അക്ക മഹാദേവി
ശിവഭക്തയായ കന്നഡ കവയിത്രിയായിരുന്നു അക്ക മഹാദേവി. എ.ഡി. 12-ആം ശതകത്തിലാണ് ജീവിച്ചിരുന്നതെന്ന് ഗവേഷകർ കരുതുന്നു.
അക്ക മഹാദേവിയുടെ വചനങ്ങൾ
തിരുത്തുക1
- നാണം മറച്ച തുണിയൊന്നു മാറുമ്പോൾ
- ആണും പെണ്ണും നാണിച്ചുചൂളുന്നു.
- ജീവന്മാർക്കു നാഥൻ തന്നെ ലോകം നിറയുമ്പോൾ
- എവിടെ നിങ്ങളുടെ ലജ്ജയ്ക്കിരിപ്പിടം?
- ലോകം തന്നെ അവനു കണ്ണായിരിക്കെ
- എവിടെപ്പോയി നിങ്ങളൊളിയ്ക്കും?
2
- തെണ്ടിക്കിട്ടിയ വറ്റുണ്ട് വിശപ്പിന്,
- ചിറയും ചോലയും കിണറുമുണ്ട് ദാഹത്തിന്,
- പൊളിഞ്ഞ കോവിലുകളുണ്ടുറക്കത്തിന്,
- ആത്മാവിനിണയായി നീയുമുണ്ടേ,
- മുല്ലപ്പൂ പോലെ വെളുത്ത ദേവാ.
3
- ആണുങ്ങളെ പെണ്ണുങ്ങളാക്കുന്ന
- വീരനെ കണ്ടു ഞാൻ.
- ശക്തിയോടൊത്തു നൃത്തം വയ്ക്കുന്നവൻ,
- ലോകങ്ങൾക്കാദിനാഥൻ,
- അവന്റെ നില കണ്ടെനിക്കു
- ജീവനുണ്ടെന്നുമായി.
4
- മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
- രാവും പകലും നിന്നെയോർത്തു പനിച്ചു ഞാൻ.
- നിന്റെ പ്രണയമെന്നിൽക്കുരുത്തതിൽപ്പിന്നെ
- മറന്നു ഞാൻ വിശപ്പും ദാഹവുമുറക്കവും.
- ഇടയിട്ടു ക്രമീകരിച്ച വരി
5
- ഇലയ്ക്കടിയിലെ മുള്ളുകൾ
- അന്യപുരുഷന്മാർ.
- അവരെത്തൊടില്ല ഞാൻ,
- അവരോടടുക്കില്ല ഞാൻ,
- അവരോടു മിണ്ടുകയുമില്ല ഞാൻ.
- മാറത്തവർക്കു മുള്ളുകളാണമ്മേ,
- അവരെപ്പുണരാൻ വയ്യെനിക്കമ്മേ.
- മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
- എനിക്കൊരു പുരുഷനവൻ.
6
- കായ പറിച്ച മരത്തിൽ നിന്നു പിന്നെ
- ആരില പൊട്ടിച്ചാലെന്ത്?
- വേണ്ടെന്നു വെച്ച പെണ്ണിനെ പിന്നെ
- ആരു കൂടെക്കിടത്തിയാലെന്ത്?
- വിട്ടുപോന്ന വയലിൽ പിന്നെ
- ആരു കൊഴുവിറക്കിയാലെന്ത്?
- എന്റെ നാഥനെ അറിഞ്ഞ ഈയുടൽ പിന്നെ
- നായ തിന്നാലെന്ത്, പുഴയിലഴുകിയാലെന്ത്?
7
- സ്വന്തം ശ്വാസത്തിലുണ്ടു സുഗന്ധമെങ്കിൽ
- ആർക്കു വേണം പൂക്കൾ?
- ക്ഷമയും ശാന്തിയും ആത്മാനുശാസനവും സ്വന്തമെങ്കിൽ
- ആർക്കു വേണം സമാധി?
- തന്നിൽത്തന്നെ ലോകമടങ്ങുമെങ്കിൽ
- ആർക്കു വേണമേകാന്തത?
8
- ഉടുത്ത പഴന്തുണിയോരോന്നുമുരിഞ്ഞെടുക്കാം,
- മറയ്ക്കുന്ന നഗ്നതയെങ്ങനെയുരിഞ്ഞെടുക്കാൻ?
- മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
- അവന്റെ പുലർവെളിച്ചം വാരിച്ചുറ്റിയ പെണ്ണിനു നാണമില്ല,
- അവൾക്കു വേണ്ട മൂഢരേ, പട്ടും മാലയും.
9
- നീട്ടിപ്പിടിച്ച കൈയുമായി വീടുവീടായിത്തെണ്ടട്ടെ ഞാൻ,
- എത്രയിരന്നാലുമാരുമൊന്നും തരാതെയും പോകട്ടെ,
- കിട്ടിയാലതു മണ്ണിൽ, പൊടിയിൽ വീണുപോകട്ടെ,
- വീണതു കുനിഞ്ഞെടുക്കും മുമ്പേയതു നായ കപ്പിയെടുക്കട്ടെ.
10
- മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
- അവനാണെനിക്കു മണവാളൻ.
- ഈ ഭർത്താക്കന്മാരെയെനിക്കു വേണ്ട,
- ചാവുന്നവർ, ചീയുന്നവർ,
- നിങ്ങൾക്കടുപ്പിലെ വിറകാവട്ടെയവരമ്മേ.
11
- പാലിൽ വെള്ളം പോലെ നീ:
- ഏതേതെന്നെനിയ്ക്കറിയില്ല.
- ഏതു മുമ്പേ,തു പിമ്പെന്നുമറിയില്ല,
- ആരുടയവൻ, ആരടിയാനെന്നറിയില്ല.
- സ്നേഹത്തോടെ നിന്നെസ്തുതിച്ചാൽ
- ഉറുമ്പും രുദ്രനാവില്ലേ,
- മുല്ലപ്പൂ പോലെ വെളുത്ത ദേവാ?
12
- വാരിക്കുഴിയിൽ വീണ കൊമ്പൻ
- താനലഞ്ഞ കാടുകളോർക്കുമ്പോലെ ഞാനോർക്കുന്നു.
13
- മച്ചിയ്ക്കു പേറ്റുനോവറിയുമോ?
- ചിറ്റമ്മയ്ക്കു വാത്സല്യമറിയുമോ?
- മുറിയാത്തവനു നോവറിയുമോ?
- മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
- നിന്റെ വാളുടലിലാഴ്ന്നു ഞാൻ പിടയുന്നു.
- അമ്മമാരേ, നിങ്ങളെന്തറിയാൻ?
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകhttp://www.madhusreedutta.com/film3.htm
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്