ആറാം തമ്പുരാൻ

മലയാള ചലച്ചിത്രം

1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആറാം തമ്പുരാൻ.

സംവിധാനം: ഷാജി കൈലാസ്. രചന: രഞ്ജിത്ത്.

ജഗന്നാഥൻ തിരുത്തുക

  • ശംഭോ മഹാദേവാ.
  • മോളൂ, ഈ ബോംബെ എന്ന് കേട്ടിട്ടുണ്ടോ? ബോംബെ? ഇപ്പോ മുംബൈ എന്ന് പറയും. അവിടത്തെ ചേരികൾ, സ്ലംസ്, ലോകപ്രസിദ്ധാ. മോഷ്ടാക്കളും പിടിച്ചു പറിക്കാരും ഗുണ്ടകളും കൊള്ളക്കാരും ഒക്കെയുള്ള ധാരാവിയിലെ ഒരു ചേരി, ഈ ഞാൻ ഒരൊറ്റ രാത്രികൊണ്ട്‌ ഒഴിപ്പിച്ചിട്ടുണ്ട്. ഒരൊറ്റ രാത്രികൊണ്ട്‌. ആ എന്നെ സംബന്ധിച്ചിടത്തോളം കുട്ടിയെയും കാർന്നവരെയും ഇറക്കിവിട്കാ എന്ന് പറയുന്നത്, പൂ പറിക്കുന്ന പോലുള്ള ഈസിയായുള്ള ഒരു ജോലിയാണ്.
  • ഏയ്, എന്നല്ല. പൊളിക്കണം. അതിപ്പോ എങ്ങനെ വേണന്നാണ്. ബോംബ് വച്ച് തകർത്താലോ എന്നൊരു ആലോചന വരണണ്ട്. ഇപ്പഴത്തെ ലേബർ ചാർജ് ഭയങ്കരല്ലേ? ബോംബാണെങ്കിൽ ഈസിയാണ്. മലപ്പുറത്ത് സാധനം കിട്ടും. വേറൊരു ഐഡിയ, പുരയ്ക്കു തീകൊടുത്താലോന്ന്. അപ്പോ കത്തുന്ന പുരയിൽ നിന്ന് കഴുക്കോലൂരുക, പുര കത്തുമ്പോൾ വാഴ നടുക എന്നീ കലാപരിപാടികൾ പൊതുജനങ്ങൾക്കായി കാഴ്ചവയ്ക്കാം. അല്ല, വേറെ സജഷൻസ് വല്ലോം ഉണ്ടെങ്കിൽ പറയാം.
  • ആകാശത്തിനു ചുവട്ടിലെ ഏതു മണ്ണും നാടും ജഗന്നാഥനു സമമാണ്. പിന്നിൽ നിന്നും മുന്നിൽ നിന്നും ഒരു തുണയുടെ ബലം എനിക്ക് ആവശ്യം വരില്ല. തകർക്കാൻ എന്തും എളുപ്പമാണ്, കെട്ടിയുയർത്താനാണു പാട്. ഒന്നും തകർക്കാൻ എന്നെ വല്ലാതെ പ്രേരിപ്പിക്കരുത്. അതാർക്കും നന്നാവില്ല. ഒരറ്റത്തു നിന്ന് പൊളിക്കാൻ തുടങ്ങിയാൽ, ഞാൻ നിർത്തില്ല. പൊളിച്ചടുക്കും പലതും. എന്റെ ഉള്ളിൽ ഞാൻ തന്നെ ചങ്ങലക്കിട്ടു കിടത്തിയ മറ്റൊരു ജഗന്നാഥനുണ്ട്. മുറിവേറ്റ മൃഗം. അതിനെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കരുത്. ശ്രമിക്കുന്നത്, അവരവരുടെ കുഴി കുത്തലായി തീരും. ആജ്ഞകളുടെ വാറോലകളുമായി ഇനിയാരും പുഴ കടന്ന് കണിമംഗലത്തേക്കു വരണമെന്നില്ല. മനസ്സിലായെങ്കിൽ പോവാം.
