എന്റെ തീ കെട്ടെന്നു ഞാൻ കരുതി, ചാമ്പലിളക്കി നോക്കി ഞാൻ; കൈ പൊള്ളിയതങ്ങനെ.
പാതിനേരേ നിങ്ങൾ പറഞ്ഞുള്ളൂ? മറ്റേപ്പാതി കൂടി പറഞ്ഞാൽ നിങ്ങൾ രണ്ടുതവണ കള്ളം പറഞ്ഞുവെന്നേ ആൾക്കാർ പറയൂ.
യേശു പഠിപ്പിച്ചത്: നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക; അന്യനാണയാളെന്നതു മറക്കുകയും വേണ്ട.
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട; ശരിതന്നെ, അതുപക്ഷേ നിങ്ങൾക്കു താടി വടിക്കാനല്ല, മുടി കറുപ്പിക്കാനുമല്ല.
യേശുവിനെ ഞാൻ സ്നേഹിക്കുന്നു, അവൻ നമ്മോടു പറഞ്ഞുവല്ലോ- ഭൂമിയുമാകാശവും നശിക്കും; ഭൂമിയുമാകാശവും നശിച്ചാലും എന്റെ വചനം ബാക്കിനിൽക്കും. എന്തായിരുന്നാ വചനം, എന്നേശുവേ? സ്നേഹം,മമത,ക്ഷമാശീലം? നിന്നാകെവചനങ്ങൾ ഒരേകവചനമായിരുന്നു- ഉത്തിഷ്ഠത!
കടലിലേശാത്ത കാര്യങ്ങൾ നാലുണ്ട് മനുഷ്യർക്ക്- നങ്കൂരം,പങ്കായം,തുഴകൾ മുങ്ങിച്ചാവുമെന്ന പേടിയും.
മുറുകെപ്പിടിച്ചോളൂ നിന്റെ കൈയിലെ നാണയം, കൊടുത്തില്ലെങ്കിൽ നഷ്ടമാകും പക്ഷേ, നിന്റെയാത്മാവെന്ന നാണയം.
വഴി നടക്കുന്നവനേ, വഴിയെന്നതില്ല, നടന്നു വേണം വഴിയാകാൻ;
അങ്ങനെയൊരാളാണു ഞാൻ. ശോകം കനത്തൊരു മദ്യപൻ, ഒരു വിഭ്രാന്തഗായകൻ, കവി, സ്വപ്നങ്ങളിൽ തന്നെ മറന്നൊരു പാവം, മൂടൽമഞ്ഞിനുള്ളിൽ ദൈവത്തെത്തിരഞ്ഞു നടക്കുന്നവൻ.
പറക്കൂ, സായാഹ്നത്തിലേക്കു പറക്കൂ, കവേ, നിന്റെ ഹൃദയം പിഴിഞ്ഞു കയ്ക്കുന്ന ചാറെടുക്കൂ, നിഴലടഞ്ഞ വായുവിലേക്കു തട്ടിയെറിയൂ, നിന്റെ സ്വപ്നത്തിന്റെ കലുഷചഷകം.