അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല

അങ്ങാടിയിൽ സാധാരണ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾ ഒരിക്കലും ഒരു മനുഷ്യൻ പണിതിട്ട തൊഴുത്തിൽ അഥവാ ആലയിൽ ജീവിക്കുവാൻ ഇഷ്ടപ്പെടുകയില്ല എന്നാണ് ഇതിന്റെ അക്ഷരാർത്ഥം. എന്നാൽ ഇതുകൊണ്ട് പഴമക്കാർ ഉദ്ദേശിക്കുന്നത്, ആർക്കും ഉപകാരപ്പെടാതെ സമൂഹത്തിൽ മടിയന്മാരായി, അഥവാ ഉദാസീനരായി വഴക്കാളികളായും ഏഷണിക്കാരായും നടക്കുന്നവർ ഒരിക്കലും അച്ചടക്കത്തോടെ ഒരു ജോലിയിലും സ്ഥിരമായി നിൽക്കുകയില്ല എന്നാണ്. അതുപോലെ തന്നെ അന്യ പുരുഷന്മാരുമായി അനാശാസ്യം ചെയ്യുന്ന സ്ത്രീകൾ വിവാഹിതരായി ഒരു കുടുംബത്തിൽ വാഴുകയില്ല എന്നും, അന്യ സ്ത്രീകളുമായി അവിഹിതം ഇഷ്ടപ്പെടുന്ന പുരുഷന്മാർ ഉത്തമഭാര്യയുടെ ഭർത്താവായി ജീവിക്കുകയുമില്ല എന്നും ഇതിനു അർത്ഥം കൊടുക്കാം. വീട് വിട്ട് ഓടി പോകുന്ന ചില ബാലികാ ബാലന്മാരെയും ഈ പഴഞ്ചൊല്ല് കൊണ്ട് വിശേഷിപ്പിക്കാം. ചുരുക്കമായി പറഞ്ഞാൽ, ജീവിതത്തിൽ അച്ചടക്കവും മര്യാദയും ആയി ജീവിക്കുന്നവരക്കേ ഒരു ഉത്തമ മനുഷ്യനായി വളരുവാൻ കഴിയൂ എന്നു സാരം.