അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്

ഒരു ആശാരിയുടെ വളർത്തുനായ മുറ്റത്ത് ഉണക്കാനിട്ട അരി തിന്നുവെന്നും അതിനെ ആട്ടിയോടിച്ച ആശാരിയുടെ ഭാര്യയെ ധിക്കാരപൂർവ്വം കടിച്ചുവെന്നും അതിനെ പിടിച്ചു കെട്ടുവാൻ വന്ന ഉടമയായ ആശാരിക്ക് നേരെ വീണ്ടും മുരണ്ടു ചെല്ലുന്ന ഒരു നന്ദിയില്ലാത്ത ഒരു വളർത്തുമൃഗത്തെയാണ് ഈ പഴഞ്ചൊല്ല് കൊണ്ട് പഴമക്കാർ നമുക്കു മുമ്പിൽ ചിത്രീകരിക്കുന്നത്.

  എന്തുകൊണ്ടും അയോഗ്യരായ ചിലർ അവർക്കു ലഭിച്ച അവസരങ്ങളും ആനുകൂല്യങ്ങളും അഗണ്യമാക്കി കരുതി വീണ്ടും കൃതഘ്നരായി തങ്ങൾക്ക് കരുണ കാണിച്ചവരെ വിമർശിക്കയും ഉപദ്രവിക്കയും, ദൂഷണം പറയുകയും ചെയ്യുന്നതിനെയാണ് ഈ പഴഞ്ചൊല്ല് കൊണ്ട് ഉദ്ദേശിക്കുന്നത്. തന്റെ തൊണ്ടയിൽ കുരുങ്ങിയ മുള്ള് എടുത്തുകൊടുത്ത കൊറ്റിയെ അവഗണിച്ച ഇസോപ്പ് കഥയിലെ കുറുക്കാനാണ് ഇതിനു തക്കതായ ഒരു ഉദാഹരണമായി എനിക്കു ഓർമ്മയിൽ വരുന്നത്.