ഓണം
മലയാളികളുടെ ദേശീയോൽസവം
ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.
ചൊല്ലുകൾ
തിരുത്തുക- അത്തം പത്തിന് പൊന്നോണം.
- അത്തം പിറന്ന് പത്താം ദിനമാണ് തിരുവോണമെന്ന് ധ്വനിപ്പിക്കുന്നു.
- അത്തം പത്തോണം.
- ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ പത്തു നാൾ ഓണം എന്നും അത്തംതൊട്ട് പത്താം നാൾ തിരുവോണം എന്നും സൂചിപ്പിക്കുന്നു.
- അത്തം വെളുത്താൽ ഓണം കറുക്കും.
- അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ.
- അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
- ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
- ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.
- ഉത്രാടം ഉച്ചകഴുയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ബഹളം തുടങ്ങും. ഇതിൽ വീട്ടിലെ സ്ത്രീജനങ്ങളാണ് കഷ്ടപ്പെടുന്നതെന്ന് ധ്വനിപ്പിക്കുന്നു.
- ഉള്ളതുകൊണ്ട് ഓണം പോലെ.
- ഉള്ളവ കൊണ്ട് പരമാവധി നല്ലതായി കഴിയുക / കാര്യം സാധിക്കുക.
- ഉറുമ്പു ഓണം കരുതും പോലെ.
- ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും.
- ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
- ഓണം കേറാമൂല.
- പരിഷ്കാരങ്ങൾ എത്തിനോക്കാത്ത സ്ഥലം.
- ഓണം പോലെയാണോ തിരുവാതിര?
- ഓണം മുഴക്കോലുപോലെ.
- ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
- ഓണം വരാനൊരു മൂലം വേണം.
- ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
- ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
- ഓണത്തിനല്ലയൊ ഓണപ്പുടവ.
- ഓണത്തേക്കാൾ വലിയ വാവില്ല.
- ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.
- കാണം വിറ്റും ഓണമുണ്ണണം.
- ഓണത്തിന് പ്രജകളെ കാണാൻ മഹാബലിയെത്തുമ്പോൾ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദർശിക്കരുതെന്ന് മലയാളികൾ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങൾക്കുമവധി കൊടുത്ത്, മലയാളികൾ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പ്രയോഗത്തിന്റെ അടിസ്ഥാന വികാരവുമിതാണ്. കെട്ടുതാലി വിറ്റായാലും ഓണത്തിന് സമൃദ്ധിയായി ഭക്ഷണം കഴിക്കണം.
- തിരുവോണം തിരുതകൃതി.
- തിരുവോണത്തിനില്ലാത്തത് തിരുവാതിരയ്ക്ക്.