ആൽബർട്ട് കാമ്യു (ജനനം - 1913 നവംബർ 7, മരണം - 1960 ജനുവരി 4) പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമാണ്.


എന്റെ പിന്നാലെ നടക്കരുത്; ഞാൻ വഴി കാട്ടിയെന്നു വരില്ല. എന്റെ മുന്നിൽ നടക്കരുത്; ഞാൻ പിന്തുടർന്നുവെന്നു വരില്ല. എന്റെ അരികിൽ നടക്കൂ, എന്റെ സ്നേഹിതനാവൂ.

1. പ്രകൃതിക്കു നാം പുറം തിരിഞ്ഞു നിൽക്കുന്നു; സൗന്ദര്യത്തെ നേരെ നോക്കാൻ ലജ്ജയാണു നമുക്ക്. നമ്മുടെ പരിതാപകരമായ ദുരന്തങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നത് ഓഫീസിന്റെ മണമാണ്‌; അതിൽ നിന്നിറ്റു വീഴുന്ന ചോരയുടെ നിറമോ, അച്ചടിമഷിയുടേതും.


2. ഹേമന്തത്തിന്റെ മൂർദ്ധന്യത്തിൽ ഞാനറിഞ്ഞു, എന്റെയുള്ളിലുണ്ട് അജയ്യമായൊരു ഹേമന്തമെന്ന്.


3. നമുക്കു ചുറ്റുമുള്ള സർവതിന്റെയും അസംബന്ധസ്വഭാവം അംഗീകരിക്കുക എന്നത് ആദ്യത്തെ ചുവടുവയ്പ്പാണ്‌, അനിവാര്യമായ അനുഭവം. അവിടെ പക്ഷേ വഴി മുട്ടി നിൽക്കുകയുമരുത്. ഫലപ്രദമാകാവുന്നൊരു കലാപം അവിടെ നിന്നു തുടങ്ങണം.


4. ഇലകൾ പൂവുകളാവുന്ന രണ്ടാംവസന്തമാണ്‌, ശരൽക്കാലം.


5. എന്തു കഷ്ടം, ഒരു പ്രായം കഴിഞ്ഞാൽ സ്വന്തം മുഖത്തിനുത്തരവാദിയാവുകയാണ്‌ സകലരും.


6. ഏകാകിയ്ക്ക്, ദൈവമോ യജമാനനോ ഇല്ലാത്തവന്‌ ദിവസങ്ങളുടെ ഭാരം കഠിനം തന്നെ.


7. സഹജീവനത്തിനു മറുമരുന്നായി ഞാൻ നിർദ്ദേശിക്കുക, ഒരു വൻനഗരത്തെയാണ്‌. നമുക്കു വരുതിയിലുള്ളൊരു മരുഭൂമി അതേയുള്ളു.


8. വളയുന്ന ഹൃദയങ്ങൾ ഭാഗ്യം ചെയ്തവയാണ്‌; ഒരിക്കലും അവ തകരില്ല.


9. ഒരു മനുഷ്യനും അയാൾ നയിക്കുന്ന ജീവിതവും തമ്മിലുള്ള പൊരുത്തത്തെയല്ലാതെ മറ്റെന്തിനെയാണു നാം ആനന്ദം എന്നു വിളിക്കുക?


10. എന്റെ പിന്നാലെ നടക്കരുത്; ഞാൻ വഴി കാട്ടിയെന്നു വരില്ല. എന്റെ മുന്നിൽ നടക്കരുത്; ഞാൻ പിന്തുടർന്നുവെന്നു വരില്ല. എന്റെ അരികിൽ നടക്കൂ, എന്റെ സ്നേഹിതനാവൂ.


11. ജീവിതത്തോടൊരു പാപം ചെയ്യാനുണ്ടെങ്കിൽ, അതു ജീവിതത്തെയോർത്തു നിരാശപ്പെടുന്നതിലല്ല, മറിച്ച്, മറ്റൊരു ജീവിതത്തിനായി മോഹിക്കുകയും, ഈ ജീവിതത്തിന്റെ ചാരുതകളെ കാണാതെ പോവുകയും ചെയ്യുന്നതിലാണ്‌.


12. അല്പം കൂടി നന്നാവാനുള്ള അവസരമെന്നേ സ്വാതന്ത്ര്യത്തിനർത്ഥമുള്ളു.


13. മനുഷ്യാവസ്ഥയെക്കുറിച്ചു നിരാശപ്പെടുന്നവൻ ഭീരു തന്നെ; അതിൽ മോഹം കൊള്ളുന്നവൻ വിഡ്ഢിയും.


