<<< കൂടുതൽ നാടൻ പാട്ടുകൾ


ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേർന്നൊരു കുളവും വേണം

കുളിപ്പാനായ്‌ കുളം വേണം കുളത്തിൽ ചെന്താമര വേണം

കുളിച്ചുചെന്നകം പൂകാൻ ചന്ദനം വേണം

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേർന്നൊരു കുളവും വേണം

പൂവായാൽ മണം വേണം പുമാനായാൽ ഗുണം വേണം

പൂമാനിനിമാർകളായാൽ അടക്കം വേണം

നാടായാൽ നൃപൻ വേണം അരികെ മന്ത്രിമാർ വേണം

നാട്ടിന്നു ഗുണമുള്ള പ്രജകൾ വേണം

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേർന്നൊരു കുളവും വേണം

യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ

ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്മണൻ നല്ലൂ

പടയ്ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ

പറക്കുന്ന പക്ഷികളിൽ ഗരുഡൻ നല്ലൂ

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേർന്നൊരു കുളവും വേണം

മങ്ങാട്ടച്ചനു ന്യായം നല്ലൂ മംഗല്യത്തിനു സ്വർണ്ണം നല്ലൂ

മങ്ങാതിരിപ്പാൻ നിലവിളക്കു നല്ലൂ

പാല്യത്തച്ചനുപായം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ

പാരാതിരിപ്പാൻ ചില പദവി നല്ലൂ

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേർന്നൊരു കുളവും വേണം


<<< കൂടുതൽ നാടൻ പാട്ടുകൾ

"https://ml.wikiquote.org/w/index.php?title=ആലായാൽ_തറ_വേണം&oldid=6760" എന്ന താളിൽനിന്ന് ശേഖരിച്ചത്