നെ എഴുതാൻ എനിക്കൊന്നുമില്ലാതായിരിക്കുന്നു. ജിവിതത്തെ എഴുതിവയ്ക്കാൻ പറ്റില്ല, അതു ജിവിക്കുക തന്നെ വേണം.
16
ലോകമെന്നും സ്വന്തം ദുരന്തങ്ങളെ നോക്കി ചിരിച്ചിട്ടുണ്ട്, അവയെ സഹിക്കാൻ ആ ഒരു വഴിയേയുള്ളു എന്നതിനാൽ.
17
ഒരു മനുഷ്യന്റെയോ, രാഷ്ട്രത്തിന്റെയോ പുരോഗതിയിലെ ആദ്യത്തെ പടവാണ് അസംതൃപ്തി.
18
ഓരോരുത്തനും അവനവന്റെ പിശാചു തന്നെ; ഈ ലോകം നരകവും.
19
മനസ്സിലാക്കാനുള്ളതല്ല, സ്നേഹിക്കാനുള്ളതാണ് സ്ത്രീകൾ.
20
സ്ത്രീകൾ നമ്മളെ സ്നേഹിക്കുന്നുവെങ്കിൽ അതു നമ്മളിലെ ന്യൂനതകളുടെ പേരിലായിരിക്കും. നമ്മളിലവ വേണ്ടത്രയുണ്ടെങ്കിൽ മറ്റെന്തും അവർ ക്ഷമിക്കും, നമ്മുടെ ബുദ്ധിമഹത്വത്തെപ്പോലും.
21
പുരുഷന്മാർ സ്ത്രീകളെ സ്നേഹിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്; തങ്ങളുടെ ജിവിതത്തിന്റെ ചെറിയൊരംശമേ അവർ നല്കാറുള്ളു. പക്ഷേ സ്ത്രീകൾ സ്നേഹിക്കുമ്പോൾ അവർ സർവസ്വവും നല്കും.
22
ഒരാൾ അതിനായി ജീവൻ വെടിഞ്ഞുവെന്നതു കൊണ്ടുമാത്രം ഒരു സംഗതി സത്യമായിക്കൊള്ളണമെന്നില്ല.
23
കവിയ്ക്കേതും സഹിക്കാം, അക്ഷരപ്പിശകൊഴികെ.
24
മരണം മനോഹരം തന്നെയായിരിക്കണം. തലയ്ക്കുമേൽ പുൽക്കൊടികളിഴനെയ്കെ പതുപതുത്ത തവിട്ടുമണ്ണിൽ കിടന്നുകൊണ്ടു നിശ്ശബ്ദതയ്ക്കു കാതുകൊടുക്കുക; ഇന്നലെയില്ല, നാളെയുമില്ല; കാലത്തെ മറക്കുക, ജീവിതത്തിനു മാപ്പു കൊടുക്കുക, ശാന്തിയെ പുല്കുക.
25
മറ്റൊന്നും ചെയ്യാനില്ലാത്തവരുടെ അഭയമാണ് അദ്ധ്വാനശീലം.
26
കല ജീവിതത്തെ അനുകരിക്കുന്നതിലേറെ ജീവിതം കലയെ അനുകരിക്കുന്നുണ്ട്.
26
ചരിത്രം ആർക്കും സൃഷ്ടിക്കാവുന്നതേയുള്ളു. അതെഴുതാൻ ഒരു മഹാൻ തന്നെ വേണം.
27
ഇന്നത്തെ കാലത്ത് ഏതൊരു മഹാനും ശിഷ്യന്മാരുണ്ടാവും; കൂട്ടത്തിലെ ജൂദാസായിരിക്കും അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതുന്നത്.
28
മൂഢതയല്ലാതെ ഒരു പാപമില്ല.
29
പ്രലോഭനമൊഴികെ എന്തും എനിക്കു ചെറുത്തുനില്ക്കാം.
30
സ്ത്രീയ്ക്കും പുരുഷനുമിടയിൽ സൗഹൃദം സാദ്ധ്യമല്ല. വികാരാവേശമുണ്ട്, വിരോധമുണ്ട്, ആരാധനയുണ്ട്, പക്ഷേ സഹൃദമെന്നതില്ല.
31
ഓടയിൽ വീണുകിടക്കുകയാണു നാമെല്ലാം. ചിലർ നക്ഷത്രങ്ങളെ നോക്കുന്നുവെന്നു മാത്രം.
32
ഈ ലോകത്തു രണ്ടു ദുരന്തങ്ങളേയുള്ളു: നാമാഗ്രഹിക്കുന്നതു കിട്ടാതിരിക്കുക എന്നതൊന്ന്; ആഗ്രഹിക്കുന്നതു കിട്ടുക എന്നതു മറ്റേത്.
33
സ്വന്തം അബദ്ധങ്ങൾക്ക് ഒരാൾ നല്കുന്ന പേരാണ് അനുഭവം എന്നത്.
34
വിശുദ്ധനും പാപിയും തമ്മിൽ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.
35
മരണംവരെ നീണ്ടുനില്ക്കുന്നൊരു പ്രണയബന്ധത്തിന്റെ തുടക്കമാണ് ആത്മാനുരാഗം.
36
തകർന്നൊരു ഹൃദയത്തിലൂടെയല്ലാതെ യേശുവേതുവഴി കയറിവരാൻ?
37
സൂര്യനെ ത്രാസ്സിലിട്ട് തൂക്കം കണ്ടതിനു ശേഷവും, ചന്ദ്രനിലേക്കെത്ര പടികളുണ്ടെന്നെണ്ണിയതു ശേഷവും, ഏഴു സ്വർഗ്ഗങ്ങളെ ഭൂപടത്തിലാക്കിയതിനു ശേഷവും താനൊരാൾ ബാക്കി കിടക്കുന്നു. സ്വന്തമാത്മാവിന്റെ ഭ്രമണപഥം കണക്കാക്കാൻ ആർക്കാവും?
38
എനിക്കു നിങ്ങളെ മനസ്സിലാവുന്നില്ല. അത്രയ്ക്കു ഞാൻ മാറിപ്പോയി.
39
പുരുഷന്റെ മുഖം അയാളുടെ ആത്മകഥയായിരിക്കും; സ്ത്രീയുടേതാകട്ടെ, അവളെഴുതിയ കഥയും.
40
യഥാർഥ സുഹൃത്ത് മുന്നിൽനിന്നേ കുത്തു.