14. ഒരു ചുമതലയേ എനിക്കറിയൂ, സ്നേഹിക്കുക എന്നത്.


15. ലോകത്തെ മനസ്സിലാക്കണമെങ്കിൽ ഇടയ്ക്കൊക്കെ നിങ്ങൾ അതിൽ നിന്നു മാറിപ്പോവുകയും വേണം.


16. താനെന്താണോ, അതാവില്ലെന്നു ശഠിക്കുന്ന ഒരേയൊരു ജീവിയാണു മനുഷ്യൻ.


17. ഭീതിയിലധിഷ്ഠിതമായ ആദരവിനെക്കാൾ വെറുക്കത്തക്കതായി മറ്റൊന്നുമില്ല.


18. ചിലർ ഉറക്കത്തിൽ സംസാരിക്കും. പ്രസംഗകർ സംസാരിക്കുന്നത് മറ്റുള്ളവർ ഉറങ്ങുമ്പോഴാണ്‌..


19. സ്നേഹിക്കുക എന്നാൽ താൻ സ്നേഹിക്കുന്നയാളെ ഷണ്ഡനാക്കുക എന്നുതന്നെ.


20. ഉല്പാദനത്തെ ആധാരമാക്കിയുള്ള സമൂഹം ഉല്പാദിപ്പിക്കുമെന്നേയുള്ളു, സൃഷ്ടിക്കുകയില്ല.


30. വ്യക്തമായിട്ടെഴുതുന്നവർക്കു വായനക്കാരുണ്ടാവും, ദുർഗ്രഹമായിട്ടെഴുതുന്നവർക്കു വ്യാഖ്യാതാക്കളും.


31. യുദ്ധം ജീവിക്കുന്നതെവിടെയാണെന്ന്, എന്താണ്‌ അതിനെ ഇത്ര ദുഷ്ടമാക്കുന്നതെന്ന് ഒരിക്കൽ നാം ചോദിച്ചിരുന്നു. അതു ജീവിക്കുന്നതെവിടെയാണെന്ന് ഇന്നു നമുക്കു മനസ്സിലായിരിക്കുന്നു...നമ്മുടെ

ഉള്ളിൽത്തന്നെ.


32. ആരാണു കലാപകാരി? ഇല്ല എന്നു പറയുന്നവൻ.


33. എല്ലാ വൈരുദ്ധ്യങ്ങളെയും അടിച്ചമർത്തിക്കൊണ്ടേ കേവലനീതി കൈവരിക്കാനാവൂ; അതിനാൽ സ്വാതന്ത്ര്യത്തിനെതിരുമാണത്.


34. ഈ ഭുമിയിൽ സ്വർഗ്ഗത്തെക്കുറിച്ചു നാമെന്തെങ്കിലും അറിയുന്നുണ്ടെങ്കിൽ അതു സ്ത്രീകളിലൂടെ മാത്രം.


35. അമ്മ ഇന്നലെ മരിച്ചു. അതോ ഇന്നലെയോ? എനിക്കു തീർച്ച വരുന്നില്ല.


36. നാമൊക്കെ മരിക്കാൻ പോവുകയാണെന്നിരിക്കെ, എന്ന്, എങ്ങനെ എന്നുള്ളതൊന്നും കാര്യമാക്കാനുമില്ല.


37. അല്പനേരമേ എനിക്കു ശേഷിച്ചിരുന്നുള്ളു, അതു ദൈവത്തിന്റെ പേരിൽ പാഴാക്കാൻ എനിക്കു താല്പര്യവുമുണ്ടായില്ല.


38. അമ്മ പറയാറുണ്ടായിരുന്നു, സന്തോഷിക്കാൻ എന്തെങ്കിലുമൊന്നുണ്ടാവുമെന്ന്.


39. ഇനിയുമെന്തിനു പൊന്തയിൽ തല്ലുന്നു? എനിക്കു ജീവിതത്തെ സ്നേഹമാണ്‌; അതാണെന്റെ ശരിക്കുള്ള ദൗർബല്യവും.


40. കുറ്റവും ശിക്ഷയും സൃഷ്ടിക്കാൻ ദൈവം വേണമെന്നില്ല. അതിനു നമ്മുടെ സഹജീവികൾ തന്നെ മതി; നമ്മുടെ സഹായവും.


41. അന്ത്യവിധിക്കു വേണ്ടി കാത്തിരിക്കുകയൊന്നും വേണ്ട; നിത്യവും നടക്കുന്നതാണത്.

കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ആൽബർട്ട്_കാമ്യു&oldid=14396" എന്ന താളിൽനിന്ന് ശേഖരിച്ചത്