  • സംഗീതം. അറിയും തോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണിക്കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു. എന്താ? ഗ്വാളിയറിലേക്കു വച്ചുപിടിക്കാൻ. എന്തിനാ? ഹിന്ദുസ്താനി സംഗീതം പഠിക്കണം. ഗ്വാളിയർ ഘരാനാ മാജിക് പീക്കോക്കിനെ കുറിച്ചറിയാൻ ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിൽ. ഉസ്താദ് ബാദുഷാ ഖാൻ. മൂപ്പരു നല്ല ഫിറ്റാ. എന്താ സംഭവം? നല്ല എ ക്ലാസ്സ് ഭാംഗ്. ആവശ്യം അറിയിച്ചു. ദക്ഷിണ വയ്ക്കാൻ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടക്കീശയിൽ എന്താ ഉള്ളത്? ഒന്നുമില്ല. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച അമ്മയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ദർബാർ രാഗത്തിൽ ഒരു സാധനങ്ങട് അലക്കി. പാടി മുഴുവിക്കാൻ വിട്ടില്ല. ഇങ്ങനങ്ങോട്ട് ചേർത്തങ്ങട് പിടിച്ചു. ഉസ്താദ് ഫ്ലാറ്റ്. പിന്നെ ഹൃദയത്തിൽ സംഗീതവും സിരകളിൽ ഭാംഗുമായി കാലം ഒരുപാട്. ഒടുവിൽ ഒരുനാൾ ഗുരുവിന്റെ ഖബറിൽ ഒരുപിടി പച്ചമണ്ണ് വാരിയിട്ട് യാത്ര തുടർന്നു. ഇന്നും തീരാത്ത പ്രവാസം. സഫറോൻ കി സിന്ദഗീ ജോ കഭി നഹി ഖതം ഹോ ജാത്തി ഹേ. ശംഭോ മഹാദേവാ.
  • ചോദ്യം നമ്പർ ഒന്ന് ഞാനാരാണെന്ന്...ഉത്തരമില്ല തമ്പുരാൻ. മനുഷ്യൻ മഹാജ്ഞാനത്തിന്റെ കൈലാസം കയറുമ്പോഴും അവന്റെ ഉള്ളിൽ ഉത്തരം കിട്ടാതെ മുഴങ്ങുന്ന ചോദ്യം. ബുദ്ധനും ശങ്കരനും, അവരും തേടിയതും ഇതേ ചോദ്യത്തിനുത്തരം. ഞാൻ ആര്? അവരും അറിഞ്ഞില്ല. അതിനുത്തരം തേടാനുള്ള നിയോഗമാണ് തമ്പുരാൻ ഓരോ മനുഷ്യജന്മത്തിന്റെയും.
  • കൈ വിട്ട ആയുധം, വാ വിട്ട വാക്ക്. രണ്ടും തിരിച്ചെടുക്കാനാവില്ല. ഓർക്കണം, ഓർത്താൽ നന്ന്.
  • തമ്പുരാൻ എന്ന് വിളിച്ച അതേ നാവുകൊണ്ട് തന്നെ ചെറ്റേ എന്ന് വിളിക്കേണ്ടി വന്നതിൽ മനസ്പാതമുണ്ട്. എടോ, അപ്പൻ എന്ന് പേരുള്ള തേർഡ് റേറ്റ് ചെറ്റേ, താനാരാടോ? നാട്ടുരാജാവോ? തന്റെ ഈ കളരിയും മർമ്മവിദ്യയും തരികിട നമ്പറുമെല്ലാം ചെലവാവും, ഇവിടത്തെ ഈ പാവം ജനങ്ങളുടെയടുത്ത്. ഇത് ആള് വേറെയാ. കളി ഒരുപാട് കണ്ടവനാ ഞാൻ. കൊടിയേറ്റ് നടത്തിയെങ്കിൽ ഉത്സവം ജഗന്നാഥൻ നടത്തും. തന്റെ അറയിലോ അപ്പൂപ്പന്റെ കുഴിമാടത്തിന്നുള്ളിലോ വച്ചിട്ടുള്ള തിരുവാഭരണത്തിന്റെ ആമാടപ്പെട്ടി താൻ കൊണ്ടുവന്നു തരും. പുഴക്കരയിലെ വട്ടത്തറയിൽ ഞാൻ തന്നെ വരുത്തും. ഇതിനിടയിൽ അറിയാവുന്ന നാറിയ കളികളെല്ലാം താൻ കളിക്കുമെന്നെനിക്കറിയാം. പക്ഷേ മറക്കണ്ട... ഒന്നും നടന്നില്ലെങ്കിൽ തന്നെ പച്ചയ്ക്ക് കൊളുത്തിയിട്ടേ ജഗന്നാഥൻ ഈ മണ്ണ് വിട്ട് പോകൂ.

സംഭാഷണങ്ങൾ തിരുത്തുക

ജഗന്നാഥൻ: ഇതെന്താണ്? കാവിലെ ഭഗവതി നേരിട്ടു പ്രത്യക്ഷപ്പെട്ടതാണോ?
ഉണ്ണിമായ: അതെ. അല്ലെന്നു തോന്നാൻ മാഷ്ക്ക് ഭഗവതിയെ മുൻപ് കണ്ട പരിചയോന്നുമില്ലല്ലോ. ഉവ്വോ ?
ജഗന്നാഥൻ: സത്യം. അഴിഞ്ഞു വീണ കേശഭാരം, വാക്കിലും നടപ്പിലും അനുഭവപ്പെടുന്ന ദൈവീകത എന്നൊക്കെ പറയണങ്കിലേ കണ്ണുപൊട്ടനായിരിക്കണം കാണുന്നവൻ. ഇത് ഒരു മാതിരി വെള്ളരിക്കണ്ടത്തിലെ കണ്ണേറ് കോലം പോലെ. കോലോത്തെ അടിച്ചു തളിക്കാര്യാ ?
ഉണ്ണിമായ: ഈ ചുറ്റമ്പലത്തിന്റെ ഉള്ളിലായതു കൊണ്ട് ഇതിനുള്ള മറുപടി ഉണ്ണിമായ പറയണില്ല്യ. കോലോത്തെ തമ്പുരാട്ട്യാടോ, മാഷേ.
ജഗന്നാഥൻ: അതാരാ ടീച്ചറേ ഈ ഞാനറിയാത്തൊരു തമ്പുരാട്ടി ?
ഉണ്ണിമായ: ഈ ഞാൻ ആരാണാവോ ?
ജഗന്നാഥൻ: തമ്പുരാൻ. കണിമംഗലം കോലോത്തെ ജഗന്നാഥൻ തമ്പുരാൻ.
ഉണ്ണിമായ: തമ്പുരാൻ. കണ്ടാലും പറയും. കോലോം വാങ്ങിയ ആൾടെ വാല്യക്കാരനാ ? ആവും. മൂർത്ത്യേക്കാൾ വല്യ ശാന്തിള്ള കാലാ. വഴീന്ന് മാറ്വാ. തമ്പുരാൻ. അതേ കോലോം വാങ്ങിച്ച മാഷ്‌ടെ മുതലാളി വന്ന്ട്ട്ണ്ടെങ്കിലെ എനിക്കൊന്ന് കാണണം ന്ന് പറയൂ.
ജഗന്നാഥൻ: അഹങ്കാരത്തിന്‌ കയ്യും കാലും വെക്ക്യ. എന്നിട്ട് പെണ്ണെന്ന് പേരും. നിനക്ക് ഞാൻ വെച്ചിട്ട്ണ്ട്ടീ, കുറുമ്പത്തീ.
ഉണ്ണിമായ: എന്ത് ?
ജഗന്നാഥൻ: ശംഭോ മഹാദേവാ ന്ന്.

അഭിനേതാക്കൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ആറാം_തമ്പുരാൻ&oldid=18604" എന്ന താളിൽനിന്ന് ശേഖരിച്ചത്